മുംബൈ: മുളണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ രജതജൂബിലി ആഘോഷങ്ങളും പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പരുമല തിരുമേനി)യുടെ 124-ാമത് ദുഖ്റോനോ പെരുന്നാളും ഒക്ടോബർ 31, നവംബർ 1 തീയതികളിൽ വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി ഒക്ടോബർ 25 ഞായറാഴ്ച ദേവാലയത്തിൽ കൊടിയേറ്റം നടന്നു.
മുംബൈയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ യാക്കോബായ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ച മുളണ്ട് സർവീസ് സെന്റർ 1995 ഏപ്രിൽ 1-നാണ് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടത്. 2000 ജനുവരി 7-ന് ദേവാലയത്തിന് ശിലാസ്ഥാപനം നടത്തി. തുടർന്ന്, 2001 നവംബർ 3, 4 തീയതികളിൽ വൈത്തറ നഗറിലെ ആരാധനാകേന്ദ്രത്തിൽനിന്ന് നിലവിലെ ദേവാലയസമുച്ചയത്തിന്റെ താഴത്തെ നിലയിലേക്ക് ആരാധന മാറ്റുകയും അവിടെ ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. ഈ ചരിത്രസംഭവത്തിന്റെ 25-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ഇടവക രജതജൂബിലി ആഘോഷിക്കുന്നത്.
2002 ഓഗസ്റ്റ് 11, 12 തീയതികളിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നടന്നു. 2005 നവംബർ 13-ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുകയും ദേവാലയത്തെ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ-കാരുണ്യ മേഖലകളിലും ഇടവക സജീവമായ പങ്കുവഹിച്ചുവരുന്നു. സെന്റ് ഗ്രീഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും സാമ്പത്തികസഹായം ആവശ്യമായവർ, നിർധന വിദ്യാർഥികൾ, വിവിധ കാരുണ്യസ്ഥാപനങ്ങൾ എന്നിവർക്കും ഇടവകയും ട്രസ്റ്റും സഹായം നൽകിവരുന്നു.
വിശ്വാസത്തിന്റെയും പ്രാർഥനയുടെയും സേവനത്തിന്റെയും പാതയിൽ ദൈവകൃപയാൽ കൈവരിച്ച വളർച്ചയുടെ 25 വർഷങ്ങൾ നന്ദിയോടെ അനുസ്മരിക്കുന്നതിനും ഇടവകയുടെ രൂപീകരണത്തിനും പുരോഗതിക്കും സംഭാവന നൽകിയ ആത്മീയപിതാക്കന്മാർ, സ്ഥാപകർ, മുൻകാല അംഗങ്ങൾ എന്നിവരെ ആദരിക്കുന്നതിനുമുള്ള അവസരമായാണ് രജതജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ജൂബിലി പൊതുസമ്മേളനം 31-ന്
ഒക്ടോബർ 31-ന് വൈകിട്ട് 7.30-ന് നടക്കുന്ന രജതജൂബിലി പൊതുസമ്മേളനത്തിൽ അഭിവന്ദ്യ കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പെരുന്നാൾ ശുശ്രൂഷകൾക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കും.
മലങ്കര കത്തോലിക്കാ സഭയുടെ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയായും ചലച്ചിത്ര നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ് മുഖ്യപ്രഭാഷകനായും പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി രജതജൂബിലി സുവനീർ, ഇടവക ഡയറക്ടറി 2026 എന്നിവയുടെ പ്രകാശനം, പള്ളിയുടെ വെബ്സൈറ്റ് ഉദ്ഘാടനം, പ്രത്യേക ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം എന്നിവയും നടക്കും. ഇടവകയുടെ ചരിത്രയാത്ര അനാവരണം ചെയ്യുന്ന പരിപാടികൾക്കും ആത്മീയ-കലാപരിപാടികൾക്കും വേദിയൊരുങ്ങും.
നവംബർ ഒന്നിന് വിശുദ്ധ മൂന്നിന്മേൽ കുർബാന
നവംബർ 1-ന് രാവിലെ 9 മണിക്ക് അഭിവന്ദ്യ കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രജതജൂബിലി പെരുന്നാൾ ആഘോഷങ്ങളിൽ എല്ലാ വിശ്വാസികളും അഭ്യുദയകാംക്ഷികളും പങ്കുചേരണമെന്ന് ഇടവക വികാരി ഫാ. എൽദോ കോടിയാട്ടിലും പെരുന്നാൾ കൺവീനർ ഫെബി കോശിയും അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
