മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് മലയാളികൾ നോർക്കയുടെ ഗുണഭോക്താക്കളാണ്. രണ്ടു വർഷം മുൻപ് അവതരിപ്പിച്ച നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലും നിരവധി പേരാണ് ചേർന്നിട്ടുള്ളത്.
നോർക്ക ക്ഷേമനിധി പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി വിതരണം ചെയ്യാതിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി താനെയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി മലയാളിയുമായ ശശികുമാർ നായർ പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് കുടിശ്ശിക തുക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ക്ഷേമനിധിയിൽ അംഗത്വമെടുത്ത് വർഷങ്ങളായി വിഹിതം അടച്ച പ്രവാസികൾക്ക് നിയമപരമായി ലഭിക്കേണ്ട പെൻഷൻ തടസപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശശികുമാർ ചൂണ്ടിക്കാട്ടി. പെൻഷൻ മുടങ്ങാൻ കാരണമായ സാഹചര്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ ഉടൻ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പ്രവാസി മലയാളികൾക്ക് പെൻഷൻ ലഭിക്കാതിരുന്നിട്ടും പലരും തുറന്നു പ്രതികരിക്കാൻ തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് ശശികുമാർ നായർ പറഞ്ഞു. “അർഹതപ്പെട്ട ആനുകൂല്യം ലഭിച്ചില്ലെന്ന് പറയാൻ പോലും എന്തിനാണ് ഇത്ര മടി?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
പ്രവാസി സമൂഹത്തിന്റെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നോർക്ക ക്ഷേമനിധി രൂപീകരിച്ചതെന്നും, അതിന്റെ ഭാഗമായി നൽകുന്ന പെൻഷൻ തടസ്സപ്പെടുന്നത് അംഗങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്ത് പതിവ് പെൻഷൻ വിതരണം പുനഃസ്ഥാപിക്കണമെന്നതാണ് പ്രവാസികളുടെ പ്രധാന ആവശ്യമെന്നും ശശികുമാർ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ എല്ലാ പ്രവാസി മലയാളി സംഘടനകളും ക്ഷേമനിധി അംഗങ്ങളും ഒരുമിച്ച് പ്രതികരിക്കണമെന്നും, പെൻഷൻ വിതരണം ഉടൻ പുനരാരംഭിക്കണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്നും ശശികുമാർ നായർ അഭ്യർത്ഥിച്ചു.
“മൂന്ന് മാസം മുൻപ് വരെ നോർക്ക ക്ഷേമനിധി പെൻഷൻ കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഒരു അറിയിപ്പും നൽകാതെ പെൻഷൻ വിതരണം നിലച്ചിരിക്കുകയാണ്,” ഉല്ലാസ്‌നഗർ സ്വദേശിയായ കൃഷ്ണൻകുട്ടി നായർ പറയുന്നു.
അതേസമയം, നിരവധി ഗുണഭോക്താക്കൾക്ക് നോർക്ക ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. നോർക്കയുടെ ക്ഷേമപദ്ധതികളിൽ കൂടുതൽ പ്രവാസികളെ അംഗങ്ങളാക്കാൻ ബോധവത്കരണ ക്യാമ്പുകളും അംഗത്വ ക്യാമ്പുകളും സംഘടിപ്പിച്ച സംഘടനകളും ഇപ്പോൾ കടുത്ത ആശങ്കയിലാണ്.
കഴിഞ്ഞ സർക്കാർ കാലത്ത് മുടക്കമില്ലാതെ ലഭിച്ചിരുന്ന പെൻഷനും മറ്റ് ക്ഷേമ ആനുകൂല്യങ്ങളും യാതൊരു മുൻകൂർ അറിയിപ്പും വിശദീകരണവും കൂടാതെയാണ് നിലച്ചിരിക്കുന്നതെന്ന് ഗുണഭോക്താക്കൾ ആരോപിക്കുന്നു. പെൻഷൻ വിതരണം മാത്രമല്ല, നോർക്ക ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയും സമാനമായ പ്രതിസന്ധി നേരിടുകയാണെന്നാണ് മുംബൈയിലെ നിരവധി ഗുണഭോക്താക്കളുടെ പരാതി.
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ രൂപീകരിച്ച പദ്ധതികളുടെ ആനുകൂല്യങ്ങൾ വൈകാതെ പുനഃസ്ഥാപിക്കണമെന്നും, പെൻഷൻ കുടിശ്ശികയും ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങളും അടിയന്തരമായി വിതരണം ചെയ്യണമെന്നും ഗുണഭോക്താക്കളും പ്രവാസി സംഘടനകളും സർക്കാരിനോട് ആവശ്യപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
