19 മലയാളി സംഘടനകളുടെ സംഗമമായി FAMAയുടെ ‘കേരളീയ മാമാങ്കം’; മൂന്ന് മണിക്കൂറോളം നീണ്ട കലാവിരുന്നിൽ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം നിറഞ്ഞാടി
അംബർനാഥ്: ഭാഷയുടെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും സംഗമവേദിയായി അംബർനാഥിൽ കേരളപ്പിറവി ആഘോഷം വർണാഭമായി. വ്യത്യസ്ത ആശയങ്ങളിലും പ്രവർത്തന മേഖലകളിലും പ്രവർത്തിക്കുന്ന 19 മലയാളി സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച ഫെഡറേഷൻ ഓഫ് അംബർനാഥ് മലയാളി അസോസിയേഷൻസ് (FAMA) സംഘടിപ്പിച്ച രണ്ടാമത് കേരളപ്പിറവി ദിനാഘോഷം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
അംബർനാഥിലെ ധർമ്മവീർ ആനന്ദ് ദിഘെ നാട്യമന്ദിറിൽ ‘കേരളീയ മാമാങ്കം’ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷം പ്രാദേശിക എംഎൽഎ ബാലാജി കിണിക്കർ ഉദ്ഘാടനം ചെയ്തു. FAMA പ്രസിഡന്റ് ചിത്തിര വിജയൻ അധ്യക്ഷത വഹിച്ചു. അംബർനാഥ് നഗരസഭാ അധ്യക്ഷ തേജസ്വിനി കരജുലെ, ക്രിസ്റ്റി ക്ലാസസിന്റെ പ്രിൻസിപ്പൽ ക്രിസ്റ്റഫർ എന്നിവർ ആശംസകൾ നേർന്നു. സംഘടനാ കൺവീനർ കൃഷ്ണകുമാർ ബി. മേനോൻ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ടി.വി. രതീഷ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സെക്രട്ടറി അനിൽകുമാർ പിള്ള നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി 19 മലയാളി സംഘടനകളുടെ പ്രതിനിധികളെ സ്നേഹോപഹാരം നൽകി ആദരിച്ചു.
തുടർച്ചയായി മൂന്ന് മണിക്കൂറോളം അരങ്ങേറിയ കലാപരിപാടികൾ കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായി. FAMA പ്രവർത്തകർ അവതരിപ്പിച്ച കഥകളി, കൂടിയാട്ടം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ ആഘോഷത്തിന് കേരളീയ തനിമ പകർന്നു.
1957 മുതൽ 2026 വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി നായർ സേവാ സമിതി അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. വയനാട്ടിലെ ചൂരൽമല ദുരന്തത്തിന്റെ വേദനയും ദുരിതബാധിതരെ ചേർത്തുപിടിച്ച കേരളത്തിന്റെ സ്നേഹവും ഐക്യവും അവതരിപ്പിച്ച ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ പരിപാടി കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി.
കേരളത്തിലെ 14 ജില്ലകളുടെയും സവിശേഷതകൾ ഉൾപ്പെടുത്തി അമ്മ മഹിളാ സംഘടന അവതരിപ്പിച്ച ഗാന-ദൃശ്യാവിഷ്കാരവും ശ്രദ്ധേയമായി. ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എം.എം. ഹൈസ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം ദേശസ്നേഹത്തിന്റെ സന്ദേശം പകർന്നു. ലോകനഗരി മലയാളി അസോസിയേഷൻസ് അവതരിപ്പിച്ച ഫ്യൂഷൻ ഗാനവും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അയ്യപ്പഗിരി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ‘മണിച്ചിത്രത്താഴ്’ പ്രമേയമാക്കി അവതരിപ്പിച്ച നൃത്താവിഷ്കാരം, മലയാള ഭാഷാ പ്രചാരണ സംഘം അവതരിപ്പിച്ച ലഘുനാടകം, മുസ്ലിം ജമാഅത്തിന്റെ ദഫ്മുട്ട്, കേരള കാത്തലിക് അസോസിയേഷന്റെയും അംബർനാഥ് കേരള സമാജത്തിന്റെയും കൈകൊട്ടിക്കളി, എസ്.എൻ.ഡി.പി.യുടെ നാടൻപാട്ട് എന്നിവയും സദസ്സിന്റെ കൈയടി നേടി.
ഡക്കാൻ എഡ്യുക്കേഷൻ സൊസൈറ്റി, കൈലാസ് നഗർ അയ്യപ്പ സേവാ സമിതി, മുംബൈ അരുവിപ്പുറം, വിശ്വഭാരതി ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീനാരായണ മന്ദിര സമിതി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സിനിമാറ്റിക് നൃത്തങ്ങളും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
ചിത്തിര ഇന്റീരിയേഴ്സ്, ക്രിസ്റ്റി ക്ലാസസ്, പരിപാടിയുടെ മുഖ്യ പ്രയോജകരായിരുന്നു.
കലാപരിപാടികളുടെ ഏകോപനത്തിന് സംഘടനാ കൺവീനർ എ.ബി. നായർ (മുരളി), ട്രഷറർ ഋതേഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
മത-സാമുദായിക വൈവിധ്യങ്ങൾക്കും വ്യത്യസ്ത ആശയങ്ങൾക്കും അതീതമായി 19 മലയാളി സംഘടനകളെ ഒരേ വേദിയിൽ അണിനിരത്തിയ FAMAയുടെ കേരളപ്പിറവി ആഘോഷം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു. പ്രവാസമണ്ണിലും മലയാള ഭാഷയും സംസ്കാരവും തലമുറകളിലേക്ക് പകർന്നുനൽകാനുള്ള കൂട്ടായ്മയുടെ പ്രതിബദ്ധത വിളിച്ചോതുന്നതായി ‘കേരളീയ മാമാങ്കം’.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
