മൂന്നിരട്ടിയിലധികം വർധന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയെന്ന് പരാതി; മലയാളി സമാജങ്ങളെ ഏകോപിപ്പിച്ച് പ്രതിഷേധ നീക്കത്തിന് ഒരുങ്ങുന്നു
മുംബൈ: പ്രവാസി മലയാളികൾക്കായുള്ള നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം നിരക്ക് മൂന്നിരട്ടിയിലധികം വർധിപ്പിച്ച കേരള സർക്കാർ നടപടിക്കെതിരെ മുംബൈയിലെ മലയാളി സമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രീമിയം വർധന പുനഃപരിശോധിച്ച് പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തി മുംബൈയിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത പ്രതിഷേധ നീക്കത്തിനുള്ള ആലോചനകൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മുംബൈയിലെ വിവിധ മലയാളി സമാജങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സംയുക്ത ആലോചനാ യോഗം നവംബർ 4 ബുധനാഴ്ച വൈകീട്ട് 6.30-ന് സംഘടിപ്പിക്കും. ന്യൂ ബോംബെ കൾച്ചറൽ സെന്ററാണ് യോഗത്തിന് വേദിയൊരുക്കുന്നത്. മുംബൈയിലെ മലയാളി സംഘടനകളുടെ കൂട്ടായ പങ്കാളിത്തത്തോടെ വിഷയത്തിൽ തുടർനടപടികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം.
നോർക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറെ പ്രയോജനകരമായ ഒരു ക്ഷേമപദ്ധതിയായിരിക്കെ, പ്രീമിയത്തിൽ വരുത്തിയ വൻ വർധന സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് ഉയരുന്ന പ്രധാന ആശങ്ക. വർധനയുടെ മാനദണ്ഡങ്ങൾ, നിലവിലുള്ള ആനുകൂല്യങ്ങൾ, ഇൻഷുറൻസ് പരിരക്ഷയുടെ വ്യാപ്തി എന്നിവ സംബന്ധിച്ചും കൂടുതൽ വ്യക്തത വേണമെന്ന ആവശ്യം പ്രവാസി സംഘടനകൾക്കിടയിൽ ശക്തമാണ്.
മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയാകും. പ്രീമിയം വർധന പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുന്നതിനായി സർക്കാരിന് നിവേദനം നൽകുന്നതുൾപ്പെടെയുള്ള തുടർനടപടികൾക്ക് യോഗം രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയിലെ മലയാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ന്യൂ ബോംബെ കൾച്ചറൽ സെന്റർ സെക്രട്ടറി മനോജ് മാളവിക അറിയിച്ചു. പ്രവാസികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂട്ടായ ശബ്ദം ഉയർത്തുന്നതിനുള്ള നിർണായക വേദിയായി യോഗം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
