മുംബൈ: പ്രവാസലോകത്ത് മലയാള സാഹിത്യത്തിന് സർഗാത്മക സംഭാവനകൾ നൽകി ശ്രദ്ധേയനായ മുംബൈയിലെ എഴുത്തുകാരൻ രാജൻ കിണറ്റിങ്കരയ്ക്ക് ലോക മിനിക്കഥാ പുരസ്കാരം. സപര്യ സാഹിത്യ സമിതി കേരളം സംഘടിപ്പിച്ച ലോക മിനിക്കഥാ മത്സരത്തിലാണ് രാജൻ കിണറ്റിങ്കര പുരസ്കാരം പങ്കിട്ടത്. 775 പേർ മാറ്റുരച്ച മത്സരത്തിൽ കോഴിക്കോട് സ്വദേശിനി ബിൻസി ജയിംസിനൊപ്പമാണ് രാജൻ പുരസ്കാരത്തിന് അർഹനായത്.
സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാജൻ കിണറ്റിങ്കരയുടെ സർഗാത്മക യാത്രയ്ക്കുള്ള മറ്റൊരു അംഗീകാരം കൂടിയാണിത്. കവിതകളും ചെറുകഥകളും സാമൂഹിക ആക്ഷേപഹാസ്യങ്ങളും കാർട്ടൂണുകളും ടെലിവിഷൻ സീരിയലുകളും സോഷ്യൽ മീഡിയയിലെ ഇടപെടലുകളുമായി വൈവിധ്യമാർന്ന മേഖലകളിലാണ് രാജൻ തന്റെ രചനാലോകം വികസിപ്പിച്ചിരിക്കുന്നത്.
ലോക മിനിക്കഥാ പുരസ്കാരം പങ്കിട്ട് മുംബൈയുടെ സ്വന്തം എഴുത്തുകാരൻ; രാജൻ കിണറ്റിങ്കരയ്ക്ക് സാഹിത്യലോകത്തിന്റെ അംഗീകാരം
സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിതവും അനുഭവങ്ങളും കാലികമായ സാമൂഹിക പ്രശ്നങ്ങളും നർമ്മത്തിന്റെയും ചിന്തയുടെയും മേമ്പൊടിയോടെ അവതരിപ്പിക്കുന്നതാണ് രാജൻ രചനകളുടെ സവിശേഷത. വാക്കുകളിലൂടെ മാത്രമല്ല, വരകളിലൂടെയും ദൃശ്യാവിഷ്കാരങ്ങളിലൂടെയും സാമൂഹിക യാഥാർഥ്യങ്ങളെ അടയാളപ്പെടുത്താനുള്ള കഴിവും രാജനെ വേറിട്ടുനിർത്തുന്നു.
മുംബൈയുടെ തിരക്കേറിയ ജീവിതസാഹചര്യങ്ങൾക്കിടയിലും എഴുത്തിനും കലാപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്ന ഈ പാലക്കാട്ടുകാരൻ, പ്രവാസി മലയാളികളുടെ സാംസ്കാരിക-സാഹിത്യ ഇടങ്ങളിൽ സജീവ സാന്നിധ്യമാണ്. കവിതയിലും കഥയിലും ആക്ഷേപഹാസ്യത്തിലും ഒരുപോലെ താൽപര്യം പുലർത്തുന്ന രാജന്റെ സർഗാത്മക ഇടപെടലുകൾ മലയാളത്തിന്റെ സാഹിത്യ-സാംസ്കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകളാണ്.

മത്സരത്തിന്റെ ഭാഗമായി പ്രത്യേക ജൂറി പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റിഷാന മുനീർ (മലപ്പുറം), ഉണ്ണികൃഷ്ണൻ ഉള്ളന്നൂർ (പത്തനംതിട്ട), രജനി ടി.പി. (കോഴിക്കോട്), അഡ്വ. വീണ ആനന്ദി (എറണാകുളം), അശോകൻ മേയ്ക്കാട് (എറണാകുളം), കൃഷ്ണപ്രിയ പയ്യന്നൂർ (കണ്ണൂർ) എന്നിവരാണ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായത്.
സി. രാധാകൃഷ്ണൻ, കാനായി കുഞ്ഞിരാമൻ, സുകുമാരൻ പെരിയച്ചൂർ, ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി എന്നിവരടങ്ങിയ സമിതിയാണ് മത്സരത്തിലെ വിജയികളെ നിർണയിച്ചത്. ഡിസംബർ അവസാനവാരം പുരസ്കാരങ്ങൾ സമ്മാനിക്കും.
മുംബൈയിലെ മലയാളി സാഹിത്യപ്രതിഭയ്ക്ക് ദേശീയ-അന്തർദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം പ്രവാസി മലയാളി സമൂഹത്തിനും അഭിമാനനിമിഷമാണ്. സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ തുടർച്ചയായി നടത്തുന്ന സർഗാത്മക യാത്രയ്ക്ക് ലഭിച്ച ഈ പുരസ്കാരം രാജൻ കിണറ്റിങ്കരയുടെ രചനാലോകത്തിന് കൂടുതൽ ഊർജം പകരുമെന്നതിൽ സംശയമില്ല.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
