മുംബൈ: കേരളത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതി മഹാരാഷ്ട്ര ലോക്ഭവനിൽ കൈകൊട്ടിക്കളി അവതരിപ്പിച്ച് ബോറിവിലിയിലെ മലയാളി കലാകാരികൾ. നവംബർ 2ന് ലോക്ഭവനിൽ സംഘടിപ്പിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പരിപാടിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും രൂപീകരണ ദിനാഘോഷങ്ങളിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ‘നൃത്തസ്വര’ സംഘം കൈകൊട്ടിക്കളി അവതരിപ്പിച്ചത്.

മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മയുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ തനത് നൃത്തരൂപമായ കൈകൊട്ടിക്കളി അവതരിപ്പിക്കാൻ അവസരം ലഭിച്ചത് ബോറിവിലിയിലെ മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമായ നേട്ടമായി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സ്ത്രീകളുടെ കൂട്ടായ്മയുടെ സൗന്ദര്യവും പ്രതിഫലിപ്പിച്ച അവതരണം ശ്രദ്ധേയമായി. സംഗീതവും നൃത്തസംവിധാനവും സന്ധ്യ പിഷാരടിയും രാജേശ്വരി നമ്പ്യാരും നിർവഹിച്ചു.
സിമി നായർ, രജിത നായർ, സ്വപ്ന നായർ, ബിന്ദു നായർ, പ്രിയ നായർ, രഞ്ജിത നായർ, ബീന അജിത്, അനുഷ്ക ഷൈലേഷ്, ജ്യോതി പ്രകാശ്, അമൃത പ്രതീഷ് എന്നിവർ സംഘത്തിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഒരേ വേദിയിൽ കോർത്തിണക്കുന്ന ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ വേദിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് അഭിമാനകരമായ സാന്നിധ്യമാകാൻ നൃത്തസ്വര സംഘത്തിന് കഴിഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
