ബോയ്സർ: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം വിളിച്ചോതി മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. 2026 നവംബർ 1 ഞായറാഴ്ച വൈകിട്ട് ഏഴുമുതൽ ബോയ്സറിലെ ടിമാ ഹാളിൽ നടന്ന ആഘോഷത്തിൽ നിരവധി മലയാളി സംഘടനാ പ്രതിനിധികളും ഭാഷാ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച പരിപാടിയിൽ മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലാ പ്രസിഡന്റ് ബാബുരാജൻ പി. നായർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മായാ സുനിൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത സിനിമാതാരവും സ്റ്റാൻഡ്-അപ്പ് കൊമേഡിയനുമായ സുധീർ പറവൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പതിനഞ്ചാമത് മലയാളോത്സവത്തിന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. ലോഗോ മത്സരത്തിൽ വിജയിയായ വസായ്-വിരാർ മേഖലയിൽ നിന്നുള്ള ആഷിൻ പ്രമോദ് രൂപകൽപ്പന ചെയ്ത ലോഗോ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്ദീപ് വർമ്മ, സുധീർ പറവൂരിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ താരാപ്പൂർ മലയാളി സമാജം, പാൽഘർ താലൂക്ക് നായർ വെൽഫെയർ അസോസിയേഷൻ, ബോയ്സർ അയ്യപ്പ സേവാ സമിതി, ശ്രീനാരായണ മന്ദിർ സമിതി, കൈരളി സമാജം പാൽഘർ, നവോദയ സാംസ്കാരിക വേദി, അയ്യപ്പ സേവാ സമിതി പാൽഘർ, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് പോൾസ് സീറോ മലബാർ സഭ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലാ പി.ആർ.ഒ. വർഗീസ് കെ. ഇ. നന്ദി രേഖപ്പെടുത്തി.
തുടർന്ന് തിരുവാതിര, സംഘനൃത്തം, സംഗീതസദസ്സ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. സുധീർ പറവൂരിന്റെ ‘കേശവമാമ’ ഹാസ്യാവതരണം സദസ്സിന് ചിരിയുടെ വിരുന്നായി. മോഹൻകുമാർ കെ. എസ്. പരിപാടികൾക്ക് അവതാരകനായി.
മലയാളം മിഷന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന പാൽഘർ മേഖലയിലെ അധ്യാപകരെയും പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും പ്രചാരണത്തിന് കൂട്ടായ്മയുടെ പ്രാധാന്യം വിളിച്ചോതിയ ആഘോഷം കലാപരിപാടികളും ഹാസ്യവിരുന്നും സൗഹൃദസംഗമവുമായി ശ്രദ്ധേയമായി. സ്നേഹവിരുന്നോടെ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനമായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
