നവി മുംബൈ: ചില സംഗീത വേദികളിൽ ഉയരുന്നത് ഗാനവീചികൾ മാത്രമല്ല; ചിലരുടെ മോഹങ്ങൾക്ക് പുതിയ പ്രതീക്ഷയും ജീവിതത്തിന് പുതുവഴികളും അവ പകരും. ന്യൂ ബോംബെ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച “സ്വരരാഗം” സംഗീതസന്ധ്യ അത്തരമൊരു അനുഭവമായി മാറി. സ്വര മാധുര്യം നിറഞ്ഞ സംഗീത സായാഹ്നത്തിൽ ഏറ്റവും കൂടുതൽ കൈയടി നേടിയത് ഒരു ബാലഗായകന്റെ ആലാപനത്തിനും അതിലുപരി അവന്റെ ജീവിത പോരാട്ടത്തിനുമായിരുന്നു.
കോപ്പർഖൈർണെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറിയ സംഗീതസന്ധ്യയിൽ പ്രശസ്ത സംഗീതജ്ഞരും യുവപ്രതിഭകളും ചേർന്നപ്പോൾ സംഗീതാസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി.

പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ മധു നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ബാലൻ തൃപ്പൂണിത്തുറ മുഖ്യാതിഥിയായിരുന്നു. യുവ ഗായകൻ സ്വരൂപ് രമേശ് നായർ വിശിഷ്ടാതിഥിയായിരുന്നു. പ്രസിഡന്റ് ഷൈനി ചന്ദ്രബോസ്, ജനറൽ സെക്രട്ടറി മനോജ് മാളവിക, ട്രഷറർ സുധാകരൻ എന്നിവർ വേദി പങ്കിട്ടു.

എന്നാൽ ആ സായാഹ്നത്തിന്റെ ഹൃദയസ്പർശിയായ നിമിഷം സമ്മാനിച്ചത് ഡോമ്പിവലി നിവാസിയായ പതിനാലുകാരൻ സ്വരൂപ് രമേശ് നായരും അമ്മ അനിതയുമായിരുന്നു. സംഗീതം ജീവശ്വാസമാക്കി മാറ്റിയ ഈ ബാലപ്രതിഭ, ശാരീരിക വെല്ലുവിളികളെയും ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളേയും സ്വരങ്ങളെയും രാഗങ്ങളേയും ന്നെഞ്ചിലേറ്റി അതിജീവിക്കുകയാണ്. പിതാവിന്റെ അകാല വിയോഗവും സമൂഹത്തിന്റെ അവഗണനയും തളർത്താതെ, മകന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകാൻ പോരാടിയ ഒരമ്മയുടെ സ്നേഹവും നിശ്ചയദാർഢ്യവും ആ യാത്രയിൽ സ്വരൂപിന് കരുത്തായി.

സ്വരൂപിന്റെ ഗാനങ്ങൾ സദസ്സിനെ ആകർഷിച്ചപ്പോൾ, അവന്റെ ജീവിതകഥ പലരുടെയും കണ്ണുകളെ ഈറനണിയിച്ചു. സംഗീതത്തെ ആത്മാവുപോലെ സ്നേഹിക്കുന്ന ഈ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പഠനത്തിനും സ്വപ്നങ്ങൾക്കും കൈത്താങ്ങാകാൻ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. പ്രസിഡന്റ് എം. കെ. നവാസിന്റെയും ജനറൽ സെക്രട്ടറി പ്രിയ വർഗീസിന്റെയും നേതൃത്വത്തിലാണ് സഹായം പ്രഖ്യാപിച്ചത്. ട്രഷറർ പ്രേംലാലും ചടങ്ങിൽ സന്നിഹിതനായിരുന്നു.

ചിത്രരചനയിലും മികവ് തെളിയിച്ചിട്ടുള്ള സ്വരൂപിന് ഒരുനാൾ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കൗൻ ബനേഗാ ക്രോർപതിയുടെ വേദിയിലെത്തണമെന്ന വലിയൊരു സ്വപ്നവുമുണ്ട്. ആ സ്വപ്നത്തിലേക്കുള്ള യാത്രയിൽ ഈ പിന്തുണ ആത്മവിശ്വാസത്തിന്റെ പുതിയ വെളിച്ചമായി.

സ്വരൂപിന്റെ ജീവിതകഥ ആംചി മുംബൈയിലൂടെയാണ് അറിഞ്ഞതെന്നും തുടർന്നാണ് സമാജം ഈ യുവപ്രതിഭയെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതെന്നും ന്യൂ ബോംബെ കൾച്ചറൽ സെന്റർ പ്രസിഡന്റ് മനോജ് മാളവിക പറഞ്ഞു. സംഘടനയുടെ വകയായി പതിനായിരം രൂപയും നിരവധി സമ്മാനങ്ങളും നൽകി സ്വരൂപിനെ വേദിയിൽ ആദരിച്ചു. “ഇത്തരത്തിലുള്ള പ്രതിഭകൾക്ക് കൂടുതൽ വേദികൾ ലഭിക്കണം; അവർ മുഖ്യധാരയിലേക്ക് ഉയരാൻ സമൂഹം ഒപ്പമുണ്ടാകണം” എന്ന സന്ദേശവും മികച്ച സംഘാടകനും ചലച്ചിത്ര പ്രവർത്തകനുമായ മനോജ് പങ്കുവച്ചു.
മലയാള സിനിമാഗാനങ്ങളും മെലഡികളും ഭക്തിഗാനങ്ങളും കോർത്തിണക്കിയ സംഗീതവിരുന്ന് പ്രായഭേദമന്യേ സംഗീതപ്രേമികൾക്ക് നല്ലൊരു സായാഹ്നം പ്രദാനം ചെയ്തു. എന്നാൽ പരിപാടി അവസാനിക്കുമ്പോൾ സദസ്സിൽ നിറഞ്ഞുനിന്നത് സ്വര രാഗ വിസ്മയങ്ങളുടെ പ്രതിധ്വനി മാത്രമായിരുന്നില്ല; ഒരു ബാലപ്രതിഭയുടെ സ്വപ്നങ്ങൾക്ക് സമൂഹം നൽകിയ കരുതലിന്റെയും കരുത്തിൻ്റെയും പ്രതീക്ഷയുടെയും മധുരമായ ഓർമ്മകളുമായിരുന്നു. Click here to see more photos of the event
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
