മുംബൈ ലോക്കൽ സെർവിസിൽ എ.സി ട്രെയിനുകളുടെ എണ്ണം കൂടുകയും സാദാ ലോക്കലിലെ യാത്ര ഫാസ്റ്റ് ക്ലാസ് കോച്ചിൽ പോലും വളരെ ദുഷ്കരമാകുകയും ചെയ്തപ്പോഴാണ് ഇന്നലെ പാസ് കഴിഞ്ഞപ്പോൾ ഈ മാസം എ സി ട്രെയിനിൻ്റെ പാസ് എടുത്താലോ എന്നാലോചിച്ചത്. രണ്ട് ദിവസമായി പാസ് എടുത്തിട്ടെങ്കിലും എന്തോ അടച്ചുപൂട്ടിയ ആ കോച്ചിനകത്ത് കയറാൻ ഒരു മടി. സ്വയം ബന്ധനസ്ഥനാക്കപ്പെട്ട ഒരു തോന്നൽ. യാത്ര ചെയ്യുന്നില്ലെങ്കിൽ കാശ് മുടക്കി പാസ് എടുത്തത് എന്തിനാ എന്ന് മനസാക്ഷി ഇടയ്ക്കിടെ ചോദിച്ചു കൊണ്ടിരുന്നു. അതിനാൽ ഇന്നൊന്ന് ട്രൈ ചെയ്യാമെന്ന് കരുതി പ്ലാറ്റ് ഫോമിൽ എസി ട്രെയിൻ വരുന്നതും കാത്ത് നിൽപ്പായി.
എസി ട്രെയിനിൽ കയറാൻ പ്ലാറ്റ്ഫോമിൽ ക്യൂ നിൽക്കണം. ക്യൂ നിൽക്കുന്ന ആളുകളുടെ ഭാവം കണ്ടപ്പോഴേ വേണ്ടായിരുന്നു എന്ന് തോന്നി. എയർപോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസിൻ്റെ ക്യൂവിലാണെന്ന ഭാവത്തിലാണ് പലരും . സ്ഥിരം യാത്രക്കാരായതിനാൽ ക്യൂവിൽ ഞാനൊഴികെ എല്ലാവരും പരസ്പരം അറിയുന്നവരാണ്. ഞാൻ മാത്രമാണ് വരത്തൻ. എ സി കോച്ചിൽ ആൺ പെൺ വ്യത്യാസമൊന്നുമില്ല. എല്ലാം കോമൺ കോച്ചുകളും സീറ്റുകളുമാണ്. ട്രെയിൻ വന്നു വാതിലുകൾ തുറന്നു, ഞാൻ വന്ദ്യ വിനീതനായി കയറി. സാദാ ലോക്കലിൽ ചാടി കയറി മാത്രം ശീലമുള്ള ഞാൻ അബദ്ധങ്ങളൊന്നും കാണിക്കാൻ പാടില്ലല്ലോ. ഈ കൺട്രി ഫെലോ എവിടെ നിന്ന് വന്നു എന്ന് കരുതില്ലേ മറ്റുള്ളവർ .
കോച്ചിനുള്ളിൽ കയറി നോക്കിയപ്പോൾ സീറ്റുകൾ ഒന്നും ഒഴിവില്ല, ആളുകൾ കയറിയതും ആൺ പെൺ വ്യത്യാസമില്ലാതെ പേരുകൾ വിളിച്ച് അഭിവാദ്യം ചെയ്യുന്നുണ്ട്. ഞാൻ സീറ്റിന് പുറത്തെ പാസേജിൽ ആദ്യമായി വിമാനത്തിൽ കയറിയ ആളെപ്പോലെ അങ്ങനെ നിന്നു. മറ്റു ട്രെയിനുകളിലെ പോലെ സീറ്റിനുള്ളിൽ കയറി നിൽക്കാൻ പാടുമോ എന്നറിയില്ലല്ലോ. അപ്പോൾ അപ്പുറത്തെ സീറ്റിനിടയിൽ ഒരുത്തൻ നിൽക്കുന്നു, അവൻ ചറ പറാ എന്ന് സംസാരിക്കുന്നുണ്ട്, സീറ്റുകളിൽ ഇരിക്കുന്ന സ്ത്രീകൾ ഇവൻ്റെ സംസാരം കേട്ട് പൊട്ടി പൊട്ടിച്ചിരിക്കുന്നു. ഇങ്ങനെ പൊട്ടിചിരിക്കാൻ മാത്രം ഒന്നും ഞാനവൻ്റെ സംസാരത്തിൽ കേട്ടില്ല, പുറത്ത് നല്ല മഞ്ഞുണ്ട് എന്നവൻ പറയുമ്പോഴും സ്ത്രീകൾ തല തല്ലി ചിരിക്കുന്നു. എസി ട്രെയിൻ തുടങ്ങും മുന്നെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ സ്ഥിരം തല്ല് കൂടിയിരുന്ന ഇവർക്ക് ചിരിക്കാനും അറിയാമോ എന്ന് ഞാനത്ഭുതപ്പെട്ടു. എൻ്റെ കൈയിലുള്ള ബാഗ് മുകളിലെ റാക്കിൽ വയ്ക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ തമാശക്കാരൻ മുഖം തിരിച്ച് ആളുകളെ വീണ്ടും ചിരിപ്പിക്കുന്ന ജോലിയിൽ വ്യാപൃതനായി.
