നവി മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പുനഃപരിശോധിക്കണമെന്നും 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും നോർക്ക ഐഡി കാർഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം (എൻ.ബി.കെ.എസ്) നോർക്ക റൂട്ട്സ് ജനറൽ മാനേജർക്കും കേരള മുഖ്യമന്ത്രിക്കും നിവേദനങ്ങൾ നൽകി.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടി വരെ വർധിപ്പിച്ച നടപടി പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമാജം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും പരിഗണിച്ച് ന്യായമായ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ തുടരാൻ സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ വ്യവസ്ഥകൾ പ്രകാരം 70 വയസ്സിന് മുകളിലുള്ളവർക്ക് നോർക്ക ഐഡി കാർഡ് ലഭിക്കാത്തത് വലിയൊരു വിഭാഗം മുതിർന്ന പ്രവാസികളെ നോർക്കയുടെ സേവനങ്ങളിൽനിന്ന് അകറ്റുന്നതായി ജനറൽ മാനേജർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 110 വയസ്സുവരെയുള്ളവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ സാഹചര്യത്തിൽ, 70 വയസ്സിന് മുകളിലുള്ളവർക്കും ഐഡി കാർഡ് അനുവദിക്കണം. അതിന് സാധിക്കാത്തപക്ഷം ഇൻഷുറൻസ് പരിരക്ഷയില്ലാത്ത പ്രത്യേക ഐഡി കാർഡെങ്കിലും അനുവദിക്കണമെന്നും സമാജം ആവശ്യപ്പെട്ടു.
രണ്ടായിരത്തോളം അംഗങ്ങളുള്ള എൻ.ബി.കെ.എസ്, നോർക്കയുടെ വിവിധ പദ്ധതികളിൽ പ്രവാസികളെ ചേർക്കുന്നതിനായി നേരത്തേ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി അനുകൂല നടപടി സ്വീകരിക്കണമെന്നാണ് സമാജത്തിന്റെ ആവശ്യം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
