ശ്രീനിവാസൻ വിടവാങ്ങി, ഒന്നും പറയാൻ ബാക്കി വയ്ക്കാതെ . ഒരു ശരാശരി മലയാളിയുടെ ജീവിത സംഘർഷങ്ങളെ അക്കമിട്ടു നിരത്തി ശ്രീനിവാസൻ തൻ്റെ സിനിമകളിലൂടെ സമൂഹത്തിന് മുന്നിൽ കാഴ്ച വച്ചു. ശ്രീനിവാസൻ്റെ ഓരോ സിനിമയും നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടു കിടന്നു. നമുക്ക് പറയാൻ കഴിയാത്തതിനെ ശ്രീനിവാസനിലൂടെ നമ്മൾ കേട്ടു, കണ്ടു, അനുഭവിച്ചു.
ശ്രീനിവാസൻ്റെ സൗന്ദര്യം അദ്ദേഹത്തിൻ്റെ ആകാരത്തിലല്ലായിരുന്നു, അദ്ദേഹത്തിൻ്റെ ചിന്തകളിലും നിരീക്ഷണങ്ങളിലുമായിരുന്നു. ഗോഷ്ടി കൊണ്ടും അനുകരണം കൊണ്ടും കോമഡി കാണിക്കുന്ന സിനിമയുടെ പുത്തൻ ഹാസ്യ ലോകത്ത് കുറിക്ക് കൊള്ളുന്ന സാമുഹ്യ വിമർശനങ്ങളിലൂടെ ശ്രീനി നമ്മളെ ഇരുത്തി ചിന്തിപ്പിച്ചു, ചിരിപ്പിച്ചു.
ശ്രീനിയോട് ആർക്കും താരാരാധന ഉണ്ടായിരുന്നില്ല, സിനിമയുടെ ജാഡകളില്ലാത്ത ആ മനുഷ്യനോട് സ്നേഹം മാത്രമായിരുന്നു പ്രേക്ഷകർക്ക് . മലയാളിയുടെ ഗോസിപ്പ് കോളങ്ങളിൽ ഒരിക്കൽപ്പോലും പ്രത്യക്ഷപ്പെടാത്ത നാമം ശ്രീനിയുടേതായിരിക്കും.
തൻ്റെ സിനിമകളിൽപ്പോലും ശ്രീനി വിഡ്ഡിയും കോമാളിയും കുത്തിത്തിരുപ്പും തരികടയും ഒക്കെയായി നടക്കുന്ന കഥാപാത്രമാണ് ചെയ്തത്. പക്ഷെ അവയൊക്കെയും നായകനേക്കാൾ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രം സിനിമയിൽ തമ്പുരാനാകാൻ നടക്കുന്ന ശ്രീനിയുടെ പ്രകടനങ്ങളാണ് നമ്മളെ കുടുകുടെ ചിരിപ്പിച്ചത്. കോമഡിയിൽ പ്രധാനപ്പെട്ടത് ഡയലോഗ് ഡെലിവറിയിലെ കൃത്യതയും വ്യക്തതയുമാണെന്ന മർമ്മം അറിഞ്ഞ ആളായിരുന്നു ശ്രീനിവാസൻ. അതുകൊണ്ട് തന്നെ തീയേറ്ററുകളിൽ അടുത്തിരിക്കുന്ന ആൾ ചിരിക്കുന്നത് കണ്ട് ചിരിക്കേണ്ട ഗതികേട് പ്രേക്ഷകന് വന്നില്ല.
ശ്രീനി തിരക്കഥ എഴുതിയ സിനിമകൾ എത്ര ഹാസ്യാത്മകമായിരുന്നാലും അവസാനത്തെ 5 മിനിറ്റ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. കഥ പറയുമ്പോൾ എന്ന സിനിമയിൽ അശോക് രാജ് എന്ന മമ്മുട്ടി അവിചാരിതമായി ബാർബർ ബാലനായ ശ്രീനിയുടെ വീട്ടിലേക്ക് വരുന്ന രംഗം, ഉദയനാണ് താരത്തിലെ തിയേറ്ററിൽ മോഹൻലാലിൻ്റെ സിനിമയുടെ ആദ്യ ദിവസത്തെ പ്രദർശനം കഴിഞ്ഞ് നായകനായ ശ്രീനിവാസൻ മാധ്യമങ്ങളോട് പറയുന്ന ഭാഗം. ഇവയെല്ലാം കാണുമ്പോൾ മനസ്സ് കല്ലല്ലാത്തവരുടെ കൺകോണുകളിൽ ഒരു തുള്ളി കണ്ണീർ പൊടിയാതിരിക്കില്ല.
ശ്രീനിവാസൻ സമൂഹത്തോട് സംവദിച്ച സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായതിൽ ചിലത് വടക്കു നോക്കി യന്ത്രം, സന്ദേശം, തലയണ മന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവയായിരുന്നു. അപകർഷതാ ബോധവും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടലും വഴിവിട്ട രാഷ്ട്രീയ ചിന്തകളും പൊങ്ങച്ചവും അത്യാഗ്രഹവും എല്ലാം ഒരു കുടംബത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രീനിവാസൻ കൃത്യമായി വരച്ചിടുന്നുണ്ട്. അതേ സമയം മഴയെത്തും മുമ്പെ പോലുള്ള സിനിമകളിലൂടെ പ്രണയത്തിൻ്റെ തേങ്ങലും നോവും നിസ്സഹായതയും എല്ലാം മനോഹരമായി വരച്ചിടുന്നുമുണ്ട് ശ്രീനി .
കഥ, തിരക്കഥ : ശ്രീനിവാസൻ എന്ന് ഇനി പുത്തൻ സിനിമകളിൽ നമുക്ക് കാണാൻ കഴിയില്ല, കയ്യടി നേടാൻ നായകന് അവസരം നൽകി കഥയ്ക്കൊപ്പം സമാന്തരമായി സഞ്ചരിക്കുന്ന പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്ന് പറഞ്ഞ് നമ്മളെ ചിരിപ്പിക്കുന്ന ശ്രീനിയെ നമ്മളിനി കാണില്ല . എങ്കിലും അദ്ദേഹം വെട്ടിയ വഴികളിൽ നർമ്മവും ഹാസ്യവും ചിന്തകളും സാമൂഹ്യ വിമർശനവും പൊടി പിടിക്കാതെ എന്നും തിളങ്ങും. സമൂഹത്തിന് നേരെ തിരിച്ചു പിടിച്ച ആ കണ്ണാടി കാലമാകും മുന്നെ പൊട്ടിച്ചിതറിയെങ്കിലും, വിനയം കൊണ്ട് അഹന്തയെ തോൽപ്പിച്ച ആ മുഖം മലയാളി ഒരിക്കലും മറക്കില്ല. പ്രണാമം!!

- രാജൻ കിണറ്റിങ്കര
