മുംബൈ: രണ്ടാം വിവാഹത്തെക്കുറിച്ച് ആരാധകരോട് തുറന്നുപറഞ്ഞ ഗായിക റിമി ടോമിയുടെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. മുംബൈയിലെ ഡോംബിവ്‌ലി നിവാസിയും ഫിറ്റ്നസ് പരിശീലകനുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരനെന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. നവംബർ 14ന് ഡോംബിവ്‌ലിയിലെ മാർത്തോമാ പള്ളിയിൽ വച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ റിമിയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
റിമിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അടുത്തിടെ ഫിറ്റ്നസ് പരിശീലകനായ ലിബിൻ മാത്യുവിനെക്കുറിച്ച് റിമി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. പരിശീലനത്തിലും ഭക്ഷണക്രമത്തിലും ചിലപ്പോഴൊക്കെ വീഴ്ചകൾ വരുത്തിയിട്ടും തന്നെ വിശ്വസിക്കുകയും കൂടുതൽ മെച്ചപ്പെടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലിബിന് റിമി നന്ദി അറിയിച്ചിരുന്നു. ‘എന്റെ ജീവിതത്തിലെ അനുഗ്രഹമാണ് നിങ്ങൾ’ എന്ന അർഥത്തിലുള്ള വാക്കുകളും കുറിപ്പിലുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
കാനഡയിലെ സ്റ്റേജ് പരിപാടിക്കിടെ രണ്ടാം വിവാഹത്തെക്കുറിച്ച് റിമി പ്രേക്ഷകരോട് തമാശരൂപേണ അഭിപ്രായം ചോദിച്ചിരുന്നു. പിന്നാലെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലേക്ക് പുതിയൊരാൾ കടന്നുവന്നതായും വിവാഹതീരുമാനത്തിലേക്ക് എത്തിയതായും റിമി വെളിപ്പെടുത്തി. 2026 തന്റെ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വർഷമാണെന്ന സൂചനയും താരം പങ്കുവെച്ചിരുന്നു.
വരൻ നടനോ ഗായകനോ പ്രശസ്ത വ്യക്തിയോ കോടീശ്വരനോ അല്ലെന്നും പണമോ പ്രശസ്തിയോ അല്ല, മറിച്ച് മനസ്സമാധാനവും പരസ്പരമുള്ള കരുതലുമാണ് തനിക്ക് പ്രധാനമെന്നും റിമി വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ലിബിൻ മാത്യുവിന്റെ പേരുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. ഡോംബിവ്‌ലിയിലെ മലയാളി സമൂഹത്തിനിടയിലും വാർത്ത കൗതുകമുണർത്തുന്നുണ്ട്. വിവാഹത്തീയതിയും വേദിയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമ്പോൾ റിമിയുടെ ഔദ്യോഗിക പ്രതികരണത്തിനായും കാത്തിരിക്കുകയാണ് ആരാധകർ.
മലയാളികളുടെ പ്രിയഗായികയുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. ആരാധകരുടെ സ്നേഹപ്രകടനം തന്റെ കണ്ണ് നനയിച്ചുവെന്നും റിമി പറയുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
