മുംബൈയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകാൻ ആഗോള സന്നദ്ധ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ. WMC മുംബൈ സംഘടിപ്പിക്കുന്ന ഗോൾഡൻ ഹേർട്സ് ഫിലിം അവാർഡ് നിശയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. സിനിമാ താരങ്ങളുടെ സാന്നിധ്യവും സംഗീതഹാസ്യ വിരുന്നുമായി മെഗാ ചാരിറ്റി ഷോ മാർച്ച് 22ന് ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറും
മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ വർഷങ്ങളിൽ 350ൽ പരം സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തി നൽകിയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. നിർധന കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾക്കാണ് ചികിത്സാ സഹായം ലഭിച്ചത്.
HSC, SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതടക്കമുള്ള സേവന പ്രവർത്തനങ്ങൾ തുടരാനും വിപുലീകരിക്കാനുമായാണ് ധനശേഖരണത്തിന്റെ ഭാഗമായി ‘WMC മുംബൈ ഗോൾഡൻ ഹേർട്സ്’ സംഘടിപ്പിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ. കെ. നമ്പ്യാർ അറിയിച്ചു.

മാർച്ച് 22 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷണ്മുഖാനന്ദ ഹാളിൽ നടക്കുന്ന ഫിലിം അവാർഡ് നിശയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ജനറൽ സെക്രട്ടറി എം. കെ. നവാസ്, ചെയർമാൻ ഗോകുൽദാസ് മാധവൻ, ട്രഷറർ രാജേഷ് മാധവൻ തുടങ്ങിയവർ അന്ധേരിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചടങ്ങിൽ മെഗാ ഷോയുടെ പ്രചാരണ പത്രിക പ്രകാശനം ചെയ്തു. വ്യവസായി എസ് ജി നായർ ശ്രീനാരായണ മന്ദിര സമിതി ചെയർമാൻ എൻ. മോഹൻദാസിന് കൈമാറിയാണ് ഔദ്യോദികമായി പ്രകാശന കർമ്മം നിർവഹിച്ചത്.
ജോജു ജോർജ്, ബേസിൽ ജോസഫ്, പ്രകാശ് വർമ്മ, ശ്വേതാ മേനോൻ, ദർശന രാജേന്ദ്രൻ, സംഗീത് പ്രതാപ്, നന്ദു പൊതുവാൾ എന്നിവർക്കൊപ്പം നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ഗുഡ്നൈറ്റ് മോഹൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
പുരസ്കാര വിതരണത്തോടൊപ്പം സംവിധായകനും ഗായകനുമായ നാദിർഷ നയിക്കുന്ന സംഗീത–ഹാസ്യ പരിപാടിയും ആഘോഷരാവിന് നിറം പകരും.
സിനിമയും സേവനവും കൈകോർക്കുന്ന ഈ മെഗാ ഷോ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
