നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം കമ്പിളി പുതപ്പിനുള്ളിലേക്ക് ഒതുങ്ങി കൂടാൻ വെമ്പുകയാണ്. രാത്രി മയക്കത്തിന് മുന്നെ പതിവുപോലെ ടി.വി വാർത്തകളിലൂടെ ഒന്ന് കണ്ണോടിക്കുമ്പോൾ മലയാളം ചാനലുകളിൽ മുംബൈയിലെ ഗേയ്റ്റ് ഓഫ് ഇന്ത്യാ പരിസരത്ത് ഗുണ്ടാ ആക്രമണം എന്നൊരു ബ്രേക്കിംഗ് ന്യൂസ്. മുംബൈയിൽ കേരളത്തിലെ പോലെ ഗുണ്ടാ ആക്രമണങ്ങൾ ഒന്നും പതിവല്ലല്ലോ, (ഇവിടെ എല്ലാവരും ഗുണ്ടകളാണല്ലോ, ജീവിതത്തിലെ പ്രതിസന്ധികളെ നിഷ്കരുണം വെട്ടി വീഴ്ത്തുന്ന ഗുണ്ടകൾ). ഇനി അഥവാ ഉണ്ടായാൽ തന്നെ അതിനൊരു ബ്രേക്കിംഗ് ന്യൂസിൻ്റെ പ്രാധാന്യമൊന്നും ഇല്ലല്ലോ എന്ന് കരുതി ചാനലുകൾ മാറ്റിമാറ്റി വാർത്തകളിലൂടെ കണ്ണോടിച്ചപ്പോൾ അതൊരു വലിയ ഭീകരാക്രമണമായി മാറിക്കഴിഞ്ഞിരുന്നു.
മുംബൈ നഗരത്തിൻ്റെ ഹൃദയമിടിപ്പുകൾ നിശ്ചലമായ മണിക്കൂറുകൾ. അതിൽ ഏറ്റവും ഭീകരമായത് താജ് ഹോട്ടലിനുള്ളിലേയും സി.എസ്.ടി സ്റ്റേഷനിലേതും ആയിരുന്നു.
താജ് ഹോട്ടൽ, കാമ ഹോസ്പിറ്റൽ, സി.എസ്.ടി സ്റ്റേഷൻ, ലിയോ പോൾഡ് കഫെ, ഒബിറോയ് ഹോട്ടൽ, മെട്രോ സിനിമ തുടങ്ങി മുംബൈയുടെ ജനസാന്ദ്രതയുള്ള പ്രധാന തുരുത്തുകളിലെല്ലാം ഭീകരത അഴിഞ്ഞാടുന്ന ഞെട്ടിക്കുന്ന വാർത്തകൾ നാഷണൽ ചാനലുകളിലും മറ്റ് പ്രാദേശിക ചാനലുകളിലും തുടരെ തുടരെ വന്നു കൊണ്ടിരുന്നു. . മുംബൈ നഗരത്തിൻ്റെ ഹൃദയമിടിപ്പുകൾ നിശ്ചലമായ മണിക്കൂറുകൾ. അതിൽ ഏറ്റവും ഭീകരമായത് താജ് ഹോട്ടലിനുള്ളിലേയും സി.എസ്.ടി സ്റ്റേഷനിലേതും ആയിരുന്നു.
തണുപ്പ് ചൂടിലേക്ക് പെട്ടെന്ന് വഴിമാറി, മുംബൈ നഗരം ഉറക്കമിളച്ച് വാർത്തകൾ അറിയാൻ ടി.വി. ചാനലുകൾക്ക് മുന്നിൽ ഇരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്താത്തവരെക്കുറിച്ച് ചിലർ വ്യാകുലരായി. ഉൽക്കണ്ഠകളും നിരാശയും ആശങ്കകളും ചുറ്റും തളം കെട്ടി നിന്നു. ഇൻ്റർനെറ്റ് ജാമായി, മൊബൈലുകൾ നിശ്ചലമായി. നഗരത്തിൻ്റെ ആകാശപ്പരപ്പിൽ ചോരയുടെ ഗന്ധം. താഴെ വെടിയൊച്ചകളും നിലവിളികളും . അപ്പോഴും മുംബൈയുടെ റെയിൽ ട്രാക്കിൽ ഒന്നും സംഭവിക്കാത്തതുപോലെ ലോക്കൽ ട്രെയിനുകൾ പതിവുപോലെ പ്രയാണം തുടർന്നു കൊണ്ടിരുന്നു.
താജ് ഹോട്ടലിൽ കയറിക്കൂടിയ ഭീകരരെ വധിക്കാൻ മൂന്ന് ദിവസത്തോളം എടുത്ത ഓപ്പറേഷൻ., ഏകദേശം 175 പേർ കൊല്ലപ്പെട്ട നഗരവും രാജ്യവും വിറങ്ങലിച്ച ദിനരാത്രങ്ങൾ. ജീവൻ നഷ്ടപ്പെട്ടവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും. സി. എസ് ടി യിൽ അഴിഞ്ഞാടിയ കസബ് എന്ന ഭീകരനെ മാത്രം ജീവനോടെ പിടിക്കാൻ പറ്റി, അതിലൂടെ തെളിഞ്ഞ ഭീകരാക്രമണ പദ്ധതിയുടെ നടുക്കുന്ന ചിത്രങ്ങൾ.
പിറ്റേന്ന് വ്യാഴാഴ്ച, നഗരവീഥികൾ മൂകമായിരുന്നു, ലോക്കൽ ട്രെയിനിൽ പതിവ് തിരക്കുകളില്ല, എവിടേയും ഭീകരാക്രമണത്തിൻ്റെ ചർച്ചകൾ മാത്രം . ആക്രമണത്തിന് സാക്ഷ്യം വരിച്ചവരും തലനാരിഴക്ക് രക്ഷപ്പെട്ടവരുമെല്ലാം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.
വെടിയൊച്ചകൾ നിശ്ചലമായ നവംബർ 29ന് നഗരം വീണ്ടും ഉണർന്നു. മുറ്റത്ത് വീണ ഒരു പിഞ്ചുകുഞ്ഞ് കൈയിലെ മുറിപ്പാട് തലോടി ട്രൗസറിലെ മണ്ണ് തട്ടി കളഞ്ഞ് എണീറ്റ് നടക്കും പോലെ ഒന്നും സംഭവിക്കാത്തതു പോലെ നഗരം അതിജീവനത്തിൻ്റെ പതിവു യാത്രകളിലേക്ക് ചൂളം വിളിച്ചിറങ്ങി. മറവിയെ മറുമരുന്നാക്കി ജീവിതത്തിൻ്റെ വേദനകളെ നിഷ്പ്രഭമാക്കുന്നവർ . പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ പെയ്തൊഴിയാത്ത ഒരു വേദനക്കാലം പേറി നടക്കുന്നവർ.
17 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ ഭീകര രാത്രിയെ മറക്കാൻ മുംബൈ നഗരത്തിനാവില്ല. എന്നാലും ദുഃഖങ്ങൾക്ക് അവധി കൊടുത്ത് അടുത്ത പുലരിയുടെ സൂര്യോദയം തേടി മുംബൈ യാത്ര തുടരുകയാണ്.

- രാജൻ കിണറ്റിങ്കര
