കേരളം തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞ് കൊടിക്കുറ താഴെയിറക്കും മുന്നെയാണ് ഞാൻ കണ്ണനെ കാണാൻ വീണ്ടും ഗുരുവായൂരിലെത്തിയത്. നിശ്ശബ്ദമായ രാത്രിയുടെ ഓരം ചേർന്ന് വൈകുണ്ഠപുരി ലക്ഷ്യമാക്കി നടക്കുമ്പോൾ ചില രാക്കിളികൾ മാത്രം എനിക്ക് വഴികാട്ടിയായ് ആകാശത്ത് പറക്കുന്നുണ്ടായിരുന്നു. മണ്ഡലകാലവും മനുഷ്യർക്ക് കഷ്ടകാലവും ഒന്നിച്ച് വന്നത് കൊണ്ടാകും രാത്രി നടയടച്ചിട്ടും ക്ഷേത്ര പരിസരത്ത് വിരിവച്ച് മൂടിപ്പുതച്ച് ഉറങ്ങുന്ന ഭക്തജനങ്ങൾ . രാവിലത്തെ നിർമ്മാല്യവും വാകച്ചാർത്തും തൊഴാമെന്ന പ്രതീക്ഷയിൽ ഇടക്കിടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് സമയം നോക്കുന്നു ചിലർ . പുതപ്പ് മാറ്റി സമയം നോക്കുമ്പോൾ ചുളുവിൽ പുതപ്പിനുള്ളിൽ കടന്ന് കൂടിയ കൊതുകിനെ തല്ലിക്കൊല്ലാൻ ശ്രമിച്ച് വീണ്ടും കിടന്നുറങ്ങുന്നു.
കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ എന്ന് മനസ്സിലുരുവിട്ട് കിഴക്കേ ഗോപുര നടയിലെ കരിങ്കൽ പാതയിൽ ക്ഷീണിതനായി ഇരിക്കുമ്പോൾ പ്രണയത്തിൻ്റെ, സഹനത്തിൻ്റെ, കരുതലിൻ്റെ, വേണു നാദം അകലെ നിന്നും കേൾക്കുമാറായി , ആ ശബ്ദം അടുത്തടുത്ത് വരുമ്പോൾ ഞാൻ കണ്ണനെയും കണ്ണൻ എന്നെയും തിരിച്ചറിഞ്ഞു.
എന്താ ഇന്നും ചോദ്യങ്ങൾ ചോദിക്കാനാണോ നിൻ്റെ വരവ് ? കണ്ണൻ പതിവ് കുസൃതിച്ചിരിയോടെ എന്നോട് ചോദിച്ചു.
എത്ര ഉത്തരങ്ങൾ കിട്ടിയാലും മനുഷ്യ മനസ്സിൽ ചോദ്യങ്ങൾ അവസാനിക്കുമോ കണ്ണാ, ഞാൻ ഒരു മറുചോദ്യം ചോദിച്ചു.
ഒരിക്കലും തീരാത്ത ചോദ്യങ്ങളാണ് മനുഷ്യ മനസ്സിലെ അസ്വസ്ഥതകൾക്ക് കാരണം, കണ്ണൻ പറഞ്ഞു. ചോദ്യങ്ങൾക്ക് ഓരോ മനസ്സും തേടുന്നത് ശരിയായ ഉത്തരമല്ല, സ്വയം തൃപ്തിപ്പെടുത്താനുള്ള ഉത്തരങ്ങളാണ്, കണ്ണൻ തുടർന്നു.
ഇന്ന് പതിവില്ലാതെ പാതിരാത്രിയിലും പുറത്ത് തിരക്ക് കൂടുതലാണല്ലോ, ഞാൻ വിഷയം മാറ്റാൻ പറഞ്ഞു
തെരഞ്ഞെടുപ്പല്ലേ , ജയിച്ചവർ നന്ദി അറിയിക്കാനും തോറ്റവർ പരാതി പറയാനും വന്നതാണ്. കണ്ണൻ പറഞ്ഞു.
തോറ്റവർക്ക് എന്തിനാണ് പരാതി ? ഞാൻ ചോദിച്ചു.
വഴിപാടൊക്കെ വാങ്ങി നൈസായി ഞാൻ പറ്റിച്ചു എന്നാ തോറ്റവർ ചിലർ പറയുന്നത്. കണ്ണൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഇത് വേറെയാരോ പറഞ്ഞു കേട്ടതായി എനിക്കോർമ്മ വന്നു.
