മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന പതിനഞ്ചാം മലയാളോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി ലോഗോ ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന മത്സരത്തിലേക്ക് ഒക്ടോബർ 25 വരെ സൃഷ്ടികൾ അയക്കാം.
മലയാളോത്സവത്തിന്റെ 15 വർഷത്തെ യാത്ര, വിവിധ മത്സര ഇനങ്ങൾ, മലയാള ഭാഷ, ജനകീയ കൂട്ടായ്മ തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന അർത്ഥപൂർണവും ആകർഷകവുമായ ലോഗോകൾക്കാണ് മുൻഗണന. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ലോഗോ തയ്യാറാക്കാം. പേപ്പറിൽ തയ്യാറാക്കുന്ന സൃഷ്ടികൾ കുറഞ്ഞത് 300 DPI റെസല്യൂഷനിൽ A4 വലുപ്പത്തിൽ സ്കാൻ ചെയ്ത് അയക്കണം.
മറ്റേതെങ്കിലും സംഘടനയുടെയോ സ്ഥാപനത്തിന്റെയോ ലോഗോയുമായി സാമ്യമുള്ള സൃഷ്ടികൾ അനുവദിക്കില്ല. മത്സരാർഥിയുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഒപ്പോ ലോഗോയിൽ രേഖപ്പെടുത്താനും പാടില്ല. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ മലയാളോത്സവവുമായി ബന്ധപ്പെട്ട വിവിധ വേദികളിൽ ഉപയോഗിക്കാൻ മലയാള ഭാഷാ പ്രചാരണ സംഘത്തിന് അധികാരമുണ്ടായിരിക്കും. സമ്മാനാർഹമായ ലോഗോ സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സ്വന്തം സൃഷ്ടികൾക്കൊപ്പം പേര്, വയസ്സ്, സ്ഥലം എന്നീ വിവരങ്ങൾ ഇമെയിലിൽ രേഖപ്പെടുത്തി mumbaimalayalam@gmail.com എന്ന വിലാസത്തിലേക്ക് ഒക്ടോബർ 25നകം അയക്കണം.
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ജനകീയ കൂട്ടായ്മയുടെയും സന്ദേശം സർഗാത്മകമായി അവതരിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് ഈ മത്സരം. കൂടുതൽ പേർ പങ്കാളികളാകണമെന്ന് മലയാള ഭാഷാ പ്രചാരണ സംഘം ജനറൽ സെക്രട്ടറി റീന സന്തോഷ് അഭ്യർത്ഥിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
