മുംബൈ: കല്യാണിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദിനേശ് പി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള സർവോദയ ബിൽഡിങ്ങിലായിരുന്നു ദിനേശ് പി. നായർ താമസിച്ചിരുന്നത്. കല്യാൺ വെസ്റ്റ് ഖഡക്പാടയിലെ സായി ചൗക്കിയിലുള്ള മഹാനഗർ ഗ്യാസ് ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്
ഫ്ലാറ്റിന് സമീപം താമസിക്കുന്നവരാണ് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മഹാനഗർ ഗ്യാസ് ഓഫീസുമായി ബന്ധപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിനുള്ളിൽ ദിനേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് ദിവസങ്ങൾക്കുശേഷമാണ് സംഭവം പുറത്തറിയുന്നത്.
മഹാനഗർ ഗ്യാസ് നിഗം ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ദിനേശ് പി. നായർ കോട്ടയം ജില്ലയിലെ കടുത്തുരുത്തി കല്ലറ, കപിക്കാട്ട്, കിഴക്കേ പനങ്ങാട്ട് സ്വദേശിയാണ്. കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും പരേതനായ ജി. പരമേശ്വരൻ നായരുടെയും മകനാണ്.
ഭാര്യ രശ്മി കോട്ടയം ലുർദ്ദ് പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. മകൾ ലക്ഷ്മി പ്രിയ പത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിൽ ബി.ടെക് വിദ്യാർഥിനിയാണ്.
Also Read ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം; കല്യാണിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പെട്ട ജീവിതം ഉയർത്തുന്ന ചോദ്യം
മുംബൈ പോലുള്ള നഗരങ്ങളിൽ ജോലി ആവശ്യങ്ങൾക്കായി കുടുംബത്തിൽ നിന്ന് അകന്ന് താമസിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ദിനേശ് പി. നായരുടെ മരണം വീണ്ടും ശ്രദ്ധേയമാകുന്നത്. അയൽവാസികളുമായുള്ള ബന്ധവും പരസ്പരമുള്ള കരുതലും അടിയന്തര സാഹചര്യങ്ങളിൽ എത്രത്തോളം പ്രധാനമാണെന്ന ചോദ്യവും സംഭവം ഉയർത്തുന്നു.
പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ക്ഷേമം ഇടയ്ക്കിടെ അന്വേഷിക്കുകയും അസ്വാഭാവികമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെട്ട സ്ഥാപനങ്ങളെയോ ഉടൻ അറിയിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ഓർമ്മിപ്പിക്കുന്നത്.
ദിനേശ് പി. നായരുടെ സംസ്കാരച്ചടങ്ങുകൾ ഒക്ടോബർ 6 ചൊവ്വാഴ്ച രാവിലെ 9.30ന് സ്വദേശമായ കല്ലറയിലെ വീട്ടുവളപ്പിൽ നടന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