ഇവിടെ ഇപ്പോൾ തന്നെ ഒരുപാട് ക്യൂ ഉണ്ട്, നെയ് വിളക്ക് കഴിക്കുന്നവർക്ക്, വൃദ്ധൻമാർക്ക്, നാട്ടുകാർക്ക്, സ്ത്രീകൾക്ക് അത് കൂടാതെ ഭഗവാൻ്റെ ചാർച്ചക്കാർക്ക് വേറൊരു വഴി. ഇനി നന്ദി പറയാൻ വരുന്നവർക്കും പരാതിക്കാർക്കും കൂടി വെവ്വേറെ വരികൾ വേണ്ടി വരുമോ?
എൻ്റെ ചർച്ചക്കാരോ? ഭഗവാൻ ടി.വി ചാനലുകാരെപ്പോലെ എൻ്റെ വാക്കിൽ കയറി പിടിച്ചു.
വരിയിൽ നിൽക്കാതെ നേരിട്ട് നടയിൽക്കൂടെ അകത്ത് കടക്കുന്നവരില്ലേ , അവരുടെയൊക്കെ വിചാരം അവർ ഭഗവാൻ്റെ സ്വന്തം ആൾക്കാരാണെന്നാ. ഞാൻ പറഞ്ഞു.
അവർ എൻ്റെയല്ല, അമ്പലത്തിലെ ജീവനക്കാരുടെ സ്വന്തം ആയതു കൊണ്ടാ. കണ്ണൻ വീണ്ടും ചിരിച്ചു.
അതല്ല, ഈ ലോകത്ത് അശാന്തി ഇങ്ങനെ വർദ്ധിക്കാൻ കാരണമെന്താ? യുദ്ധം, വില വർദ്ധന, പീഡനം, കൊലപാതകം, റോഡപകടം എന്ന് വേണ്ട പണ്ട് മനുഷ്യരെ പേടിയായിരുന്ന തെരുവുനായ്ക്കളെ വരെ മനുഷ്യർക്ക് ഇപ്പോൾ പേടിയായിരിക്കുന്നു. ഞാൻ പറഞ്ഞു.
സുഖങ്ങൾ കാംക്ഷിക്കുമ്പോഴാണ് ദുഃഖങ്ങൾ ഉണ്ടാകുന്നത്, എൻ്റെ വലിയ ചോദ്യത്തിന് ഒബ്ജക്റ്റീവ് ടൈപ്പിൽ ഉത്തരം പറഞ്ഞ് ഭഗവാൻ നിർത്തി
ഇതെന്താ തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി സെക്രട്ടറി മറുപടി പറയുംപോലെ അവിടെയും ഇവിടെയും തൊടാതൊരു മറുപടി .
സുഖങ്ങൾ ഒക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിലും എനിക്ക് ഇവിടെ വന്നാൽ വലിയ ശാന്തിയാണ്, ഞാൻ പറഞ്ഞു.
ശാന്തി, സുഖം എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമാണ്, ഇവിടെ വന്നാൽ ശാന്തി കിട്ടും എന്ന് വിശ്വാസമുള്ളവർക്കേ ശാന്തിയും സമാധാനവും കിട്ടൂ. ഭഗവാൻ പറഞ്ഞു.
എന്നാൽ പിന്നെ ശാശ്വത ശാന്തിക്ക് ഞാൻ ഇവിടെ ഭഗവാൻ്റെ അടുത്ത് സ്ഥിരമായി കൂടിയാലോ ? ഞാൻ ചോദിച്ചു.
പുഴയിൽ മുങ്ങി കുളിച്ചാൽ നല്ല സുഖം കിട്ടും എന്ന് കരുതി പുഴയിൽ തന്നെ കിടക്കാൻ പറ്റോ. നമ്മുടെ കർമ്മങ്ങൾ, ഉത്തരവാദിത്വങ്ങൾ, സ്നേഹം, കരുണ, സൽചിന്തകൾ ഇതിലപ്പുറം ഒരു ഭക്തിയുമില്ല, ഭഗവാൻ പറഞ്ഞു.
എന്നെ കാണാൻ കണ്ണുകൾ മിഴിച്ചിരിക്കേണ്ട ആവശ്യമില്ല, അടഞ്ഞ കണ്ണിലൂടെയും എന്നെക്കാണാം. പുലരാറായി , ഞാനെൻ്റെ കർമ്മത്തിലേക്കും നിനക്ക് നിൻ്റെ കർമ്മത്തിലേക്കും മടങ്ങാൻ സമയമായി.
ഇത്രയും പറഞ്ഞ് നുണക്കുഴികളിൽ ഒളിപ്പിച്ച ഒരു ചെറു പുഞ്ചിരിയോടെ കാൽത്തളകൾ കിലുക്കി കണ്ണൻ എവിടേയോ മറഞ്ഞു. അവശേഷിക്കാത്ത ചോദ്യങ്ങളുമായി തിരുനടയിൽ ഞാനും.

- രാജൻ കിണറ്റിങ്കര
