പൻവേൽ: പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളീയ കൾച്ചറൽ സൊസൈറ്റി (കെ.സി.എസ്.) പൻവേൽ (റായ്ഗഡ്) കേരള മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമർപ്പിച്ചു.
മുഖ്യമന്ത്രിയെയും പുതിയ സർക്കാരിനെയും അഭിനന്ദിച്ചുകൊണ്ടാണ് നിവേദനം ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ പൻവേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.സി.എസ്., ജാതി-മത ഭേദമന്യേ പ്രവാസി മലയാളികൾക്ക് വിവിധ സാമൂഹിക-ജീവകാരുണ്യ സേവനങ്ങൾ നൽകിവരുന്ന സംഘടനയാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
പ്രവാസി മലയാളികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വാഷിയിലെ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക (NORKA) ഓഫീസിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും, ഓഫീസിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കേരളത്തിൽ നിർമാണ മേഖലയുൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ഉയർന്ന ദിവസവേതനം പ്രവാസികളടക്കമുള്ള സാധാരണക്കാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിഥി തൊഴിലാളികൾക്ക് സർക്കാർ പരമാവധി ദിവസവേതനം നിശ്ചയിക്കണമെന്നും, അംഗീകൃത വേതന നിരക്ക് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിലൂടെ പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ അമിത കൂലി ഈടാക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും നിവേദനത്തിൽ പറയുന്നു.
നിവേദനത്തിലെ വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.സി.എസ്. ഭാരവാഹികൾ അറിയിച്ചു.
കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ (റായ്ഗഡ്) പ്രസിഡൻ്റ് മനോജ്കുമാർ എം. എസ്., സെക്രട്ടറി മുരളി കെ. നായർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS
