ആരോഗ്യനില മോശമായതിനെ തുടർന്ന് എൻസിപി സ്ഥാപക നേതാവ് ശരദ് പവാറിനെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 85 വയസുള്ള പവാറിനെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലെത്തിച്ചത്.
പരിശോധനകളിൽ നെഞ്ചിൽ അണുബാധ ഉണ്ടായതായി സി.ടി. സ്കാനിൽ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരതയിലാണെന്നും, കൂടുതൽ പരിശോധനകൾക്ക് ശേഷം മുംബൈയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെ, ഭർത്താവ് സദാനന്ദ് സുലെ എന്നിവരാണ് ആശുപത്രിയിൽ പവാറിനൊപ്പം ഉണ്ടായിരുന്നത്. ഓറൽ കാൻസർ അതിജീവിച്ച വ്യക്തിയായ പവാറിന് അടുത്തിടെ തൊണ്ടയിലെ അണുബാധ, തുടർച്ചയായ ചുമ, നെഞ്ചെരിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് നിലവിൽ ശരദ് പവാർ തുടരുന്നതെന്നും ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
