കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ മുംബൈയിൽ പുതിയൊരു വേദി. ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണ കലാക്ഷേത്രം എന്ന സംരംഭത്തിന് തുടക്കമായത്.
സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ, ചെയർമാൻ എൻ മോഹൻദാസ്, ജനറൽ സെക്രട്ടറി ഓ കെ പ്രസാദ്, സോണൽ സെക്രട്ടറി പി കെ ആനന്ദൻ, കെ ഉണ്ണികൃഷ്ണൻ, കൂടാതെ സാമൂഹിക സംസ്കാര പ്രവർത്തകരായ അഡ്വ പത്മ ദിവാകരൻ, ഡിംപിൾ ഗിരീഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
ശ്രീനാരായണ ഗുരുദേവന്റെ മാനവികത, സമത്വം, സഹോദര്യം, സാംസ്കാരിക ദർശനം എന്നിവ അടിസ്ഥാനമാക്കി കലകളെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയവും ചിട്ടയായതുമായ കലാപഠനത്തിന് അവസരം ഒരുക്കുകയുമാണ് കലാക്ഷേത്രത്തിന്റെ ലക്ഷ്യം.

ആദ്യഘട്ടമായി സംഘടിപ്പിക്കുന്ന ദ്വിദിന കലാശിൽപ്പശാലയിൽ ഭരതനാട്യം, മോഹിനിയാട്ടം, കർണാടക സംഗീതം, വെസ്റ്റേൺ വോക്കൽ, വയലിൻ, കീബോർഡ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നൽകുന്നത്.
പരിചയസമ്പന്നരായ കലാകാരന്മാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലനം. കലയുടെ സാങ്കേതിക വശങ്ങൾക്കൊപ്പം അവതരണശൈലി, ആത്മവിശ്വാസം, അച്ചടക്കം, സർഗാത്മകത എന്നിവ വളർത്താനും ശിൽപ്പശാല ലക്ഷ്യമിടുന്നു.

കല വിനോദം മാത്രമല്ലെന്നും വ്യക്തിത്വ വികസനത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും സാംസ്കാരിക പൈതൃക സംരക്ഷണത്തിന്റെയും പ്രധാന മാധ്യമമാണെന്ന ആശയമാണ് സംരംഭത്തിന് പിന്നിൽ. മന്ദിര സമിതിയുടെ സ്വപ്നപദ്ധതിയാണിതെന്ന് ശ്രീനാരായാണ് മന്ദിര സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ വ്യക്തമാക്കി . മുംബൈയിലെ വിവിധ പ്രദേശങ്ങളിലെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം പുതിയ തലമുറയിലെ കലാകാരന്മാരെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്‌ഷ്യം

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍’ എന്ന ശ്രീനാരായണ ഗുരുദേവന്റെ മാനവിക സന്ദേശം കലയുടെ ഭാഷയിലൂടെ പുതുതലമുറയിലേക്ക് എത്തിക്കാനും കലാക്ഷേത്രം ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ മേഖല പോലെ തന്നെ സാംസ്കാരിക മേഖലയിലും ഉന്നം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കലാക്ഷേത്രക്ക് രൂപം കൊടുത്തതെന്ന് മന്ദിരസമിതി ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് പറഞ്ഞു.
ആദ്യ ശിൽപ്പശാലയ്ക്ക് പിന്നാലെ സ്ഥിരമായ പരിശീലന ക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ, കലാപരിപാടികൾ, പ്രഭാഷണങ്ങൾ, കലാകാരന്മാരുമായുള്ള സംവാദങ്ങൾ, വിദ്യാർഥികളുടെ അവതരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
കലയും സംസ്കാരവും സ്നേഹിക്കുന്ന എല്ലാവരുടെയും കൂട്ടായ വേദിയായി കലാക്ഷേത്രം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. For more photos of the event click here. Tune in Amchi Mumbai for the highlights of Kalakshethra
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
