എൺപതുകളിലെ യാത്രക്കാർ കൂട്ടത്തോടെ ഏറ്റെടുത്തതോടെ രാജൻ കിണറ്റിങ്കരയുടെ ലേഖനം ഓൺലൈനിൽ വൈറലായി. എഴുപതുകളിലും എൺപതുകളിലും മുംബൈയിലെത്തിയ മലയാളികളെ തൊട്ടറിഞ്ഞ അനുഭവങ്ങളാണ് ലേഖനത്തെ ഹൃദയസ്പർശിയാക്കിയത്. ആത്മബന്ധത്തിന്റെ തേങ്ങലും നൊമ്പരവും പേറിയുള്ള യാത്രകൾ അനുഭവിച്ചവരെ വരികൾ പെട്ടെന്ന് സ്വാധീനിച്ചു. മാറിയ കാലത്തെ ഒറ്റപ്പെടലും കുറെയധികം പേർ തിരിച്ചറിഞ്ഞു. ബന്ധങ്ങൾ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ മാത്രമായി ചുരുങ്ങിയതോടെ ബന്ധുക്കൾ പോലും പരസ്പരം കാണാതായി. കാലം മറന്ന പാതകളുടെ ഓർമ്മകൾ പലർക്കും ഗൃഹാതുരത പകർന്നാടി. രാജൻ കിണറ്റിങ്കരയുടെ വരികളിൽ വീണ്ടും തെളിഞ്ഞ എൺപതുകളുടെ ബോംബെ യാത്ര വേറിട്ടൊരു വായനാനുഭവമായി.
“ഇന്നതെല്ലാം പോയി മറഞ്ഞു. ഇപ്പോൾ ന്യൂക്ലിയർ ഫാമിലി വന്നപ്പോൾ വീട്ടിൽ ആളില്ലാതായി കമ്പ്യൂട്ടർ യുഗമായപ്പോൾ ബന്ധങ്ങളും ബന്ധുക്കളും കുറഞ്ഞു. വീട്ടിൽ സൗഹൃദ സന്ദർശനം നിലച്ചു. എല്ലാത്തരത്തിലുമുള്ള ഒറ്റപ്പെടൽ.. ഇനിയും സൗഹൃദങ്ങൾ വാട്സാപ്പിൽ മാത്രം!!. മൊബൈൽ ഓഫ് ചെയ്താൽ ഒന്ന് വിളിക്കാൻ പോലും ഒരു സുഹൃത്തില്ലാത്ത അവസ്ഥ” എസ് മുരളിയുടെ പ്രതികരണം വർത്തമാന കാലത്തെ യാഥാർഥ്യം തുറന്നു കാട്ടുന്നതാണ്.
“എഴുപതുകളുടെ മധ്യത്തിൽ നാട്ടിൽ നിന്നും കയറുന്ന കേരള എക്സ്പ്രസ് മഡ്രാസ് ട്രെയിനിൽ ബോംബെയിലേയ്ക്ക് ഉള്ള നാലു ബോഗികൾ കാണും അതു രാവിലെ എത്തുന്ന ആർക്കോണത്തു അഴിച്ചിടും. ഉച്ചയ്ക്കു ശേഷം മ ഡ്രാസ് വരുന്ന ട്രെയിനിൽ ആ ബോഗികൾ ഘടിപ്പിച്ചാണ് പിന്നെ ബോംബെയിലേയ്ക്ക് തുടർന്നുള്ളയാത്ര’ഒരു മേയ് മാസ ചൂടുകാലത്ത് – ബോഗികൾ അഴിച്ചിടുമ്പോൾ ആർക്കോണത്ത് ഇടുമ്പോൾ വെള്ളം വെളിച്ചംഒന്നുമില്ല, യാത്രക്കാർ.സ്റ്റേഷനു പുറത്തുപോയി ഹോട്ടിൽ ഭക്ഷണം കഴിച്ചു. അങ്ങനെ ചെയ്ത ആദ്യ ബോംബെ യാത്ര ഓർമപ്പെടുത്തി ഈ പോസ്റ്റ്” നന്ദകുമാറിന്റെ കമന്റ്.
അച്യുതൻ പത്മനാഭൻ പങ്ക് വച്ചതും മറക്കാനാവാത്ത അന്നത്തെ യാത്രകളുടെ ഓർമ്മകളാണ്.
1979ൽ കൽക്കട്ടയിൽ ആയിരുന്ന കാലത്തും ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലീല കുര്യൻ ഓർത്തെടുത്തു.
“അതെ ബന്ധുക്കൾക്ക് കൊടുക്കാൻ തന്നൂവിടുന്ന പണം ,കത്തുകൾ തീരിച്ചുപോകുമ്പോൾ കായ് വറുത്തത് ചക്ക വറുത്തത്” ഊഷ്മളമായ ബന്ധങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന കാലത്തെ സതി ദേവിയും ഓർക്കുന്നു.
“എന്റെ പൊന്നോ… ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാണണം.. നെഞ്ചത്തടി നിലവിളി കൂട്ടക്കരച്ചിൽ.. സ്റ്റേഷൻ വിട്ടാലും യാത്രക്കാരൻ എറണാകുളം വരെ കരയും.. പലരും ചോദിക്കും ആദ്യമായിട്ടാണല്ലേ… പ്ലാറ്റുഫോമിൽ നിൽക്കുന്ന അമ്മമാരുടെ കരച്ചിൽ നമ്മെ സങ്കടപ്പെടുത്തും.. അതൊക്കെ ഒരു കാലം.. ഇന്ന് പോടാ പുല്ലേ.. എന്ന മട്ടായി” മാറിയ കാലത്തെ വിരസത ബാബു ജോർജിന്റെ വരികളിൽ.
ശ്രീദേവിക്കും, വിജയ ശങ്കറിനും, ജോൺസൺ വർഗീസിനും, ജയന്തി, ഗീത, ശൈലജ, തുളസി, രാധാകൃഷ്ണൻ, രമണി, സുനി, പ്രസന്ന മേനോൻ തുടങ്ങി നിരവധി പേർക്കാണ് രാജൻ കിണറ്റിങ്കരയുടെ ലേഖനം ഗൃഹാതുരത പകർന്നാടിയത്. ഒരുപാട് സന്തോഷവും ഒപ്പം വിഷമവും അനുഭവിച്ചിരുന്ന കാലമെന്ന് സുജാതയും കൂട്ടിച്ചേർക്കുന്നു.

