മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി നവി മുംബൈയിൽ കേരളപ്പിറവി സംഘടിപ്പിക്കുന്നു. ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് രാവിലെ 10 മണിക്ക് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും പ്രവാസി മലയാളികൾക്കിടയിൽ കൂടുതൽ പരിചയപ്പെടുത്തുകയും പുതുതലമുറയ്ക്ക് കേരളീയ കലാരൂപങ്ങളുടെ മഹത്വം പകർന്നുനൽകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കും പാരമ്പര്യ കലകൾക്കും പ്രാധാന്യം നൽകുന്ന ആഘോഷത്തിൽ വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും.
ഗാനരചയിതാവ് ഇ പി സജീവൻ ചടങ്ങ് ഉത്ഘാടനം ചെയ്യും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പി ആർ കൃഷ്ണൻ, സാഹിത്യ വിവർത്തക ലീലാ സർക്കാർ, നോവലിസ്റ്റ് ബാലകൃഷ്ണൻ, സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ എം കെ നവാസ് എന്നിവരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.
മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും ആഘോഷം വേദിയാകും.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിന്റെ കലാപാരമ്പര്യവും സാംസ്കാരിക ചൈതന്യവും ഒരുമിച്ച് അനുഭവിച്ചറിയാൻ മലയാളി സമൂഹത്തിന് അവസരമൊരുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
