മുംബൈ: ചൈനയിലെ ഷാങ്ഹായിൽ സെപ്റ്റംബർ 22 മുതൽ 27 വരെ നടക്കുന്ന വേൾഡ്‌സ്‌കിൽസ് ഷാങ്ഹായ് 2026-ൽ പങ്കെടുക്കുന്ന ഫിക്കി ലീഡർഷിപ്പ് ഡെലിഗേഷനിലേക്ക് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ നാമനിർദേശം ചെയ്യപ്പെട്ടു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തിൽ വ്യവസായം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസന സ്ഥാപനങ്ങൾ, സർക്കാർ സംഘടനകൾ, വിദ്യാഭ്യാസ-പരിശീലന മേഖലകൾ എന്നിവയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നൈപുണ്യ മത്സരങ്ങളിലൊന്നായ 48-ാമത് WorldSkills Competition ആണ് ഇത്തവണ ഷാങ്ഹായിൽ നടക്കുന്നത്. എഴുപതിലധികം രാജ്യങ്ങളിലെയും മേഖലകളിലെയും 1,400-ലധികം യുവ നൈപുണ്യ പ്രതിഭകൾ വിവിധ തൊഴിൽ-സാങ്കേതിക മേഖലകളിലായി 64 മത്സര ഇനങ്ങളിൽ പങ്കെടുക്കും. ഷാങ്ഹായിലെ National Exhibition and Convention Center (NECC) ആണ് പ്രധാന വേദി.
1950-ൽ സ്പെയിനിൽ ആരംഭിച്ച അന്താരാഷ്ട്ര നൈപുണ്യ മത്സരത്തിന്റെ തുടർച്ചയായ വേൾഡ്‌സ്‌കിൽസ് ഇന്ന് Technical and Vocational Education and Training (TVET), തൊഴിൽ നൈപുണ്യ വികസനം, സാങ്കേതിക വിദ്യാഭ്യാസം, തൊഴിൽമികവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ആഗോള വേദിയായി മാറിയിട്ടുണ്ട്. ചൈന ആദ്യമായാണ് വേൾഡ്‌സ്‌കിൽസ് മത്സരം ആതിഥേയത്വം വഹിക്കുന്നത് എന്നതും ഷാങ്ഹായ് 2026-ന്റെ പ്രത്യേകതയാണ്.
മത്സരവേദി എന്നതിനപ്പുറം, സർക്കാരുകൾ, വ്യവസായ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, നയരൂപീകരണക്കാർ, പരിശീലന സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവരെ ഒരുമിപ്പിക്കുന്ന ചർച്ചാ-സഹകരണ വേദിയുമാണ് വേൾഡ്‌സ്‌കിൽസ്. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഭാവിയിലെ തൊഴിൽ നൈപുണ്യങ്ങൾ എന്നിവ സംബന്ധിച്ച പുതിയ മാതൃകകൾ ഇവിടെ ചർച്ച ചെയ്യപ്പെടും.
മത്സരത്തോടനുബന്ധിച്ച് “Shaping a Skills-Driven Future” എന്ന പ്രമേയത്തിൽ നടക്കുന്ന WorldSkills Conference 2026-ലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ വിദഗ്ധർ, നൈപുണ്യ സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും.
ഫിക്കി പ്രതിനിധി സംഘം വേൾഡ്‌സ്‌കിൽസ് മത്സരങ്ങളും പ്രദർശനങ്ങളും സന്ദർശിക്കുന്നതിന് പുറമെ ഷാങ്ഹായിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ വൊക്കേഷണൽ പരിശീലന സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോർപ്പറേറ്റ് പരിശീലന കേന്ദ്രങ്ങൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് യൂണിറ്റുകൾ, ഇന്നൊവേഷൻ സെന്ററുകൾ, സെന്റേഴ്സ് ഓഫ് എക്സലൻസ് എന്നിവിടങ്ങളും സന്ദർശിക്കും. വ്യവസായവുമായി ബന്ധിപ്പിച്ച വിദ്യാഭ്യാസരീതി, തൊഴിൽദാതാക്കളെ കേന്ദ്രീകരിച്ച പരിശീലന മാതൃകകൾ, ഡിജിറ്റൽ ലേണിങ്, അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ, ഭാവിയിലെ തൊഴിൽ നൈപുണ്യങ്ങൾ, ആഗോള ടാലന്റ് മൊബിലിറ്റി എന്നിവ അടുത്തറിഞ്ഞ് പഠിക്കാൻ ഈ സന്ദർശനം അവസരം നൽകും.
“ഇന്ത്യയുടെ യുവജനശേഷിയെ ആഗോള നിലവാരമുള്ള നൈപുണ്യങ്ങളിലേക്കും സുസ്ഥിര തൊഴിലവസരങ്ങളിലേക്കും മാറ്റേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാണ്. നൈപുണ്യങ്ങൾ വ്യവസായ ആവശ്യങ്ങളുമായി ബന്ധിപ്പിക്കപ്പെടുകയും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുകയും വേണം. വേൾഡ്‌സ്‌കിൽസ് ഷാങ്ഹായ് 2026 ലോകത്തിലെ മികച്ച മാതൃകകൾ പഠിക്കാനും നൈപുണ്യ വികസനത്തിലും ആഗോള തൊഴിൽ സഞ്ചാരത്തിലും പുതിയ സഹകരണ സാധ്യതകൾ കണ്ടെത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന നൈപുണ്യ workforce സൃഷ്ടിക്കുന്നതിലും ഇന്ത്യയെ പ്രധാന talent hub ആയി ഉയർത്തുന്നതിലും വേൾഡ്‌സ്‌കിൽസ് പോലുള്ള അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തം നിർണായകമാകുമെന്ന് പങ്കാളിത്തത്തെക്കുറിച്ച് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
