മട്ടുപ്പാവിലെ ജൈവകൃഷി മാതൃകാപരം: ഡോ. ഉമ്മൻ ഡേവിഡ്
മുംബൈ:
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. ഇവിടെയിതാ വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷി നടത്തി മാതൃകയായാണ് ആലപ്പുഴ സ്വദേശികളായ സഹോദരിമാർ ജന്മനാട്ടിൽ മാത്രമല്ല, മഹാനഗരത്തിലും കൈയ്യടി നേടുന്നത്. മുംബൈ കാണാനെത്തിയ മലയാളി കുട്ടികർഷകർക്ക് പുരസ്കാരം നൽകി വേൾഡ് മലയാളി ഫെഡറേഷൻ അനുമോദിച്ചു.. വേൾഡ് മലയാളി ഫെഡറേഷൻ ഏർപ്പെടുത്തിയ കുട്ടികർഷക പുരസ്കാരമാണ് ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിലെ സഹോദരിമാരായ ഫരീദ ഫിറോസ്, ഫാദിയ ഫിറോസ് എന്നിവർക്ക് ലഭിച്ചത്.
ആദ്യമായി വിമാനത്തിൽ കയറാൻ കഴിഞ്ഞ സന്തോഷത്തിലും മഹാനഗരത്തിലെ വിസ്മയക്കാഴ്ചകൾക്കുമിടയിലാണ് വേൾഡ് മലയാളി ഫെഡറേഷൻ ഏർപ്പെടുത്തിയ കുട്ടികർഷക പുരസ്കാരം ഇരട്ടിമധുരമായത്.
ഫരീദ മൻസിലിൽ താമസിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫരീദ ഫിറോസും, നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാദിയ ഫിറോസുമാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്. 30,000 രൂപയും മെമൻ്റോയും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്.

ഡോംബിവിലിയിലെ ഹോളി ഏഞ്ചൽസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് വേൾഡ് മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ് ഉദ്ഘാടനം ചെയ്തു. കുട്ടികർഷകർക്കുള്ള പുരസ്കാര തുകയും അദ്ദേഹം കൈമാറി.
ചെറുപ്രായത്തിൽ തന്നെ വളരെ കുറച്ച് സ്ഥലത്ത് വൈവിധ്യമാർന്ന കൃഷി നടത്തി മികച്ച വിളവ് നേടുന്ന ഫരീദയുടെയും ഫാദിയയുടെയും പരിശ്രമം സമൂഹത്തിന് മാതൃകയാണെന്ന് ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുതിയ തലമുറയിൽ വളർത്തുന്നതിൽ ഇത്തരം ശ്രമങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് കോളേജ് ഡയറക്ടർ ബിജോയ് ഉമ്മൻ അധ്യക്ഷത വഹിച്ചു. ദിവ്യ ഫാഷൻസ് മാനേജിംഗ് ഡയറക്ടറും ശ്രീനാരായണ സഹകരണ ബാങ്ക് ഡയറക്ടറുമായ ഉദയഭാനു കല്ലിങ്ങൽ മെമൻ്റോ നൽകിയും പൊന്നാട അണിയിച്ചും കുട്ടികർഷകരെയും കുടുംബത്തെയും അനുമോദിച്ചു.
ഡബ്ല്യു.എം.എഫ് സെക്രട്ടറി ഡോമിനിക് പോൾ, ജോയിന്റ് സെക്രട്ടറി എൻ.ടി. പിള്ള, തനിമ സാംസ്കാരിക വേദി ഭാരവാഹി ഉണ്ണികൃഷ്ണ കുറുപ്പ്, സി.എസ്. മനോജ്, മനോജ് അയ്യനേത്ത്, സ്മിത ലാജൂ എന്നിവർ സംസാരിച്ചു.
കുട്ടികർഷകരുടെ മാതാപിതാക്കളായ എ. ഫിറോസ് അഹമ്മദ്, എൻ. നാസില, അനുജൻ ഫാദിൽ മുഹമ്മദ് ഫിറോസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Watch highlights of the event in Amchi Mumbai, this Saturday 7th Feb 2026 at 4.30 p.m. in Kairali News
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS
