താനെ: സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ (എസ്ജിഎൻപി) പരിസ്ഥിതി സംരക്ഷിക്കണമെന്നും, ദേശീയോദ്യാനത്തിന്റെ ഭാഗത്ത് ബയോഡൈവേഴ്‌സിറ്റി പാർക്ക് സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന് അധികൃതർ പിന്മാറണമെന്നും ആവശ്യപ്പെട്ട് താനെയിൽ നൂറുകണക്കിന് പൗരന്മാരും പരിസ്ഥിതി പ്രവർത്തകരും ട്രെക്കർമാരും പ്രതിഷേധ റാലി സംഘടിപ്പിച്ചു.
കനത്ത മഴയെ അവഗണിച്ചാണ് പ്രതിഷേധക്കാർ ചിതൽസർ മൻപാഡ എൻട്രി പോയിന്റിൽ ഒത്തുകൂടിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച ‘മിഷൻ സേവ് എസ്‌ജിഎൻപി’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. “എസ്ജിഎൻപി സംരക്ഷിക്കൂ, വനവും പ്രകൃതിയും സംരക്ഷിക്കൂ” എന്ന സന്ദേശമുള്ള പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ വനമേഖല സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.

താനെ മുനിസിപ്പൽ കോർപ്പറേഷൻ മുന്നോട്ടുവച്ചിരിക്കുന്ന ബയോഡൈവേഴ്‌സിറ്റി പാർക്ക് പദ്ധതി, നിലവിലുള്ള സമ്പന്നമായ വന ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇതിനകം തന്നെ ബോറിവ്‌ലി -താനെ തുരങ്കപാത പദ്ധതി, ഗൈമുഖ്-മുളുണ്ട് റോഡ് പദ്ധതി, അനധികൃത റിസോർട്ടുകൾ, ബംഗ്ലാവുകൾ എന്നിവ മൂലം ദേശീയോദ്യാനത്തിന് മേൽ വികസന സമ്മർദം വർധിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
എസ്ജിഎൻപിയുടെ സമീപപ്രദേശങ്ങൾ താനെയുടെ “ഹരിത ശ്വാസകോശം” ആണെന്നും, ഇവിടെ വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് നഗരത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ദോഷകരമാകുമെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
ദേശീയോദ്യാനത്തിന്റെ ആവാസവ്യവസ്ഥയെ യാതൊരു വിധത്തിലും ബാധിക്കാത്ത തരത്തിൽ വികസന പദ്ധതികൾ നടപ്പാക്കണമെന്നും, വനമേഖലയിൽ കൂടുതൽ ഇടപെടലുകൾ ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ തുടരുമെന്നും, എസ്ജിഎൻപിയുടെ ജൈവവൈവിധ്യവും പ്രകൃതി സമ്പത്തും സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS
