നവി മുംബൈ: നവി മുംബൈയിലെ ഐരോളിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഘൻസോളിയിൽ താമസിച്ചിരുന്ന സുമേഷ് സുരേഷ് (26) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകീട്ട് ഐരോളിയിൽ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമേഷിനെ സമീപവാസികൾ ഉടൻ കൽവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്
ചെങ്ങന്നൂർ സ്വദേശിയായ സുമേഷ് മാതാപിതാക്കളോടൊപ്പമാണ് ഘൻസോളിയിൽ താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടവിവരം അറിഞ്ഞ് കമ്പനിയുടെ പ്രതിനിധികളും ആശുപത്രിയിലെത്തിയിരുന്നു. സുമേഷിന് ഒരു സഹോദരനുണ്ട്.
മുംബൈ ലോക കേരള സഭാംഗം ലതിക ശ്രീഭദ്രൻ അറിയിച്ചതനുസരിച്ച്, പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നോർക്ക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും, ഭൗതികശരീരം ഇന്ന് വിമാന മാർഗം സ്വദേശമായ ചെങ്ങന്നൂരിലേക്ക് അയയ്ക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് കാരണമായ സ്വകാര്യ ബസിന്റെ ഡ്രൈവർ സ്റ്റേഷനിൽ കീഴടങ്ങി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
