- നെല്ലൻ ജോയി മുംബൈ ::::::
ഇന്ത്യയിൽ “ഏക വ്യക്തിനിയമങ്ങൾ” വിവിധ സംസ്ഥാനങ്ങൾ അവർക്ക് യുക്തമായതുപോലെ നടപ്പിലാക്കി വരികയാണ്!!
ഒരു രാജ്യം ഒരു നിയമം എന്ന ലക്ഷ്യം വച്ചുള്ള ഈ നിയമത്തെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാകുമ്പോൾ അതിനെ വെറും രാഷ്ട്രീയ വാദപ്രതിവാദമായി കാണുന്നത് വിഷയത്തിന്റെ ഭരണഘടനാപരമായ ഗൗരവം കുറച്ചുകാണുന്നതായിരിക്കും.
വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്തവകാശം, അവകാശപാരമ്പര്യം തുടങ്ങിയ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നതിന് പകരം എല്ലാ പൗരന്മാർക്കും പൊതുവായ ഒരു നിയമചട്ടക്കൂട് വേണമെന്ന ആശയമാണ് “ഏക വ്യക്തിനിയമത്തിന്റെ” അടിസ്ഥാനം.
ഭരണഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏക സിവിൽ നിയമം ഉറപ്പാക്കാൻ രാഷ്ട്രം ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് ഒരു മൗലികാവകാശമല്ല; മറിച്ച് ഭരണകൂടത്തിന് മുന്നിലുള്ള ഒരു നയനിർദ്ദേശമാണ്. അതുകൊണ്ടുതന്നെ ഇത് നടപ്പാക്കുന്നത് ഭരണഘടനാപരമായ നിർദ്ദേശം പാലിക്കുന്നതിന്റെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ സാമൂഹിക വൈവിധ്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും നിയമസമത്വത്തെയും ഒരുമിച്ച് വളരെ ശ്രദ്ധയോടെ പരിഗണിക്കേണ്ട വിഷയവുമാണ്. ഇവിടെ ഈ നിയമം സംസ്ഥാനങ്ങളാണോ കേന്ദ്രമാണോ നടപ്പിലാക്കേണ്ടത് എന്നും ചോദ്യങ്ങൾ ഉയരുന്നു.
ഏക വ്യക്തിനിയമത്തെ പിന്തുണയ്ക്കുന്നവരുടെ പ്രധാന വാദം നിയമത്തിന് മുന്നിലുള്ള സമത്വമാണ്. ഒരേ രാജ്യത്ത് ജീവിക്കുന്ന പൗരന്മാരുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, അവകാശപാരമ്പര്യം തുടങ്ങിയ കാര്യങ്ങളിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നത് പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളിൽ അസമത്വത്തിന് കാരണമാകുന്നുവെന്നാണ് വാദം.
വ്യക്തിനിയമങ്ങളുടെ പേരിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുകയും സ്ത്രീക്കും പുരുഷനും തുല്യമായ നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നത് ഏക നിയമത്തിന്റെ ശക്തമായ ന്യായീകരണമാണ്.
എന്നാൽ എതിർപ്പ് ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയുടെ മതപരവും സാംസ്കാരികവുമായ വൈവിധ്യവും ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും അവഗണിച്ചുകൊണ്ട് ഒരു പൊതുനിയമം അടിച്ചേൽപ്പിക്കുന്നത് പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ്.
അതുകൊണ്ടുതന്നെ യഥാർത്ഥ ചർച്ച ഏക വ്യക്തിനിയമം വേണമോ വേണ്ടയോ എന്നതിലുപരി, എങ്ങനെയുള്ള നിയമമാണ് രാജ്യത്ത് മുഴുവനായി കൊണ്ടുവരുന്നത് എന്നതിനെക്കുറിച്ചായിരിക്കണം.
ഇവിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ വൈരുധ്യം ഉയരുന്നത്.
രാജ്യത്തിന് ഒരു ഏക വ്യക്തിനിയമം എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾ അതിന്റെ നടപ്പാക്കൽ ഇപ്പോൾ പ്രധാനമായും സംസ്ഥാനതലത്തിലാണ് നടക്കുന്നത്. ഉത്തരാഖണ്ഡ് ആദ്യം നിയമം കൊണ്ടുവന്നു. തുടർന്ന് ഗുജറാത്തും അസമും സമാനമായ നിയമനിർമ്മാണത്തിലേക്ക് നീങ്ങി; അസം നിയമസഭ 2026 മേയിൽ ഏക വ്യക്തിനിയമ ബിൽ പാസാക്കുകയും ചെയ്തു. ഓരോ സംസ്ഥാനത്തിന്റെയും നിയമങ്ങളിൽ പല വ്യത്യാസങ്ങളുമുണ്ട്!!
അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഏക വ്യക്തിനിയമം എന്നത് ഇന്ത്യ മുഴുവൻ ഒരേ നിയമമാണോ, അതോ ഓരോ സംസ്ഥാനത്തിനും പ്രത്യേകം പ്രത്യേകം ഏക വ്യക്തിനിയമമാണോ? എന്നാണ്!!
വിവാഹം, വിവാഹമോചനം, അവകാശപാരമ്പര്യം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ അധികാരമുള്ള പട്ടികയിലാണ്. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇത്തരം നിയമങ്ങൾ നിർമ്മിക്കാൻ ഭരണഘടനാപരമായ അധികാരമുണ്ട്.
എന്നാൽ സംസ്ഥാനങ്ങൾ വ്യത്യസ്ത വ്യവസ്ഥകളുള്ള നിയമങ്ങൾ കൊണ്ടുവരുമ്പോൾ “രാജ്യത്തിന് ഒരു നിയമം” എന്ന ഏക വ്യക്തിനിയമത്തിന്റെ അടിസ്ഥാന ആശയവും “സംസ്ഥാനങ്ങൾക്ക് സ്വന്തം നിയമം” എന്ന ഫെഡറൽ അധികാരവും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ എങ്ങനെ സാധിക്കും എന്നത് ഭാവിയിലെ പ്രധാന ഭരണഘടനാ ചോദ്യമാണ്.
മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ സംഭവവികാസം ഈ ചർച്ചയ്ക്ക് കൂടുതൽ ഗൗരവം നൽകുന്നു. സംസ്ഥാന സർക്കാർ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായിയുടെ അധ്യക്ഷതയിൽ ഏക വ്യക്തിനിയമത്തിന്റെ കരട് തയ്യാറാക്കുന്നതിനായി സമിതി രൂപീകരിച്ചു. എന്നാൽ വിരമിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ. സി. ചവാൻ സെപ്റ്റംബർ 19ന് സമിതിയിൽ നിന്ന് രാജിവെച്ചു. സമിതിയുടെ പ്രവർത്തനരീതി, യോഗങ്ങളിൽ കാര്യങ്ങൾ മതിയായ ചർച്ചയില്ലാതെ തീർപ്പാക്കുന്നതായി തോന്നിയത്, പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനുള്ള ചോദ്യാവലിയുടെ രീതിയിലുള്ള അഭിപ്രായവ്യത്യാസം, സമിതിയംഗമല്ലാത്ത ഒരാളുടെ ഇടപെടൽ എന്നിവയാണ് അദ്ദേഹം ഉന്നയിച്ച പ്രധാന ആശങ്കകൾ.
ഇവിടെ ഉയരുന്ന ചോദ്യം ഒരു സമിതിയുടെ ആഭ്യന്തര പ്രവർത്തനത്തെക്കുറിച്ചുള്ളത് മാത്രമല്ല. സമൂഹത്തിന്റെ കുടുംബജീവിതത്തെയും സ്വത്തവകാശത്തെയും മതപരമായ ആചാരങ്ങളെയും നേരിട്ട് ബാധിക്കുന്ന നിയമമാണ് രൂപപ്പെടുത്തുന്നതെങ്കിൽ അതിന്റെ നിർമ്മാണപ്രക്രിയ എത്രത്തോളം സുതാര്യവും പങ്കാളിത്തപരവുമായിരിക്കണം എന്നതാണ് പ്രധാനം.
രാജ്യത്ത് നടത്തുന്ന പല നിയമ നിർമ്മാണങ്ങളുടെയുംഉദ്ദേശത്തെക്കുറിച്ച് ഇന്ന് ജനങ്ങൾ ആശങ്കാകുലരാണ്!! പല പരിഷ്കാരങ്ങളും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ അതിനായി ഉത്തരവാദിത്തമുള്ളവർക്ക് സാധിക്കുന്നില്ല എന്ന് സുപ്രീം കോടതി വരെ നിരീക്ഷിക്കുന്നു.
“വോട്ടർ പട്ടിക പരിഷ്കരണം” തന്നെ ഏറ്റവും പുതിയതും വലുതുമായ ഉദാഹരണം!!
