ഇന്ത്യയുടെ ക്ലാസിക്കൽ, ഫോക് നൃത്ത–സംഗീത കലാരൂപങ്ങളെ ഒരേ വേദിയിൽ അവതരിപ്പിച്ച സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ, മുംബൈയിൽ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രശസ്ത ഗുരുക്കന്മാരുടെയും യുവകലാകാരന്മാരുടെയും പങ്കാളിത്തത്തോടെ ഫെസ്റ്റിവൽ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തിന്റെ ശക്തമായ പ്രകടനമായി.
താനെ ഉപവൻ ലേക്കിൽ ഫെബ്രുവരി 6,7,8,9 തീയ്യതികളിലായി നടക്കുന്ന പരിപാടിയിൽ ഉദ്ഘാടന ദിവസം, ദീപപ്രജ്വലനം, ക്ലാസിക്കൽ നൃത്ത–സംഗീത അവതരണങ്ങൾ, രണ്ടാം ദിവസം ഭാരതനാട്യം, കത്തക്, ഒഡിസ്സി – ക്ലാസിക്കൽ ഡാൻസ് & മ്യൂസിക് എന്നിവയും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് ഫോക്, ഫ്യൂഷൻ അവതരണങ്ങൾ; കൂടാതെ യുവകലാകാരന്മാർക്കും വേദിയൊരുങ്ങും.തിങ്കളാഴ്ച സമാപന സമ്മേളനം, ആദരിക്കൽ എന്നീ പരിപാടികളോടെ പരിസമാപ്തിയാകും.
ഇന്ത്യൻ കലകളുടെ ആത്മാവും വൈവിധ്യവും ഒരുമിച്ച് അനുഭവിക്കാവുന്ന അപൂർവ വേദിയായി സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ മുംബൈയിൽ അരങ്ങേറി. നൂറ്റാണ്ടുകൾ പഴക്കമുള്ള നൃത്ത–സംഗീത പാരമ്പര്യങ്ങളെ പുതുതലമുറയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത ഗുരുക്കന്മാരും കലാകാരന്മാരും പങ്കെടുത്ത ഫെസ്റ്റിവലിൽ, ഭാരതനാട്യം, കത്തക്, ഒഡിസ്സി ഉൾപ്പെടെയുള്ള ക്ലാസിക്കൽ നൃത്തശൈലികൾക്കും കേരളീയ കലകൾക്കും സംഗീതാവിഷ്കാരങ്ങൾക്കും പ്രാധാന്യം നൽകി. ഓരോ പ്രകടനവും ഇന്ത്യൻ സംസ്കാരത്തിന്റെ ഗൗരവവും ആഴവും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു.
പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, യുവകലാകാരന്മാർക്ക് വേദിയൊരുക്കുക എന്നതും ഫെസ്റ്റിവലിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി. പരിചയസമ്പന്നരായ ഗുരുക്കന്മാരുടെ സാന്നിധ്യം കലാപരിശീലനത്തിന്റെ ശാസ്ത്രീയതയും ശുദ്ധതയും ശക്തമായി മുന്നോട്ടുവച്ചു.

നൃത്തവും സംഗീതവും കലാപ്രകടനങ്ങൾക്കുപരി നമ്മുടെ സാംസ്‌കാരിക തിരിച്ചറിയലിന്റെ അടിത്തറയാണെന്ന് ഫെസ്റ്റിവലിനെ കുറിച്ച് സംസാരിച്ച സാൻസ്‌കൃതി യുവ പ്രതിഷ്ഠാൻ സ്ഥാപകനും ചെയർമാനുമായ മന്ത്രി പ്രതാപ് സർനായിക് പറഞ്ഞു.
ആ പൈതൃകം സംരക്ഷിക്കുകയും യുവതലമുറയിലേക്ക് കൈമാറുകയും ചെയ്യുക എന്നതാണ് സാൻസ്‌കൃതിയുടെ ലക്ഷ്യം. ഈ ഫെസ്റ്റിവൽ, ഇന്ത്യൻ കലകളുടെ ആത്മാവിനെ ലോകവേദിയിലേക്ക് എത്തിക്കുന്ന ശ്രമമാണെന്ന് സംഘാടകർ വ്യക്തമാക്കി .

നൃത്തവും സംഗീതവും വിനോദമല്ല, സമൂഹത്തിന്റെ സാംസ്‌കാരിക ബോധത്തിന്റെ പ്രതിഫലനമാണെന്ന സന്ദേശമാണ് സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ ശക്തമായി ഉയർത്തിക്കാട്ടിയത്. കലാപൈതൃകം സംരക്ഷിക്കാനും തലമുറകൾക്കിടയിലെ സാംസ്‌കാരിക കൈമാറ്റം ശക്തിപ്പെടുത്താനും ഇത്തരം വേദികൾ അനിവാര്യമാണെന്ന വിലയിരുത്തലാണ് കലാരംഗത്തെ വിദഗ്ധർ പങ്കുവച്ചത്.

ഇന്ത്യൻ കലകളുടെ മഹത്വം ദേശീയവും അന്താരാഷ്ട്രവുമായ വേദികളിലേക്ക് എത്തിക്കുന്ന ഒരു സാംസ്‌കാരിക ദൗത്യമായി മാറിയ സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ, വരും വർഷങ്ങളിലും കലാപ്രേമികളുടെ പ്രതീക്ഷകളോടെ തുടരുമെന്നാണ് സംഘാടകരുടെ അഭിപ്രായം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
