മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ നീക്കം; തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ സമാജം ഭാരവാഹികളുടെ യോഗം
നവി മുംബൈ: നോർക്ക കെയർ ഇൻഷുറൻസ് വാർഷിക പ്രീമിയം മൂന്നിരട്ടി വരെ വർധിപ്പിച്ച കേരള സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ നവി മുംബൈയിലെ മലയാളി സംഘടനകൾ ഒന്നിക്കുന്നു. ഇതിന്റെ ഭാഗമായി മലയാളി സമാജങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 7 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നെരൂൾ സമാജത്തിൽ വിപുലമായ ആലോചനാ യോഗം ചേരും.
നേരത്തെ കോപ്പർഖൈർണെയിലെ കൾച്ചറൽ സെന്ററിൽ നടന്ന പ്രാഥമിക ആലോചനാ യോഗത്തിൽ വിവിധ മലയാളി സമാജങ്ങളുടെയും സംഘടനകളുടെയും നിരവധി നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് പങ്കെടുക്കാൻ കഴിയാതിരുന്ന മറ്റു മലയാളി സമാജങ്ങളെയും സംഘടനകളെയും കൂടി പ്രതിഷേധത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ യോഗം വിളിച്ചുചേർക്കുന്നത്.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ വൻ വർധന പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണെന്നാണ് സംഘടനാ നേതാക്കളുടെ വിലയിരുത്തൽ. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇത്തരത്തിൽ വലിയ തോതിൽ പ്രീമിയം വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും വർധനവ് പിൻവലിക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.
വിഷയത്തിൽ കേരള മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കുന്നതിനായി വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രതിനിധി സംഘത്തിന് രൂപം നൽകുന്നതും യോഗത്തിന്റെ പ്രധാന അജണ്ടയാണ്. ഇതിനുപുറമെ, പ്രീമിയം വർധനവ് പിൻവലിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനുള്ള തുടർനടപടികളും പ്രതിഷേധ പരിപാടികളും യോഗം ചർച്ച ചെയ്ത് തീരുമാനിക്കും.
പ്രവാസി മലയാളികളുടെ പൊതുതാൽപര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംഘടനാ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ മലയാളി സമാജങ്ങളുടെയും അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനാണ് കോർഡിനേഷൻ കമ്മിറ്റിയുടെ ശ്രമം. ബന്ധപ്പെട്ട സമാജങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവിനെതിരായ പ്രതിഷേധം കൂടുതൽ വിപുലമായ ജനകീയ മുന്നേറ്റമാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിരിക്കും നെരൂളിൽ നടക്കുന്ന യോഗം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
