30 ടീമുകൾ പങ്കെടുത്തു; ഓണച്ചന്തയിൽ 96 സ്റ്റാളുകളും
ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൂക്കളമത്സരത്തിന് വൻ പ്രതികരണം. മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും വലിയ പൂക്കളമത്സരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന മത്സരത്തിൽ വിവിധ മേഖലകളിൽ നിന്നായി 30ഓളം ടീമുകൾ പങ്കെടുത്തു.
കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പ്രവാസലോകത്തും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. വർണാഭമായ പൂക്കളങ്ങളും മത്സരാർത്ഥികളുടെ ആവേശവും പരിപാടിക്ക് ഉത്സവാന്തരീക്ഷം നൽകി.
മത്സരത്തിലെ വിജയികൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ വീതം സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും 3,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകി.
പൂക്കളമത്സരത്തോടനുബന്ധിച്ച് സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആറാമത് ഓണച്ചന്തയും ശ്രദ്ധേയമായി. വിവിധ ഉത്പന്നങ്ങളുമായി 96 സ്റ്റാളുകളാണ് ഓണച്ചന്തയിൽ ഒരുക്കിയത്.
ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, കരകൗശല ഉത്പന്നങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ വനിതാ സംരംഭകർക്ക് മികച്ച വേദിയായി ഓണച്ചന്ത മാറി.
കേരളത്തിന്റെ സംസ്കാരവും ആഘോഷപാരമ്പര്യവും പുതുതലമുറയിലേക്കും പ്രവാസി സമൂഹത്തിലേക്കും പകരുന്നതിനൊപ്പം വനിതാ സംരംഭകത്വത്തിന് പിന്തുണ നൽകുന്ന കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. for more photos click here
