മുംബൈ: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ പ്രൊഫ. മധുവിന്റെ 93-ാം ജന്മദിനം മുംബൈ മലയാളികളുടെ സ്നേഹാശംസകളോടെ ആഘോഷിച്ചു. മുംബൈയിലെ സാംസ്കാരിക-സാമൂഹിക രംഗത്ത് കഴിഞ്ഞ 16 വർഷമായി സജീവ സാന്നിധ്യമായ എം. ബിജുകുമാർ, എയിംസ് & കലാഗുരുകുലം ഗ്രൂപ്പ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മീഡിയ കൺസൾട്ടന്റ് സി.എ. ബാബു, ജോസ് മാത്യു എന്നിവരോടൊപ്പം നടൻ ജഗദീഷും തിരുവനന്തപുരത്തെ കണ്ണമ്മൂലയിലുള്ള മധുവിന്റെ വസതിയിലെത്തി ജന്മദിനാശംസകൾ നേർന്നു.
കേക്ക് മുറിച്ചും പൊന്നാട അണിയിച്ചും മധുവിനെ ആദരിച്ചാണ് സംഘം ജന്മദിനാഘോഷത്തിൽ പങ്കുചേർന്നത്. കോവിഡ് കാലം ഒഴികെ കഴിഞ്ഞ 16 വർഷമായി മധുവിന്റെ ജന്മദിനാഘോഷങ്ങളിൽ ഇവർ സാന്നിധ്യമാകുന്നുണ്ട്.
മുംബൈയോടും മുംബൈ മലയാളികളോടും മധുവിനുള്ള ആത്മബന്ധം ഒരു നടനെന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, വലിയ മനുഷ്യസ്നേഹിയായാണ് മധുവിനെ തങ്ങൾ കാണുന്നതെന്നും എം. ബിജുകുമാർ പറഞ്ഞു.
ചലച്ചിത്ര മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്ക് മധു സാർ ഒരു സർവകലാശാലയാണെന്ന് നടൻ ജഗദീഷ് അഭിപ്രായപ്പെട്ടു.

93-ാം വയസ്സിലും നർമം കലർന്ന സംഭാഷണങ്ങളിലൂടെ മധു എന്ന ബഹുമുഖ പ്രതിഭയുടെ സവിശേഷതകൾ പ്രകടമാണെന്ന് എ.കെ. പ്രദീപ് കുമാറും സി.എ. ബാബുവും പറഞ്ഞു.
മലയാള സിനിമയിലെ കാരണവർ സ്ഥാനത്ത് നിൽക്കുന്ന മധുവിനൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയും വീണ്ടും അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം വർധിപ്പിക്കുന്നതാണെന്ന് ജോസ് മാത്യു പറഞ്ഞു. അതുകൊണ്ടുതന്നെ വർഷത്തിൽ പലതവണ മധുവിനെ സന്ദർശിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രത്യേക വിഭവങ്ങൾ സംഘം സ്വന്തം കൈകളാൽ തയ്യാറാക്കി മധുവിന്റെ വീട്ടിലെത്തിച്ച് പങ്കുവെക്കുന്നതും വർഷങ്ങളായുള്ള പതിവാണ്. ഇത്തവണയും ഈ സൗഹൃദ കൂട്ടായ്മ ജന്മദിനാഘോഷത്തിന് വേറിട്ട ഭാവം നൽകി.
മധു സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിലും മുംബൈ മലയാളികൾ അദ്ദേഹത്തോടുള്ള ആദരവ് വ്യത്യസ്തമായി പ്രകടിപ്പിച്ചിരുന്നു. 2019-ൽ മുംബൈയിലെ ഹോട്ടൽ ലീലയിൽ മധു അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി മെഗാ സംഗീത പരിപാടിയും ഇവർ സംഘടിപ്പിച്ചിരുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ വേറിട്ട അധ്യായമായ മധുവിന്റെ കലാജീവിതത്തോടുള്ള മുംബൈ മലയാളികളുടെ സ്നേഹവും ആദരവും പുതുക്കിയ കൂടിക്കാഴ്ചയായി 93-ാം ജന്മദിനാഘോഷവും മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
