മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഫീസിലേക്കും തിരിച്ചും ഓട്ടോറിക്ഷകൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായാണ് ജീവനക്കാരുടെ പരാതി.
BSNL, DOT, CGST വകുപ്പുകളിലായി 600-ലധികം ജീവനക്കാരും ഉദ്യോഗസ്ഥരും ജോലി ചെയ്യുന്ന ഓഫീസിലേക്കുള്ള യാത്രാക്ലേശം കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുകയാണെന്നാണ് ആരോപണം. രാവിലെ ഓഫീസിലെത്താനും വൈകുന്നേരം കൃത്യസമയത്ത് വീടുകളിലേക്ക് മടങ്ങാനും ജീവനക്കാർക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. അർക്കൽ ബെസ്റ്റ് അധികൃതർക്ക് കത്തുനൽകി. രാവിലെ ഓഫീസിലേക്കും വൈകുന്നേരം റെയിൽവേ സ്റ്റേഷനിലേക്കും നിശ്ചിത സമയക്രമത്തിൽ ബെസ്റ്റ് ബസ് സർവീസ് അനുവദിക്കണമെന്നാണ് ആവശ്യം.
പുതിയ ബസ് സർവീസ് ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം ബെസ്റ്റ് ട്രാൻസ്പോർട്ടിന് മികച്ച വരുമാനവും നേടിക്കൊടുക്കുമെന്ന് മഹേഷ് ഡി. അർക്കൽ പറഞ്ഞു.
സാന്താക്രൂസ് ആർടിഒയും ബെസ്റ്റ് ട്രാൻസ്പോർട്ട് അധികൃതരും അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. അർക്കലും മുംബൈ മീഡിയ കോ-ഓർഡിനേറ്റർ വി. പി. ശിവകുമാറും ആവശ്യപ്പെട്ടു.
വർഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരമായി നിശ്ചിത സമയക്രമത്തിലുള്ള ബസ് സർവീസ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
