മുംബൈ മുളുണ്ടിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഹിൽസൈഡ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (HIRWA)യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗതാഗതപ്രശ്നം നിയന്ത്രണാതീതമാകുന്നതിന് മുൻപ് റോഡുകൾ വീതി കൂട്ടുകയും ഫലപ്രദമായ ട്രാഫിക് മാനേജ്മെന്റ് പദ്ധതി നടപ്പാക്കുകയും ചെയ്യണമെന്ന് ക്യാമ്പയിനിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
മലബാർ ഹിൽ റോഡ്, മുളുണ്ട് കോളനി റോഡ്, മോഡൽ ടൗൺ റോഡ്, വീണാ നഗർ ഫ്ലൈഓവർ എന്നിവ അടിയന്തരമായി വികസിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. പ്രദേശത്ത് വർധിച്ചുവരുന്ന ഗതാഗത തിരക്ക് പരിഗണിച്ച് റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് സമീപമുള്ള ഏകദേശം 32 ഏക്കർ സ്ഥലത്ത് എസ്.ആർ.എ. പദ്ധതിയുടെ ഭാഗമായി വലിയ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ പ്രകാശ് പടിക്കൽ പറഞ്ഞു, പ്രസ്റ്റീജ് ബിൽഡേഴ്സ് ഇവിടെ ഏകദേശം 70 നിലകളുള്ള 11 ഉയർന്ന കെട്ടിടങ്ങൾ, മൂന്ന് സ്കൂളുകൾ, ഒരു ഷോപ്പിംഗ് മാൾ, ഓഫീസ് കോംപ്ലക്സുകൾ എന്നിവ നിർമിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് പ്രാഥമിക വിവരം.
ഇത്തരം വലിയ വികസന പദ്ധതികൾ നടപ്പിലാകുമ്പോൾ പ്രദേശത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി വർധിക്കുമെന്നും നിലവിലെ റോഡ് സൗകര്യങ്ങൾക്ക് വലിയ സമ്മർദ്ദം ഉണ്ടാകുമെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
ഒപ്പുശേഖരണത്തിലൂടെ സമാഹരിച്ച ഒപ്പുകൾ ബന്ധപ്പെട്ട നഗരസഭാ-ട്രാഫിക് അധികാരികൾക്ക് കൈമാറി, മുളുണ്ട് റോഡ് അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നിയന്ത്രണ സംവിധാനവും മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അസോസിയേഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
