മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ അടുത്തിടെ വരുത്തിയ വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ കേരളീയ സമാജം പ്രതിനിധി സംഘം കേരള ഹൗസിലെത്തി നിവേദനം നൽകി. കേരള സർക്കാർ ഡെപ്യൂട്ടി സെക്രട്ടറിയും നോർക്ക ഡെവലപ്‌മെന്റ് ഓഫീസറുമായ ആർ.ബി. അരുണിനെയാണ് സംഘം സന്ദർശിച്ചത്.
പുതിയ പ്രീമിയം നിരക്കുകൾ സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. വർധനയുടെ അശാസ്ത്രീയതയും പ്രവാസി കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങളും വിശദമായി അവതരിപ്പിച്ചു.
സമാജം ഭരണസമിതിയുടെ തീരുമാനപ്രകാരം കേരള മുഖ്യമന്ത്രിക്കും ഗവർണർക്കും നൽകിയ നിവേദനങ്ങളുടെ പകർപ്പുകളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം അനുഭാവപൂർവം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആർ.ബി. അരുൺ ഉറപ്പുനൽകിയതായി സമാജം അറിയിച്ചു.
സമാജം സെക്രട്ടറി എ.ആർ. ദേവദാസ്, മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, യുവജന വിഭാഗം കൺവീനർ അൽബൻ കുമാർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾക്ക് ബോംബെ കേരളീയ സമാജം നൽകിവരുന്ന പിന്തുണയും സമാജത്തിന്റെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളും സെക്രട്ടറി അധികൃതരെ പരിചയപ്പെടുത്തി.
പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി സമാജം പ്രതിഷേധവും ഇടപെടലുകളും തുടരുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
