അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം വർണാഭമായി
മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ സെപ്റ്റംബർ 27-ന് അന്ധേരിയിലെ കനോസ കോൺവെന്റ് ഓഡിറ്റോറിയത്തിൽ നടന്നു. വാദ്യമേളങ്ങളുടെയും പരമ്പരാഗത കലാപരിപാടികളുടെയും അകമ്പടിയോടെ നടന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും മലയാളി സമൂഹാംഗങ്ങളും പങ്കെടുത്തു.
പരമ്പരാഗത വേഷമണിഞ്ഞ പെൺകുട്ടികൾ താലപ്പൊലിയേന്തി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി തമ്പുരാനൊപ്പം വിശിഷ്ടാതിഥികളെ സ്വീകരിച്ചു. സമാജം ചെയർമാൻ കെ. രവീന്ദൻ, പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു, മുഖ്യാതിഥി പ്രൊഫ. വി. മധുസൂദനൻ നായർ, എം.എൽ.എ. ബാലാ നാർ, ഡോ. എ.പി. ജയരാമൻ, സഖാവ് പി.ആർ. കൃഷ്ണൻ, ട്രഷറർ കെ.പി. മുകുന്ദൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി സുരേന്ദ്ര ബാബു അതിഥികളെ സ്വാഗതം ചെയ്തു.

സാംസ്കാരിക സമ്മേളനത്തിൽ എം.എൽ.എ. ബാലാ നാർ, സാഹിത്യകാരൻ സി.പി. കൃഷ്ണകുമാർ, തൊഴിലാളി നേതാവ് പി.ആർ. കൃഷ്ണൻ, ശാസ്ത്രഗവേഷകനും വാഗ്മിയുമായ ഡോ. എ.പി. ജയരാമൻ എന്നിവർ ആശംസകൾ നേർന്നു.
മുഖ്യാതിഥിയായ പ്രശസ്ത കവിയും അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. വി. മധുസൂദനൻ നായർ തന്റെ പ്രസംഗത്തിൽ ഓണത്തിന്റെ സാംസ്കാരികവും മാനുഷികവുമായ പ്രാധാന്യം വിശദീകരിച്ചു. “ജീവിതത്തിന്റെ സഹജമായ വീക്ഷണത്തിൽനിന്നും പ്രപഞ്ചനിരീക്ഷണത്തിലൂടെ ഉരുത്തിരിയുന്ന ജ്ഞാനത്തിന്റെ പൂക്കളമാണ് ഓണം. തനതായ ഓർമകളുടെ സുഗന്ധവും ഗൃഹാതുരത്വവും സമത്വഭാവനയും നിറഞ്ഞ ആഘോഷമാണത്” എന്ന് അദ്ദേഹം പറഞ്ഞു. മലയാള കവിതയെ ജനകീയമാക്കുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം, തന്റെ പ്രസിദ്ധമായ നാറാണത്തുഭ്രാന്തൻ, ഇരുളിൽ മഹാനിദ്രയിൽ തുടങ്ങിയ കവിതകൾ താളാത്മകമായി ആലപിച്ച് സദസ്സിന്റെ കൈയടി നേടി.

സമാജം ഭരണസമിതി അംഗവും ശ്രുതിലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിന്റെ ഡയറക്ടറുമായ അമുത നമ്പ്യാർ ചിട്ടപ്പെടുത്തിയ നൃത്തപരിപാടികൾ ആഘോഷത്തിന് കലാവിരുന്നായി. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ വിജയി പ്രീതി വാര്യർ, ഫ്ലവേഴ്സ് ടോപ് സിംഗർ വിജയി ശിവശങ്കർ കൃഷ്ണൻ എന്നിവർക്കൊപ്പം അശ്വിൻ നമ്പ്യാർ, അമൃത നായർ, ശൈലേഷ് പ്രമോദ് തുടങ്ങിയ ഗായകർ അണിനിരന്ന രാഗലയയുടെ സംഗീതവിരുന്നും അരങ്ങേറി. പരമ്പരാഗത ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി.
പൂക്കളമത്സര വിജയികൾ, ലക്കി ഡ്രോ വിജയികൾ, അന്ധേരി മെട്രോ സ്റ്റേഷനിൽ തുടർച്ചയായി മൂന്നു ദിവസം പൂക്കളമൊരുക്കിയ ശിൽപികൾ, നൃത്ത-സംഗീത പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് ഉപഹാരങ്ങളും മെമന്റോകളും സമ്മാനിച്ചു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സമാജം ട്രഷറർ കെ.പി. മുകുന്ദൻ നന്ദി രേഖപ്പെടുത്തി. മാവേലിക്കര ശ്രീകുമാർ പരിപാടികളുടെ ഏകോപനം നിർവഹിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
