പ്രവാസി സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനം പ്രവാസി സമൂഹത്തിന് ആശ്വാസം നൽകുന്നതാണ്.
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റുമായ ജോജോ തോമസ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർനടപടിയായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം അന്നത്തെ നോർക്ക റൂട്ട്സ് സി.ഇ.ഒയുമായി കൂടിക്കാഴ്ച നടത്തി, തടസ്സപ്പെട്ട ഇൻഷുറൻസ് പദ്ധതികൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഷുറൻസ് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നോർക്ക സി.ഇ.ഒ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം.
പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണുന്ന നടപടിയെ ജോജോ തോമസ് സ്വാഗതം ചെയ്തു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കുന്നതിനൊപ്പം പ്രവാസി ക്ഷേമനിധി ബോർഡിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുക, അനാവശ്യ സങ്കീർണ്ണതകൾ ഒഴിവാക്കി സേവനങ്ങൾ കൂടുതൽ ജനകീയമാക്കുക, ഓണത്തിന് മുമ്പ് പ്രവാസി പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
നോർക്കയെ കൂടുതൽ പ്രവാസി സൗഹൃദ സംവിധാനമാക്കി മാറ്റുന്നതുവരെ ക്രിയാത്മകമായ ഇടപെടലുകൾ തുടരുമെന്നും ജോജോ തോമസ് വ്യക്തമാക്കി.
ഉയരുന്ന ചില ചോദ്യങ്ങൾ
‘നോർക്ക ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കുന്നു’ എന്ന പ്രയോഗം യാഥാർഥ്യത്തെ പൂർണമായി പ്രതിഫലിപ്പിക്കുന്നുണ്ടോ? ശരിയായ രീതിയിൽ നടന്നു വന്നിരുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി ഭരണമാറ്റത്തിന് ശേഷമാണ് നിലച്ചതെന്ന വിമർശനം ശക്തമാണ്. അങ്ങനെയെങ്കിൽ, ഇപ്പോഴത്തെ നടപടി പുതിയൊരു പദ്ധതി ആരംഭിക്കുന്നതല്ല, നേരത്തെ ഉണ്ടായിരുന്ന ഒരു ജനക്ഷേമ പദ്ധതി പുനഃസ്ഥാപിക്കുന്നതാണെന്ന വാദത്തിനും പ്രസക്തിയുണ്ട്.
പദ്ധതി വീണ്ടും ആരംഭിക്കുന്നതിനൊപ്പം, എന്തുകൊണ്ടാണ് അത് നിർത്തിവെച്ചത്, ഇനി തടസ്സങ്ങളില്ലാതെ തുടർച്ചയായി നടപ്പാക്കാൻ എന്ത് സംവിധാനമാണ് സർക്കാർ ഒരുക്കുന്നത് എന്നതും വ്യക്തമാക്കേണ്ടതുണ്ട്. പ്രവാസികളുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട പദ്ധതിയായതിനാൽ, പ്രഖ്യാപനത്തിനപ്പുറം അതിന്റെ സ്ഥിരതയും കാര്യക്ഷമമായ നടത്തിപ്പുമാണ് ഇനി നിർണായകം.
നോർക്ക ക്ഷേമനിധി പെൻഷൻ
ഓണത്തിന് മുമ്പെങ്കിലും മുടങ്ങിക്കിടക്കുന്ന നോർക്ക ക്ഷേമനിധി പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രയിലെ മലയാളി സമൂഹം കാത്തിരിക്കുന്നത്. മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് നിരവധി പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രതീക്ഷ.
വിഷയത്തിൽ പുതുതായി ചുമതലയേറ്റ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അടിയന്തരമായി ഇടപെട്ട് പെൻഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിനൊപ്പം, ഇത്തരത്തിലുള്ള തടസ്സങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരം കണ്ടെത്തുമെന്നുമാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവർത്തകൻ ശശികുമാർ നായർ പറഞ്ഞു.
താനെ നിവാസിയായ ശശികുമാർ നായരുടെ വാക്കുകളിൽ, വർഷങ്ങളോളം പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് ആശ്രയമായിരുന്ന ക്ഷേമനിധി പെൻഷൻ മുടങ്ങുന്നത് അർഹരായവരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓണം പോലൊരു പ്രധാന ആഘോഷത്തിന് മുന്നോടിയായി, കുടിശ്ശിക ഉൾപ്പെടെയുള്ള പെൻഷൻ തുക മുഴുവൻ അർഹരായവർക്ക് ലഭിക്കണമെന്നാണ് മഹാരാഷ്ട്രയിലെ പ്രവാസികളുടെ പ്രതീക്ഷ.
പെൻഷൻ വിതരണം വേഗത്തിലാക്കുന്നതിനൊപ്പം, സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ സ്ഥിരമായി പരിഹരിച്ച് ഭാവിയിൽ പെൻഷൻ മുടങ്ങാത്ത സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
