വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് വഴികാട്ടിയാകണം: വിശിഷ്ടാതിഥികൾ
മുംബൈ, നവംബർ 2: മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ രജതജൂബിലി ആഘോഷങ്ങളും വിശുദ്ധ ചാത്തുരുത്തിൽ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 124-ാമത് ദുഖ്റോനോ പെരുന്നാളും വിവിധ ആത്മീയ, സാമൂഹിക, സാംസ്കാരിക പരിപാടികളോടെ ഭക്തിനിർഭരമായി സമാപിച്ചു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായിരുന്നു പ്രധാന ആഘോഷങ്ങൾ.
മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പെരുന്നാൾ ശുശ്രൂഷകളിൽ നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു. ഒക്ടോബർ 25-ന് കൊടിയേറിയതോടെ ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക സന്ധ്യാപ്രാർത്ഥനകൾ, സുവിശേഷപ്രസംഗം, വിശുദ്ധ കുർബാന, പ്രദക്ഷിണം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു.
ഒക്ടോബർ 31-ന് രാവിലെ മൂന്നിന്മേൽ കുർബാനയും വൈകുന്നേരം മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും തുടർന്ന് സന്ധ്യാപ്രാർത്ഥനയും ഭക്തിനിർഭരമായ റാസയും നടന്നു. പിന്നീട് നടന്ന രജതജൂബിലി പൊതുസമ്മേളനത്തിൽ പ്രമുഖ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വ്യക്തികൾ പങ്കെടുത്തു.
വിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം പ്രാർത്ഥനയുടെയും വിനയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഉത്തമ മാതൃകയാണെന്ന് മുഖ്യകാർമികത്വം വഹിച്ച അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി പറഞ്ഞു. വിശ്വാസത്തോടൊപ്പം സഹജീവികളോടുള്ള സ്നേഹവും കരുതലും ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് വിശുദ്ധന്റെ സ്മരണ അർത്ഥപൂർണമാകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
1876-ൽ വിശുദ്ധനാട് സന്ദർശിക്കാനുള്ള യാത്രാമധ്യേ പരുമല തിരുമേനി മുംബൈയിലെത്തിയപ്പോൾ ഇവിടെ യാക്കോബായ സഭയ്ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടായിരുന്നില്ലെന്നും മുംബൈയിൽ ഒരു യാക്കോബായ ദേവാലയം സ്ഥാപിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നും മുഖ്യാതിഥിയായ ബെന്നി ബഹനാൻ എം.പി. അനുസ്മരിച്ചു. പരുമല തിരുമേനിയുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം മാത്രമല്ല, ഇന്ന് രജതജൂബിലി ആഘോഷിക്കുന്ന നിലയിലേക്ക് മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി വളർന്നതും അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂബിലിയുടെ ബൈബിൾ അടിസ്ഥാനത്തിലുള്ള അർത്ഥവും പ്രസക്തിയും വിശദീകരിച്ച അദ്ദേഹം സമത്വം, സാഹോദര്യം, ക്ഷമ, അനുരഞ്ജനം, പരസ്പരസ്നേഹം എന്നിവയാണ് ജൂബിലി മുന്നോട്ടുവയ്ക്കുന്ന മഹത്തായ സന്ദേശങ്ങളെന്ന് ചൂണ്ടിക്കാട്ടി. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ക്രൈസ്തവ ദർശനങ്ങൾക്കും മൂല്യങ്ങൾക്കും ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന യേശുക്രിസ്തുവിന്റെ ഉപദേശം അനുസ്മരിപ്പിച്ച അദ്ദേഹം, സഭയും വിശ്വാസികളും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മാതൃകകളായി ജീവിക്കണമെന്ന് ആഹ്വാനം ചെയ്തു.
യാക്കോബായ സഭയോടുള്ള തന്റെ പ്രത്യേക സ്നേഹവും ആത്മബന്ധവും അഭിവന്ദ്യ പക്കോമിയോസ് തിരുമേനി പ്രസംഗത്തിൽ അനുസ്മരിച്ചു. പരുമല തിരുമേനിയുടെ അചഞ്ചലമായ വിശ്വാസമാണ് സഭയുടെ വളർച്ചയ്ക്ക് മാതൃകയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ അടിത്തറയിൽ പടുത്തുയർത്തപ്പെട്ട സഭയുടെ തുടർന്നുള്ള വളർച്ചയ്ക്കും പുരോഗതിക്കും വിശ്വാസികൾ അതേ വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇടവകയുമായുള്ള ദീർഘകാല ബന്ധവും വിശ്വാസികളുടെ സ്നേഹവും സഹകരണവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും തിരുമേനി പറഞ്ഞു.