കോച്ചിൽ മുഴുവൻ സംസാരവും ചിരിയുമാണ്. ചിലരുടെ കൈയിൽ ഇംഗ്ലീഷ് നോവലുകളുണ്ട്, അതിനിടയിൽ വൈകിട്ട് വാങ്ങേണ്ട പച്ചക്കറിയുടെയും പലവ്യഞ്ജനത്തിൻ്റെയും ലിസ്റ്റുണ്ട്. എല്ലാവരുടേയും മുഖത്ത് ഒരു ഹൈക്ലാസ് ഭാവമാണ്. ഞാൻ മാത്രമാണ് ലോണെടുത്ത് എസി പാസ് എടുത്തിട്ടുള്ള ആൾ എന്ന് തോന്നുന്നു.
അപ്പുറത്തും ഇപ്പുറത്തുമെല്ലാം സിറ്റിനിടയിൽ ആളുകൾ നിൽക്കുന്നുണ്ട്. അതിനാൽ ഞാനും എൻ്റെ മുന്നിലുള്ള സീറ്റിനിടയിൽ കയറി നിന്നു. അതിൽ ഇരിക്കുന്നവരിൽ രണ്ട് മൂന്ന് പേർ സ്ത്രീകൾ ആയിരുന്നു. ഞാൻ എൻ്റെ കാലുകൾ അവരുടെ ദേഹത്തൊന്നും തൊടാതെ ഒതുങ്ങി കൂടി നിന്ന് ഞാൻ ഭയങ്കര ഡിസൻ്റാണെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഇറങ്ങാനായി എണീറ്റു., അപ്പോൾ ആ ഒഴിഞ്ഞ സീറ്റിൽ ഞാൻ ഇരുന്നു. ലോക്കൽ ട്രെയിൻ ബൈലോ അനുസരിച്ച് സീറ്റിനിടയിൽ ആദ്യം നിൽക്കുന്ന ആൾക്കാണ് ആരെങ്കിലും എണീറ്റാൽ ഇരിക്കാനുള്ള യോഗ്യത. ആ അഹങ്കാരം വച്ചാണ് ഞാൻ ആ സിറ്റിൽ ചാടിക്കയറി ഇരുന്നത്. അപ്പോൾ അപ്പുറത്തുള്ള ഒരു സ്ത്രീ പറഞ്ഞു, ഈ സീറ്റ് പുറത്ത് കുറച്ച് ദൂരെയായി നിൽക്കുന്ന ഒരു സ്ത്രീ ബുക്ക് ചെയ്തിരിക്കുന്നുവെത്രെ . ഞാൻ എണീക്കണം എന്ന് . നാട്ടിലൊക്കെ ഉത്സവ പറമ്പിൽ വള മാല ഒക്കെ വിൽക്കുന്നവർ ഒരാഴ്ച മുന്നേ അവരുടെ സ്ഥലം മാർക്ക് ചെയ്ത് പോകും. പിന്നെ ഉത്സവ ദിവസമേ അവർ വരൂ . അത് പോലെയാണ് എസി കോച്ചെന്ന് ഞാനറിഞ്ഞിരുന്നില്ല.
ഞാൻ എണീറ്റു ചുറ്റും നോക്കി, ആളുകളുടെ മുഖങ്ങളിലൊക്കെ ഒരു പരിഹാസം ഉള്ളതുപോലെ എനിക്ക് തോന്നി. സൈക്കിളിൽ നിന്ന് വീണ ഒരു ചിരി എൻ്റെ മുഖത്തും . നോക്കിയപ്പോൾ തിരക്കിലൂടെ ആളുകളെ വഴഞ്ഞ് മാറ്റി ഒരു സ്ത്രീ വന്ന് ആ സീറ്റിൽ ഇരുന്നു.
ഞാൻ സ്വയം പറഞ്ഞു, ഈ എസി യാത്ര നമുക്ക് പറ്റില്ല, നമുക്ക് നമ്മുടെ നാടും റേഷൻ കടയും ഒക്കെ തന്നെ നല്ലത് എന്ന് ദിലീപ് സിനിമയിൽ പറയും പോലെ നമുക്ക് നമ്മുടെ സാദാ നോൺ എസി ട്രെയിനും അതിലെ ശീലങ്ങളും തന്നെ നല്ലതെന്ന് പറഞ്ഞ് ഞാൻ യാത്ര മുഴുമിക്കാതെ അടുത്ത സ്റ്റേഷനിൽ ഇറങ്ങി പുറകിൽ വരുന്ന സാദാ ലോക്കലും നോക്കി നിൽപ്പായി.
- രാജൻ കിണറ്റിങ്കര
- (Cover image by C R Sasikumar )
