എന്‍ എസ് സലീം കുമാര്‍
മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി
ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഗുരുദേവന്റെതായി ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേ ഒരു ഭൗതികാവശിഷ്ടമായ ഒരു യഥാര്‍ത്ഥ പല്ലും രണ്ട് കൃത്രിമ പല്ലുകളും ഇന്ന് കൈവശമുള്ളത് മുംബൈ ശ്രീനാരായണ മന്ദിരസമിതിയുടെ പക്കലാണ്. 2004 ജനുവരി 11നാണ് സമിതിക്ക് ഈ ദന്തങ്ങള്‍ ലഭിച്ചത്. അത് സമിതിയുടെ കീഴിലുള്ള നവി മുംബൈ നെരൂളിലെ രാജ്യാന്തര പഠന കേന്ദ്രത്തില്‍ ഒരു ക്ഷേത്രം പണിത് ഒരു സ്വര്‍ണ്ണ പേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പാത പിന്തുടര്‍ന്ന് അവിടെ ഗുരുദേവഗിരി തീര്‍ത്ഥാടനം എന്ന പേരില്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങി വിവിധ തീര്‍ത്ഥാടന പരിപാടികളും ആരംഭിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യത്തെ ആഴ്ചയിലെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. ഈ വര്‍ഷം ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലി വര്‍ഷമായതിനാല്‍ ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിലാണ് തീര്‍ത്ഥാടന പരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും തീര്‍ത്ഥാടന ദിവസങ്ങളില്‍ മാത്രമേ ഈ ദന്തങ്ങള്‍ പൊതുദര്‍ശനത്തിനായി വെക്കുകയുള്ളൂ. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ഭക്തര്‍ ഈ ദിവസങ്ങളില്‍ ഗുരുദേവഗിരിയില്‍ എത്താറുണ്ട്.
ചരിത്രം:
ഗുരുദേവന്‍ എപ്പോള്‍ തിരുവനന്തപുരത്ത് എത്തിയാലും ദന്ത ഡോക്ടറായ ജി. ഓ. പാലിന്റെ വസതിയില്‍ വിശ്രമിക്കുക പതിവായിരുന്നു. ജി. ഓ. പാലിന്റെ അമ്മയും അമ്മാവന്മാരും നല്ല ഗുരുഭക്തരായിരുന്നു. ഇപ്പോഴത്തെ സെക്രട്ടറിയേറ്റിന്റെ എതിര്‍വശത്തായിരുന്നു പാലിന്റെ ദന്തല്‍ ഡിസ്‌പെന്‍സറി.
മാര്‍ത്താണ്ടവര്‍മ്മയുടെ കാലം മുതല്‍ മലയാളനാടിന്റെ ചരിത്രത്തിന് സമാന്തരമായി നീങ്ങുന്ന കുടുംബ ചരിത്രമാണ് ഡോ പാലിന്റേത്. മധുരയിലെ ചേരമാദേവിയില്‍ നിന്ന് ആരുവാമൊഴി വഴിയെത്തിയ കച്ചവടക്കാരുടെ ഒരു സംഘത്തിലേക്ക്് ആ കുടുംബത്തിന്റെ വേരുകള്‍ നീളുന്നു.
ഒരു ദിവസം ജി. ഓ. പാലിന്റ വീട്ടിലെത്തിയപ്പോള്‍ തനിക്ക് കലശലായ പല്ലുവേദന ഉണ്ടെന്ന് ഗുരുദേവന്‍ പറഞ്ഞപ്പോള്‍, ഗുരുവിന് ഒരു പുതിയ പല്ല് വെച്ചുകൊടുക്കാന്‍ ഡോക്ടര്‍ പാലിനോട് അദ്ദേഹത്തിന്റെ വലിയമ്മ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍ ഒരു പുതിയ പല്ല് വെച്ചുകൊടുത്തു. പക്ഷേ കുറേ നാളുകള്‍ക്കു ശേഷം പല്ലുവേദന പൂര്‍ണ്ണമായി മാറിയില്ലെന്നു സ്വാമി പറഞ്ഞപ്പോള്‍ ശിവഗിരിയില്‍ ചെന്ന് ഗുരുദേവന്റെ പല്ല് ഇളക്കി മാറ്റി പകരം പല്ല് വെച്ചുകൊടുക്കാമെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കി.
അങ്ങനെ 1926 ല്‍ ഡോക്ടര്‍ തന്റെ വലിയമ്മയോടൊപ്പം ശിവഗിരിയില്‍ എത്തി പല്ലുകള്‍ പരിശോധിച്ചു. അണപ്പല്ലിന്റെ മുകള്‍വശത്തെ മോണ വല്ലാതെ വീര്‍ത്തിരുന്നു. പിറ്റേദിവസം രാവിലെ പല്ലെടുക്കാന്‍ തീരുമാനിച്ചു.