പരുമല തിരുമേനിയുടെ ജീവിതവിശുദ്ധി വിശ്വാസികൾക്ക് മാതൃകയാകണം: സിജോയ് വർഗീസ്
പരുമല തിരുമേനിയുടെ ജീവിതമാതൃക പിന്തുടർന്ന് സഭയുടെയും സമൂഹത്തിന്റെയും വിശുദ്ധീകരണത്തിനായി ഓരോ വിശ്വാസിയും അനുദിനം പ്രാർത്ഥിക്കണമെന്ന് സിജോയ് വർഗീസ് ആഹ്വാനം ചെയ്തു. പരുമല തിരുമേനിയുടെ ആത്മീയജീവിതത്തിന്റെ നാല് പ്രധാന സവിശേഷതകളായി പ്രാർത്ഥനയും ധ്യാനചിന്തയും, ഉപവാസം, പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും വണക്കവും, ദൈവഹിതത്തിന് പൂർണമായി സമർപ്പിച്ച ജീവിതവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവജീവിതം സ്നേഹത്തിലും ത്യാഗത്തിലും സേവനത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്നതിനൊപ്പം തങ്ങൾ ജീവിക്കുന്ന നാടിന്റെ പുരോഗതിക്കും നന്മയ്ക്കും ക്രൈസ്തവർ സജീവമായി സംഭാവന നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും വണക്കവും വിശ്വാസികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുകയും ആത്മീയജീവിതത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനി ഉയർത്തിപ്പിടിച്ച സ്നേഹം, കാരുണ്യം, ലാളിത്യം, മനുഷ്യസേവനം എന്നീ മൂല്യങ്ങൾ ഇന്നത്തെ സമൂഹത്തിലും ഏറെ പ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി. വിവിധ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന മുംബൈ നഗരത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഇടവക നൽകുന്ന സംഭാവനകളെയും അവർ പ്രശംസിച്ചു.
രജതജൂബിലിയോടനുബന്ധിച്ച് ഇടവകയുടെ ചരിത്രവും ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളും പ്രതിപാദിക്കുന്ന സ്മരണിക, ഇടവക ഡയറക്ടറി എന്നിവയുടെ പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രത്യേക ധർമ്മനിധി രൂപീകരിച്ചതും ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംരംഭങ്ങളിലൊന്നായിരുന്നു.
മുംബൈയുടെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലെ യാക്കോബായ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1985-ൽ ആരംഭിച്ച ആരാധനാക്കൂട്ടായ്മയാണ് പിന്നീട് മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയായി വളർന്നത്. 2005 നവംബർ 13-ന് വിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടതോടെ ദേവാലയം തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് മുംബൈയിലെ യാക്കോബായ വിശ്വാസികളുടെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായി ഈ ദേവാലയം നിലകൊള്ളുന്നു.
വിശുദ്ധ പരുമല തിരുമേനിയുടെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃക പിന്തുടർന്ന് ഇടവക ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സഹായങ്ങളും നിർധനർക്കായുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു. വിദ്യാഭ്യാസത്തിലൂടെയും സഹജീവികളോടുള്ള കരുതലിലൂടെയും വിശുദ്ധൻ ഉയർത്തിപ്പിടിച്ച സേവനദർശനം സമൂഹത്തിൽ പ്രാവർത്തികമാക്കാനുള്ള ഇടവകയുടെ ശ്രമങ്ങളും ശ്രദ്ധേയമാണ്.
നവംബർ ഒന്നിന് രാവിലെ നടന്ന വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന അനുമോദനയോഗത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. എൽദോ കൊടിയാട്ടിൽ, വൈസ് പ്രസിഡന്റ് എം.സി. എബ്രഹാം, സെക്രട്ടറി ജെബിൻ ഫിലിപ്പോസ്, ട്രഷറർ ജോബിൻ ജേക്കബ്, ജൂബിലി കൺവീനർ ഫെബി കോശി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും ഇടവകാംഗങ്ങളും പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വിശ്വാസപൈതൃകത്തിന്റെ സംരക്ഷണത്തിനും ആത്മീയ വളർച്ചയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും പുതിയ ഊർജം പകർന്ന രജതജൂബിലി ആഘോഷങ്ങൾ മുളുണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായി മാറി. Tune in Amchi Mumbai for the highlights of the event.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
