നാസിക്: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കഴിഞ്ഞ പത്തുവർഷമായി നാസിക്കിൽ കാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ, പ്രയാസം നേരിടുന്ന മലയാളി കുടുംബത്തിന് ദീപാവലി വേളയിൽ സഹായഹസ്തവുമായി എത്തി.
ത്രിമൂർത്തി ചൗക്കിന് സമീപം സിഡ്കോയിൽ താമസിക്കുന്ന ആർക്കിടെക്റ്റ് മോഹനൻ പ്രമേഹസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷൻ സഹായവുമായി എത്തിയത്.
മോഹനന് ആവശ്യമായ സ്റ്റീൽ കട്ടിൽ, ബെഡ്, ഗ്ലൂക്കോമീറ്റർ, ഇൻസുലിൻ ഉപയോഗത്തിനുള്ള കാർട്രിഡ്ജുകൾ എന്നിവയ്ക്കൊപ്പം സാമ്പത്തിക സഹായവും ഫൗണ്ടേഷൻ കൈമാറി. രോഗാവസ്ഥയെത്തുടർന്ന് പ്രയാസങ്ങൾ നേരിടുന്ന അദ്ദേഹത്തിനും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായി.
കഴിഞ്ഞ പത്തുവർഷമായി നാസിക്കിലെ നിർധനരും അർഹരുമായ നിരവധി മലയാളി കുടുംബങ്ങൾക്ക് തണൽ മൾട്ടിപർപ്പസ് ഫൗണ്ടേഷൻ വിവിധ കാരുണ്യപ്രവർത്തനങ്ങളിലൂടെ സഹായം എത്തിച്ചുവരുന്നു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി സേവനപ്രവർത്തനങ്ങൾ തുടരുന്നതാണ് സംഘടനയുടെ സവിശേഷത.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും വെളിച്ചം പകരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഫൗണ്ടേഷൻ പ്രവർത്തകർ. കാരുണ്യപ്രവർത്തനത്തിന് സാമ്പത്തികമായും മറ്റ് രീതികളിലും പിന്തുണ നൽകിയ എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.
സേവനവും സഹജീവിസ്നേഹവും മുൻനിർത്തിയുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
