മുംബൈയിലെ മലയാളി സാംസ്കാരിക ജീവിതത്തിൽ ഒരുകാലത്ത് ശക്തമായ സാന്നിധ്യമായിരുന്ന നാടകകല, ആധുനിക ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ പിന്നിലേക്ക് പോകുന്ന സാഹചര്യത്തിലാണ്, കലയെ സാമൂഹിക ഉത്തരവാദിത്വവുമായി ചേർത്ത് പുതുമയുള്ള ജീവകാരുണ്യ സംരംഭം ഒരുങ്ങുന്നത്. നാടകാവതരണത്തിലൂടെ സമാഹരിക്കുന്ന ധനം നിർധനരായ രോഗികൾക്കും അശരണർക്കും കൈത്താങ്ങാകുന്ന ഈ ശ്രമം, നാടകകലയ്ക്ക് ഒരു പുതിയ സാമൂഹിക മാനം നൽകുകയാണ്.
എഴുപതുകളിലും എൺപതുകളിലും മുംബൈയുടെ സാംസ്കാരിക രംഗത്ത് നിർണായക പങ്കു വഹിച്ച പഴയ കാല നാടകപ്രവർത്തകർ ഇന്ന് അവശതയിലായിരിക്കുന്ന സാഹചര്യത്തിൽ, അവരെ ആദരിക്കുകയും ആവശ്യമായ ചികിത്സാ സഹായം നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന തിരിച്ചറിവിലാണ് ഈ ഉദ്യമം. നാടകകലയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനും, ദുരിതമനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങാകാനും കേരളീയ കേന്ദ്ര സംഘടന മുന്നോട്ടുവന്നിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഡോംബിവ്‌ലി കേരളസമാജത്തിന്റെ സഹകരണം ഈ സംരംഭത്തിന് കൂടുതൽ ഊർജം നൽകുന്നു.
ഈ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി, പ്രശസ്ത നാടകസമിതിയായ മലപ്പുറം ലിറ്റിൽ എർത്ത് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം ‘കുഹൂ’ മാർച്ച് 28, ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കല്യാൺ വെസ്റ്റിലെ കെ സി ഗാന്ധി മെമ്മോറിയൽ ആഡിറ്റോറിയത്തിൽ അരങ്ങേറും.
സംരംഭം വിജയകരമാക്കുന്നതിന്റെ ഭാഗമായി, കല്യാൺ–ഡോംബിവ്‌ലി മേഖലയിലെ സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരുടെ പ്രത്യേക ആലോചനായോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
തിയതി: ജനുവരി 17, ശനിയാഴ്ച
സമയം: വൈകുന്നേരം 6 മണി
സ്ഥലം: ഡോംബിവ്‌ലി കേരളസമാജം (ഈസ്റ്റ്) ഓഫീസ്, ശുഭം കരോട്ടി ബിൽഡിംഗ്, ഡോംബിവ്‌ലി ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ സമീപം
നാടിന്റെ നന്മ ലക്ഷ്യമാക്കി കലയേയും സഹജീവിസ്നേഹത്തെയും കോർത്തിണക്കുന്ന ഈ സംരംഭത്തിൽ പങ്കാളികളാകാൻ മുംബൈയിലെ മുഴുവൻ മലയാളി കൂട്ടായ്മകളോടും സംഘാടകർ അഭ്യർത്ഥിച്ചു. സംരംഭത്തെ വിജയകരമാക്കുന്നതിനായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്നും അവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മാത്യു തോമസ് – 91674 49349
സുരേന്ദ്ര ബാബു – 98200 63617
ജയപ്രകാശ് – 98330 74099
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