2023 ൽ തന്നെ നിയമ കമ്മീഷൻ രാജ്യത്ത് ഏക വ്യക്തിനിയമത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു.
ഏക വ്യക്തിനിയമത്തിന്റെ ഗുണങ്ങൾ അവഗണിക്കാനാവില്ല. വ്യക്തിനിയമങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങൾ കുറയ്ക്കാനും സ്ത്രീകൾക്ക് തുല്യമായ അവകാശങ്ങൾ ഉറപ്പാക്കാനും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, അവകാശപാരമ്പര്യം തുടങ്ങിയ മേഖലകളിൽ നിയമപരമായ വ്യക്തത കൊണ്ടുവരാനും ഇതിന് കഴിയും.
എന്നാൽ നിയമത്തിന്റെ ഏകീകരണം മാത്രം നീതിയുടെ ഉറപ്പല്ല. ഒരേ നിയമം എല്ലാവർക്കും ബാധകമാകുന്നു എന്നതുകൊണ്ട് മാത്രം അത് നീതിയുക്തമാകണമെന്നുമില്ല!!
ആ നിയമത്തിന്റെ ഉള്ളടക്കമാണ് നിർണായകം. വിവിധ സമൂഹങ്ങളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ടും ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടും സ്ത്രീകളുടെ അവകാശങ്ങൾക്ക് തുല്യത നൽകിക്കൊണ്ടും നിയമം രൂപപ്പെടുത്തിയാൽ മാത്രമേ ഏകീകരണം യഥാർത്ഥ നിയമനീതിയായി മാറുകയുള്ളൂ.
അതുകൊണ്ട് ഏക വ്യക്തിനിയമത്തെ അനുകൂലിക്കുന്നവരെയും എതിർക്കുന്നവരെയും മതത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാണുന്നത് ശരിയല്ല. ഒരു വിഭാഗം നിയമസമത്വത്തെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്; മറ്റൊരു വിഭാഗം മതസ്വാതന്ത്ര്യത്തെയും സാംസ്കാരിക വൈവിധ്യത്തെയും കുറിച്ചാണ് ആശങ്കപ്പെടുന്നത്.
രണ്ടിനും ഭരണഘടനയിൽ തന്നെ അടിസ്ഥാനങ്ങളുണ്ട്. അതിനാൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളേക്കാൾ നിയമത്തിന്റെ ഉള്ളടക്കവും രൂപീകരണരീതിയും അതിന്റെ ഭരണഘടനാപരമായ പരിധിയും ആയിരിക്കണം ചർച്ചയുടെ കേന്ദ്രം.
ഏറ്റവും പ്രാധാനമായി “ഇന്ത്യയ്ക്ക് ഏക വ്യക്തിനിയമം വേണമോ” എന്ന ചോദ്യത്തേക്കാൾ ഗൗരവമുള്ള ചോദ്യം, “ഇന്ത്യയ്ക്ക് എങ്ങനെയുള്ള ഏക വ്യക്തിനിയമമാണ് വേണ്ടത്” എന്നതാണ്.
രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമമെന്ന ആശയം യാഥാർഥ്യമാക്കുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരവും മത-സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കേണ്ടിവരും.
ഒരേ നിയമം എന്ന പേരിൽ വൈവിധ്യത്തെ ഇല്ലാതാക്കുന്നതും വൈവിധ്യത്തിന്റെ പേരിൽ നിയമസമത്വം നിഷേധിക്കുന്നതും ഒരുപോലെ ശരിയായ സമീപനമല്ല. ഭരണഘടനയുടെ ആത്മാവ് ആവശ്യപ്പെടുന്നത് രണ്ടിനുമിടയിൽ നീതിപൂർവമായ സന്തുലിതാവസ്ഥ കണ്ടെത്തുകയാണ്. അതുകൊണ്ടുതന്നെ ഏക വ്യക്തിനിയമം ഒരു നിയമനിർമ്മാണം മാത്രമല്ല; സമത്വം, സ്വാതന്ത്ര്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവ തമ്മിലുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ സന്തുലിതാവസ്ഥയെ പരീക്ഷിക്കുന്ന ഒരു വലിയ നിയമപ്രശ്നമാണ്. ഏറ്റവും സൂക്ഷ്മതയോടെ സത്യസന്ധതയോടെ കൈകാര്യം ചെയ്യേണ്ട വിഷയം കൂടിയാണിത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
