മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും പാസ്റ്റർമാരും ഉൾപ്പെടുന്ന പ്രതിനിധി സംഘം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) പ്രസിഡന്റ് ഹർഷവർധൻ സക്പാലുമായും എം.പി.സി.സി ജനറൽ സെക്രട്ടറി ജോജോ തോമസുമായും മുംബൈ തിലക് ഭവനിൽ കൂടിക്കാഴ്ച നടത്തി.
യോഗത്തിന് നേതൃത്വം നൽകിയ ജോജോ തോമസ് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചർച്ചകൾ ഏകോപിപ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പുതിയ മതസ്വാതന്ത്ര്യ നിയമം, എഫ്.സി.ആർ.എ (FCRA) വ്യവസ്ഥകളുടെ പ്രയോഗം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, അന്തർമത വിവാഹവുമായി ബന്ധപ്പെട്ട ആശങ്കകൾ, ക്രൈസ്തവ സ്ഥാപനങ്ങളുടെ സുരക്ഷ എന്നീ കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.

എന്നാൽ, നിയമത്തിന്റെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് വ്യക്തികളെയും സ്ഥാപനങ്ങളെയും അനാവശ്യമായി വേട്ടയാടുന്ന സാഹചര്യം ഉണ്ടാകരുതെന്നും പരാതികളിൽ വസ്തുതാപരമായ അന്വേഷണവും സുതാര്യമായ നടപടിക്രമങ്ങളും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എഫ്.സി.ആർ.എ നിയന്ത്രണങ്ങൾ മൂലം വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിയമാനുസൃത സ്ഥാപനങ്ങൾക്ക് തടസ്സങ്ങളുണ്ടാകരുതെന്നും സംഘം ചൂണ്ടിക്കാട്ടി.
നിയമങ്ങൾ വേട്ടയാടാനുള്ള ആയുധമാകരുതെന്നും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എം.പി.സി.സി ജനറൽ സെക്രട്ടറി ജോജോ തോമസ് വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഓരോ പൗരന്റെയും അവകാശമാണ്. അന്തർമത വിവാഹങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തികളുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതാണെന്ന് എം.പി.സി.സി അധ്യക്ഷൻ ഹർഷവർധൻ സക്പാൽ പറഞ്ഞു. മതേതരത്വവും മതസൗഹാർദവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ (AICA), സി.എൻ.ഐ (CNI), ബി.സി.എസ്–മുംബൈ കാത്തലിക് സഭ, ന്യൂ ലൈഫ്, ബ്രദറൻ ചർച്ച് തുടങ്ങി നിരവധി ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
പൂനെ, മുംബൈ, വസായ്, നവി മുംബൈ, കല്യാൺ-ഡോംബിവ്ലി, അംബർനാഥ്, ഉൽവെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് സിന്ധ്യ ഗോഡ്കെ, നെല്ലൻ ജോയി, ജോസഫ് ലോപ്പസ്, ആസാദ് ഡിസൂസ, പ്രിയ ഡാനിയൽ, അഡ്വ. സ്റ്റീഫൻ എസ്. ഗോഡ്കെ, ഇസഹാക്ക് ലോപ്പസ്, പാസ്‌ക്കൽ ഡാബറെ, എഡ്വേർഡ് ജെ. പോൾ, തോമസ് സിൽവെയ്‌റ, ജോസ് ജെയിംസ്, വിക്കി ജയ്‌സ്വാൾ, സഞ്ജയ് ശേഖർ, പ്രഭ ആന്റണി, രാജ് നാടാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മതസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ സംരക്ഷിക്കപ്പെടണമെന്ന നിലപാടോടെയാണ് കൂടിക്കാഴ്ച സമാപിച്ചത്.
