മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു.

0

മുംബൈ കാന്തിവിലിയിൽ താമസിച്ചിരുന്ന മത്തായി കെ വർഗ്ഗീസ് ആണ് മരണപ്പെട്ടത്. 57 വയസ്സായിരുന്നു. പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമാ ഇടവകാംഗമായ മത്തായി പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സക്കായി സേവൻ ഹിൽ ആശുപത്രിയിൽ കൊണ്ട് പോകുന്നത്. എന്നാൽ കൊവിഡ് വൈറസ് പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമാണ് ചികിത്സ തുടങ്ങാനാകൂ എന്ന മുംബൈയിലെ ആശുപത്രികളിലെ പതിവ് പല്ലവിയാണ് ഇവിടെയും ആവർത്തിച്ചത്. തുടർന്ന് സ്രവ പരിശോധനക്ക് ശേഷം ഇവരെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. നഴ്‌സായ ഭാര്യ ഏലിയാമ്മയുടെ പരിചരണത്തിൽ വീട്ടിൽ തന്നെ കഴിഞ്ഞുവെങ്കിലും രോഗം മൂർച്ഛിക്കുകയായിരുന്നു.

പരിശോധന ഫലത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാൽ ചികിത്സ തുടങ്ങുന്നതിന് മുൻപ് തന്നെ മത്തായി മരണത്തിന് കീഴടങ്ങുകയായിരുന്നു. കേരളത്തിൽ മുല്ലപ്പിള്ളി സ്വദേശിയാണ്. പവായ് ആസ്ഥാനമായ റിനൈസൻസ്‌ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനാണ് മത്തായി. ഭാര്യയോടൊപ്പം കാന്തിവിലിയിലെ ഓം സിദ്ദിവിനയക് ഹൌസിങ് സൊസൈറ്റിയിൽ താമസിക്കുന്നു. ഇവർക്ക് മക്കളില്ല. സംസ്കാരം നിലവിലെ ലോക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ബി എം സി നിർവഹിക്കുമെന്ന് ഫാദർ ജോൺ ടി എസ് അറിയിച്ചു.

ഏലിയാമ്മയെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുവാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഇവരുടെ സ്രവ പരിശോധന ഫലം ലഭിച്ചതിന് ശേഷമായിരിക്കും ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുക. എന്നാൽ ഇത് വരെ മുനിസിപ്പൽ അധികൃതർ ആരും തന്നെ ഇവർ താമസിച്ചിരുന്ന കെട്ടിടവും പരിസരവും സാനിറ്റൈസ് ചെയ്യുവാൻ എത്താതിരുന്നത് പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

എയ്മ ഭാരവാഹികളായ അഡ്വക്കേറ്റ് പത്മ ദിവാകരൻ, അഡ്വക്കേറ്റ് പ്രേമ മേനോൻ എന്നിവരാണ് കുടുംബത്തിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു ഭൗതിക ശരീരം വിട്ടു കിട്ടുന്നതിനും ആംബുലൻസ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിനുമായി പ്രവർത്തിക്കുന്നത്. മരിച്ച മത്തായിയുടെ ഭൗതിക ശരീരം ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ പോലും ആംബുലൻസ് ലഭ്യമായിരുന്നില്ല. അത് പോലെ നേഴ്സ് ആയി ജോലി ചെയ്യുന്ന ഏലിയാമ്മയെ പരിശോധനക്കായി പ്രവേശിപ്പിക്കുവാനും ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ലെന്ന് അഡ്വക്കേറ്റ് പ്രേമ മേനോൻ പറഞ്ഞു. തുടർന്ന് ബന്ധപ്പെട്ട അധികൃതരുമായി പല വട്ടം സംസാരിച്ചതിന് ശേഷമാണ് നടപടികൾ ഉണ്ടായതെന്നും എയ്മ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി പ്രേമ മേനോൻ പറഞ്ഞു.

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here