താനെ: വിദ്യാഭ്യാസത്തിലൂടെ സാമൂഹിക മാറ്റം ലക്ഷ്യമിട്ട് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം (HGABS), താനെയുടെ നേതൃത്വത്തിൽ താനെ ജില്ലയിലെ മൂർബാദ് താലൂക്കിലെ കാൻഡ്ലി ഗ്രാമത്തിലെ ജില്ലാ പരിഷദ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ജൂൺ 30-ന് നടന്ന ചടങ്ങിൽ സംഘത്തെ പ്രതിനിധീകരിച്ച് സെക്രട്ടറി ശശികുമാർ നായരും രമേഷ് ഗോപാലനും പങ്കെടുത്തു. തുടർച്ചയായി നാലാം വർഷമാണ് കാൻഡ്ലി ജില്ലാ പരിഷദ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് HGABS പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. താനെയിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമീണ വിദ്യാലയത്തിന് വർഷങ്ങളായി സംഘടനയുടെ സജീവ പിന്തുണ ലഭിച്ചുവരികയാണ്.

പഠനോപകരണ വിതരണത്തിൽ മാത്രം ഒതുങ്ങാത്ത സേവന പ്രവർത്തനങ്ങളാണ് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം ഈ വിദ്യാലയത്തിൽ നടപ്പാക്കിയിട്ടുള്ളത്. 2024-ൽ സംഘടന ഏറ്റെടുത്ത പ്രധാന സാമൂഹ്യസേവന പദ്ധതികളിലൊന്നായിരുന്നു ശോചനീയാവസ്ഥയിലായിരുന്ന സ്‌കൂൾ കെട്ടിടത്തിന്റെ സമഗ്ര നവീകരണം.
ഒരു സ്വകാര്യ എൻജിനിയറിങ് കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായം വിനിയോഗിച്ച്, പദ്ധതിയുടെ മുഴുവൻ ഏകോപനവും മേൽനോട്ടവും HGABS നിർവഹിച്ചു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപുതന്നെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നവീകരിച്ച സ്‌കൂൾ വിദ്യാർത്ഥികൾക്കായി കൈമാറാൻ സംഘടനയ്ക്ക് സാധിച്ചു.

ഏകദേശം 10 ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയുടെ ഭാഗമായി സെപ്റ്റിക് ടാങ്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഓവർഹെഡ് വാട്ടർ ടാങ്ക്, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, പ്ലംബിംഗ്, പെയിന്റിംഗ്, ഇലക്ട്രിക്കൽ ഫിറ്റിങ്ങുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2024 ജൂലൈ 6-ന് രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നവീകരിച്ച സ്‌കൂൾ സമർപ്പിച്ചിരുന്നു.
വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകി നടപ്പാക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ വരും വർഷങ്ങളിലും കൂടുതൽ വിപുലമായി തുടരുമെന്ന് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം പ്രത്യാശ പ്രകടിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
