മുംബൈയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും കേരളീയ കലാപാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും മലയാളികൾക്കിടയിൽ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു.
നവംബർ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം വരെ അന്ധേരി ഈസ്റ്റിലെ മരോൾ, ഭവാനി നഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്.
മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിവിധ മലയാളി സമാജങ്ങളുടെയും കലാസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങൾക്കും സംഗീതത്തിനും പ്രത്യേക പ്രാധാന്യം നൽകും. മുംബൈയിലെ വിവിധ സമാജങ്ങളും നൃത്തവിദ്യാലയങ്ങളും അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, മാർഗംകളി, തായമ്പക, മലയാള ഗാനാലാപനം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടും.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും കലാമേന്മയും മുംബൈയിലെ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം വിവിധ തലമുറകളിലുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. ജന്മനാടിന്റെ സംസ്കാരവും ഭാഷയും കലാരൂപങ്ങളും പ്രവാസജീവിതത്തിലും സജീവമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു കൂട്ടായ്മയായിരിക്കും കേരളപ്പിറവി ആഘോഷം.
മുംബൈയിലെ മലയാളി കുടുംബങ്ങൾക്കും കലാസാംസ്കാരിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രവേശനം തികച്ചും സൗജന്യമാണ്. മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം ഈ ആഘോഷത്തിൽ പങ്കുചേർന്ന് പരിപാടികൾ വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 7045790857
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
