മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒരു കാലത്ത് സജീവമായിരുന്ന രമേശ് അയ്യർ ഓർമ്മയായി. ഡോംബിവ്‌ലിയിൽ സ്ഥിരതാമസമായിരുന്ന രമേശ്, വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ ജന്മനാടായ പാലക്കാട്ട് കല്പാത്തിയിലേക്ക് താമസം മാറിയത്. കൈയ്യക്ഷരം നന്നാക്കുന്നതിനായി റൈറ്റ് റൈറ്റിംഗ് എന്നൊരു പരിശീലന പ്രോഗ്രാം കേരളത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രമാക്കി നടത്തിയിരുന്നു.
കോവിഡ് കാലത്ത് ടേസ്റ്റ് ഓഫ് കൽപാത്തി എന്ന ഹോട്ടൽ ആരംഭിച്ചിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 67 വയസ്സായിരുന്നു.
സമൂഹത്തിനുവേണ്ടി എപ്പോഴും സേവന സന്നദ്ധനായിരുന്ന ബഹുമുഖ പ്രതിഭയും ഊർജ്ജസ്വലനുമായ ഒരു വ്യക്തിത്വത്തെയാണ് നഷ്ടമായത്.

മുംബൈയിലെ നിരവധി സാംസ്കാരിക മാമാങ്കങ്ങൾ സംഘടിപ്പിച്ചിട്ടുള്ള രമേശ്, 2008, 2011, 2012 വർഷങ്ങളിൽ ഡോംബിവ്‌ലി കെ ഡി എം സി ഗ്രൗണ്ടിൽ മുംബൈ പൂരവും മെഗാ കൈകൊട്ടിക്കളിയും സംഘടിപ്പിച്ചാണ് ലോകശ്രദ്ധ നേടുന്നത്.
2012 നവംബറിൽ ഔദ്യോഗികമായി 2,639 വനിതകൾ പങ്കെടുത്ത മെഗാ കൈകൊട്ടിക്കളി ഗിന്നസിൽ ഇടം നേടിയിരുന്നു. രമേശിന്റെ ആശയത്തിൽ മുംബൈ പൂരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി കേരളീയ സംസ്കാര ഐക്യത്തിന്റെ പ്രതീകമായി മാറുകയും ലോക റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. 2012-ലെ മുംബൈയിലെ ഈ മഹാനൃത്തം പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും അഭിമാനത്തിന്റെയും ഒരു ചരിത്ര നേട്ടമായി ഇന്നും ഓർമ്മിക്കപ്പെടുന്നു.
യേശുദാസ്, ജയചന്ദ്രൻ, തുടങ്ങിയ പ്രതിഭകളെ മക്കളോടൊപ്പം ഒരേ വേദിയിൽ അവതരിപ്പിച്ചും എം ജി ശ്രീകുമാർ, ചിത്ര, തുടങ്ങിയ പിന്നണിഗായകരുടെ സംഗീത പരിപാടികൾ കൂടാതെ സുരേഷ് ഗോപി, ശോഭന, തുടങ്ങിയ താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ ഷോകളും സൗജന്യമായി സംഘടിപ്പിച്ചിരുന്ന മികച്ച സംഘടകനെയാണ് സാംസ്കാരിക ലോകത്തിന് നഷ്ടമാകുന്നത്.
ഡോംബിവ്‌ലി കല്യാൺ മേഖലയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് രൂപം കൊടുത്ത രാഗസുധ എന്ന സാംസ്കാരിക സംഘടനയിലൂടെയാണ് രമേശ് അയ്യർ മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്തേക്ക് കടന്നു വരുന്നത്. രാഗസുധയുടെ ബാനറിൽ നിരവധി മികച്ച പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