ഡോക്ടര്‍ അണപ്പല്ല് ഇളക്കി മാറ്റി. ഒപ്പം താന്‍ തന്നെ മുമ്പ് ഘടിപ്പിച്ച പ്ലേറ്റോടുകൂടിയ രണ്ട് കൃത്രിമ പല്ലുകളും ഇളക്കി മാറ്റി. ‘ഇനി ഈ പല്ലുകള്‍ താങ്കള്‍ സൂക്ഷിച്ചോളൂ’ എന്ന് ഗുരു പറഞ്ഞു.
‘പുതിയ പല്ലു വെക്കേണ്ടേ?’ ഡോക്ടര്‍ പല്‍പ്പു തിരക്കി.
അപ്പോള്‍ ‘ചിരിക്കാനല്ലേ പല്ലുകള്‍? ആത്മാവുകൊണ്ട് ചിരിക്കാന്‍ പല്ലു വേണോ?’
ആ മഹാശയന്റെ മറുപടിയില്‍ തത്വചിന്തയുടെ ഓളങ്ങള്‍.
ഡോക്ടര്‍ പാല്‍ ആ പല്ലുകള്‍ ഒരു നിധി പോലെ സൂക്ഷിച്ചു. താന്‍ എവിടെ പോയാലും ആ പല്ലുകള്‍ കൂടെ കൊണ്ടുപോയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലുള്ള തന്റെ മകന്‍ ശിവരാജ് പാലിന്റെ അടുത്തേക്ക് പോയപ്പോഴും ഡോക്ടര്‍ പാല്‍ ആ പല്ലുകള്‍ കൂടെ കൊണ്ടുപോയി. ശിവരാജ് പാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പാനല്‍ ഡോക്ടര്‍ ആയിരുന്നു. ആലുംമൂട്ടില്‍ കുടുംബത്തില്‍പ്പെട്ട എം രാധാകൃഷ്ണന്‍ എഴുതിയ ഒരു കത്തില്‍ ഈ ദിവ്യദന്തങ്ങളെപ്പറ്റി പാല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: 1920-ല്‍ ഒരു ദന്തിസ്റ്റായി പ്രാക്ടീസ് ചെയ്തിരുന്ന എനിക്ക് 1925-ല്‍ ഗുരുവിന്റെ ഒരു പല്ലെടുക്കുവാനുള്ള ദൈവീക ഭാഗ്യമുണ്ടായി. ആ പല്ലെ ഞാന്‍ ഇന്നും ഒരു വെള്ളിപ്പാത്രത്തില്‍ നിധി പോലെ കാത്തുസൂക്ഷിക്കുകയാണ്. ഞാന്‍ എവിടെ പോയാലും ആ പല്ലുകള്‍ എന്റെ കൂടെയുണ്ടായിരിക്കും. എന്റെ കാലശേഷം എന്റെ പുത്രന്‍ ശിവരാജ് പാല്‍ ആയിരിക്കും ആ പല്ലുകള്‍ സൂക്ഷിക്കുക. ഇതിനിടയില്‍ അമേരിക്കയിലെ ലോകപ്രസിദ്ധമായ സ്മിത്ത് സോണിയം ഈ വിശിഷ്ട വസ്തു വാങ്ങുവാനും സൂക്ഷിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ എന്റെ ആഗ്രഹം എന്റെ ജീവിതകാലം മുഴുവന്‍ ഇത് എന്റെ കൂടെയുണ്ടായിരിക്കണം എന്നുള്ളതാണ്. എന്റെ തിരുവനന്തപുരത്തെ ദന്തല്‍ പ്രാക്ടീസ് ഉദ്ഘാടനം ചെയ്തതും പുണ്യപുരുഷനായ ശ്രീനാരായണ ഗുരു ആയിരുന്നു. ഗുരുവിന്റെ അനുഗ്രഹം മാത്രമാണ് എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായ എല്ലാവിധ അഭിവൃദ്ധിക്കും കാരണം.
ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവര്‍ത്തന രീതികളും മനസ്സിലാക്കിയ ശിവദാസന്‍ മാധവന്‍ ആ ദിവ്യദന്തങ്ങള്‍ സൂക്ഷിക്കുവാനുള്ള ഉചിതമായ ഇടം ശ്രീനാരായണ മന്ദിര സമിതിയാണെന്ന് ഉറപ്പിച്ചു
ആലുംമൂട്ടില്‍ കുടുംബത്തില്‍പ്പെട്ട ശിവദാസന്‍ മാധവനും ശിവരാജ്പാലും അമേരിക്കയില്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. 1984-ലാണ് ശിവദാസന്‍ മാധവന്‍ ശിവരാജ്പാലിന്റെ വീട്ടില്‍ വെച്ച് ജി. ഒ. പാലിനെ പരിചയപ്പെടുന്നത്. താന്‍ ആലുംമൂട്ടില്‍ കുടുംബത്തില്‍പ്പെട്ട ആളാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ജി. ഒ. പാലിന് ശിവദാസനുമായി കൂടുതല്‍ അടുപ്പമായി. അങ്ങനെ എല്ലാ ആഴ്ചയിലും അവര്‍ ഏറെ നേരം സംസാരിക്കാറുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ഗുരുദേവന്റെ ദിവ്യദന്തങ്ങള്‍ തന്റെ കൈവശമുള്ള കാര്യം പാല്‍ ശിവദാസനെ അറിയിച്ചു. ആ ദന്തങ്ങള്‍ തന്റെ കയ്യില്‍ ആദ്യമായി പിടിച്ച മുഹൂര്‍ത്തം ശിവദാസന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
തന്റെ വാര്‍ദ്ധക്യകാലമായപ്പോഴേക്കും അമേരിക്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി പോകുവാന്‍ ജി. ഒ. പാല്‍ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലുള്ള തന്റെ മൂത്ത മകളുടെ അടുത്തേക്ക് പാല്‍ മടങ്ങിപ്പോയി. 1996 ല്‍ തൊണ്ണൂറ്റാറാമത്തെ വയസ്സില്‍ ജി ഓ പാല്‍ അന്തരിച്ചു. ഗുരുദേവന്റെ ദിവ്യദന്തങ്ങള്‍ ശിവദാസനെ ഏല്‍പ്പിക്കണമെന്ന് മരിക്കുന്നതിനു മുമ്പ് പറഞ്ഞതായി ശിവരാജ് പാല്‍ ശിവദാസിനോട് പറഞ്ഞു. തന്നെയും അല്ല ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കുവാനായി ഒരു അനുയോജ്യ സ്ഥലത്ത് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ ആ ദിവ്യദന്തങ്ങള്‍ ശിവദാസന്‍ മാധവന്റെ കയ്യിലെത്തി. ജി. ഓ. പാലിന്റെ ആഗ്രഹ സഫലീകരണത്തിനായി ദന്തങ്ങള്‍ ഒരു നല്ല സംഘടനയെ ഏല്‍പ്പിക്കുവാനുള്ള ശിവദാസന്റെ അന്വേഷണം ആരംഭിച്ചു. അന്നത്തെ സമിതി പ്രസിഡന്റായിരുന്ന ഡോക്ടര്‍ കെ കെ ദാമോദരന്റെ അഭ്യര്‍ത്ഥനയും, ശ്രീനാരായണ മന്ദിര സമിതിയുടെ പ്രവര്‍ത്തന രീതികളും മനസ്സിലാക്കിയ ശിവദാസന്‍ മാധവന്‍ ആ ദിവ്യദന്തങ്ങള്‍ സൂക്ഷിക്കുവാനുള്ള ഉചിതമായ ഇടം ശ്രീനാരായണ മന്ദിര സമിതിയാണെന്ന് ഉറപ്പിച്ചു. പരസ്പരം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്നും ആ ദിവ്യദന്തങ്ങളുമായി ശിവദാസന്‍ മുംബൈയിലെത്തി. അങ്ങനെയാണ് 2004 ജനുവരി 11ആം തീയതി നവിമുംബൈയിലെ രാജ്യാന്തര ശ്രീനാരായണ പഠന കേന്ദ്രത്തില്‍ വെച്ച് നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ടാറ്റാ സണ്‍സ് ഡയറക്ടറായിരുന്ന ആര്‍. കെ. കൃഷ്ണകുമാര്‍ ആ ദന്തങ്ങള്‍ സമിതിക്ക് വേണ്ടി ഏറ്റുവാങ്ങി ഡോക്ടര്‍ കെ. കെ. ദാമോദരനെ ഏല്‍പ്പിച്ചത്.
ആ ദന്തങ്ങള്‍ സമിതിയെ ഏല്‍പ്പിച്ചതോടെ മനസ്സിന് വലിയ ആശ്വാസം തോന്നുന്നതായി ശിവദാസന്‍ മാധവന്‍ രേഖപ്പെടുത്തി. ദീര്‍ഘകാലത്തെ എന്റെ അന്വേഷണം ഇന്ന് പൂര്‍ത്തിയായി. എന്റെ സുഹൃത്തുക്കളായ ജി. ഒ. പാലിനോടും ഡോക്ടര്‍ ഗോപാല്‍ ശിവരാജ് പാലിനോടുമുള്ള ആദരസൂചകമായി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു എന്ന് സമിതിക്ക് എഴുതിയ വികാരനിര്‍ഭരമായ കത്തില്‍ ശിവദാസന്‍ പറയുന്നു. എല്ലാ വര്‍ഷവും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഗുരുവിന്റെ ദിവ്യദന്തങ്ങള്‍ കാണുവാന്‍ ആയിരക്കണക്കിന് ഗുരുഭക്തര്‍ ഗുരുദേവഗിരിയില്‍ എത്താറുണ്ട്. ശ്രീലങ്കയില്‍ ശ്രീബുദ്ധന്റെ ദന്തവും ഇതുപോലെ സൂക്ഷിച്ചിട്ടുണ്ട്.
എന്‍.എസ്. സലിം കുമാര്‍
M-9820561609
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
