ഡോംബിവ്‌ലി: പട്ടാപ്പകൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മലയാളിയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നതായി പരാതി. ഡോംബിവ്‌ലി പലാവയിൽ താമസിക്കുന്ന സുധീറിനാണ് ഗാന്ധിനഗർ മേഖലയിലുണ്ടായ ദുരനുഭവം.
പാണ്ഡുരംഗവാഡി മോഡൽ സ്‌കൂൾ പരിസരത്ത് സ്വകാര്യ ആവശ്യത്തിനായി എത്തിയ ശേഷം ഗാന്ധിനഗർ കവലയിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് സംഭവം. ഐക്കൺ ആശുപത്രിക്ക് സമീപമുള്ള റോഡിന്റെ വളവിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ ഓട്ടോറിക്ഷയെ പിന്തുടർന്ന് കുറുകെ ബൈക്ക് നിർത്തുകയായിരുന്നു.
തുടർന്ന് സുധീറിനെ ചോദ്യം ചെയ്യുകയും, തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. ബൈക്കിലെത്തിയവരിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ സുധീർ കൈതട്ടിയതിനെ തുടർന്ന് ഫോൺ താഴെ വീണ് തകർന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ താൻ അത്തരത്തിൽ യാതൊരു സംഭവവും നടത്തിയിട്ടില്ലെന്ന് സുധീർ വ്യക്തമാക്കിയെങ്കിലും അക്രമികൾ ഇത് അംഗീകരിച്ചില്ല.
തുടർന്ന് സുധീറിന്റെ മുഖത്തടിക്കുകയും 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൈവശം ഇത്രയും പണമില്ലെന്ന് അറിയിച്ചതോടെ അക്രമികൾ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബൈക്കിൽ അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി സുധീർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ സുധീർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ആവശ്യമായ തെളിവുകൾ ലഭ്യമാകേണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്. സമീപത്തെ CCTV ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ച് അന്വേഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡോംബിവ്‌ലി മേഖലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിലുള്ള പിടിച്ചുപറി, കവർച്ച സംഭവങ്ങൾ വർധിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നതിനിടെയാണ് പട്ടാപ്പകൽ നടന്ന ഈ സംഭവം. തിരക്കേറിയ റോഡിൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി യാത്രക്കാരനെ ആക്രമിച്ച് സ്വർണമാല കവർന്ന സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പട്ടാപ്പകൽ പോലും യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും, സംഭവത്തിൽ ഉൾപ്പെട്ടവരെ അടിയന്തരമായി കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
