നവംബർ 11-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ വമ്പിച്ച പ്രതിഷേധ ധർണ
നവി മുംബൈ, നവംബർ 3, 2026:
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കിയ നോർക കെയർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വൻ വർധന വരുത്തിയ സർക്കാർ നടപടിക്കെതിരെ മുംബൈയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
കേരളീയ കേന്ദ്ര സംഘടനയുടെ ആഭിമുഖ്യത്തിൽ നവംബർ മൂന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക് നെരുളിലെ IMEI ഹാളിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ, കെ കെ എസിൽ അഫിലിയേറ്റ് ചെയ്ത മലയാളി സമാജം പ്രവർത്തകരും, മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും സാമൂഹ്യ പ്രവർത്തകരും ആവേശത്തോടെ പങ്കെടുത്തു.

കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാത്യു തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ നിരവധി സംഘടനാ പ്രതിനിധികൾ പങ്കെടുത്ത് പ്രീമിയം വർധനവിനെതിരെയുള്ള പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.
യോഗത്തിൽ പ്രദീപ് കുമാർ, എം ജി അരുൺ, പവിത്രൻ കണ്ണോത്ത്, വി കെ എൻ നായർ, എൻ കെ ഭൂപേഷ് ബാബു, അനിൽ പ്രകാശ്, ആർ ഡി ഹരികുമാർ, രാജശ്രീ നായർ, ഗിരീഷ് കുമാർ, ഫ്രാൻസിസ്, സുരേന്ദ്ര ബാബു, കുഞ്ഞികൃഷ്ണൻ, ജയശ്രീ രാജേഷ്, ഹരി നമ്പ്യാത്ത്, ടി സുരേഷ്, രാജ, സേവ്യർ സൂരി, സി എൻ ബാലകൃഷ്ണൻ, ലളിതാ ശ്രീഭദ്രൻ, ഗിരിജാ ഉദയൻ, ഇന്ദിര, കെ ജി രാജൻ, മിനി അനിൽ പ്രകാശ്, ടി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

നോർക കെയർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സാധാരണക്കാരായ പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന പദ്ധതിയാണ്. എന്നാൽ പ്രീമിയത്തിൽ വരുത്തിയ വൻ വർധനവ് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും മുതിർന്ന പൗരന്മാർക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും പലർക്കും ഇൻഷ്വറൻസ് പരിരക്ഷ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
ഇൻഷ്വറൻസ് പദ്ധതിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുമ്പോഴും അതിന്റെ മുഴുവൻ ബാധ്യതയും പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രീമിയം വർധനവ് പുനഃപരിശോധിക്കണമെന്നും പഴയ പ്രീമിയം പുനസ്ഥാപിക്കണമെന്നും വർദ്ധിച്ച ബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് പ്രവാസികളുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സർക്കാർ സാമ്പത്തിക പിന്തുണ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൂടാതെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസവും കുടിശ്ശികയും പെൻഷനെ ആശ്രയിച്ച് ജീവിത ചെലവുകൾ ക്രമീകരിക്കുന്ന പ്രായമായവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ പ്രവാസികൾക്ക് അടിയന്തിരമായി വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
ചർച്ചകൾക്കൊടുവിൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും നോർക്ക റൂട്ട്സ് അധികൃതർക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും എംഎൽഎമാർക്കും സമർപ്പിക്കാനുള്ള പ്രതിഷേധ പ്രമേയം കേരളീയ കേന്ദ്ര സംഘടനയുടെ വൈസ് പ്രസിഡന്റ് സുരേന്ദ്ര ബാബു അവതരിപ്പിച്ചു. പ്രവാസികളുടെ ആശങ്കകളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന പ്രമേയം യോഗം ഐകകണ്ഠ്യേന പാസാക്കി.
നവംബർ 14-ന് കേരള ഹൗസിലെ നോർക്ക ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ
പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി നവംബർ 14-ന് മുംബൈ കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഓഫീസിനു മുന്നിൽ രാവിലെ പതിനൊന്നു മണിക്ക് വമ്പിച്ച പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മുംബൈയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ മലയാളി സംഘടനകളെയും നോർക കെയർ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗത്വമെടുത്ത പ്രവാസികളെയും പൊതുജനങ്ങളെയും അണിനിരത്തിക്കൊണ്ടായിരിക്കും ധർണ സംഘടിപ്പിക്കുക. ഇൻഷ്വറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കുക, പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക, പ്രവാസി ക്ഷേമ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമൂഹിക സുരക്ഷയും സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ജനാധിപത്യപരമായ പ്രതിഷേധം ശക്തമായി തുടരുമെന്നും, കേരളീയ കേന്ദ്ര സംഘടനാ നേതൃത്വം വ്യക്തമാക്കി. ഈ പ്രതിഷേധത്തിൽ എല്ലാ മലയാളികളും പങ്കെടുത്ത് വൻ വിജയമാക്കി മാറ്റണമെന്ന് കേരളീയ കേന്ദ്ര സംഘടനാ നേതൃത്വം മലയാളി സമൂഹത്തോട് അഭ്യർഥിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
