ദേശീയ അവാര്‍ഡുകളില്‍ പൃഥ്വിരാജിനെ അവഗണിച്ചതിനെതിരെ വലിയ ചർച്ചകൾ കൊഴുക്കുമ്പോഴാണ് നടന്റെ പ്രകടനത്തെ വിലയിരുത്തി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗോവാരിക്കര്‍ രംഗത്തെത്തിയത്. അഭിനയം ‘ആധികാരികമല്ല’ എന്നായിരുന്നു ജൂറി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗോവാരിക്കര്‍ പ്രതികരിച്ചത്.
അതെ സമയം ‘ദി കേരള സ്റ്റോറി’ ഒരു പ്രധാന സാമൂഹിക വിഷയത്തെ അഭിസംബോധന ചെയ്തതിനാലാണ് പ്രസക്തമെന്ന് പാനല്‍ വിലയിരുത്തിയതെന്ന് ദേശീയ അവാര്‍ഡ് ജൂറി അംഗം പ്രദീപ് നായര്‍ വെളിപ്പെടുത്തി.
ചിത്രത്തിന് അനുയോജ്യമായ രംഗങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിലും അവലംബിക്കുന്നതിലും വൈദഗ്ധ്യം കുറവാണെന്ന് കരുതിയതിനാലാണ് ‘ആടുജീവിതം’ വിജയിക്കാതിരുന്നതെന്നും ജൂറി ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗോവാരിക്കര്‍ കൂട്ടിച്ചേര്‍ത്തു.
71 -ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. മികച്ച സംവിധായകനും മികച്ച ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരങ്ങൾ നേടിയ ‘ദി കേരള സ്റ്റോറി’യാണ് വിവാദത്തിന്റെ കാതൽ.
അതെ സമയം അശുതോഷ് ഗോവാരിക്കറുടെ ‘ഇരട്ടത്താപ്പിനെ സംവിധായകൻ ബ്ലെസി വിമർശിച്ചു. ആടുജീവിതത്തെ അശുതോഷ് മുമ്പ് പ്രശംസിച്ചിരുന്നുവെന്നും, ഇപ്പോൾ പോരായ്മകളുണ്ടെന്ന് അവകാശപ്പെടുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും ബ്ലെസി വെളിപ്പെടുത്തി. ഓസ്‌കാർ പ്രചാരണ വേളയിൽ മുംബൈയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ അശുതോഷ് ചിത്രം മികച്ചതെന്ന രീതിയിൽ സംസാരിച്ചിരുന്നുവെന്നും ബ്ലെസ്സി പറഞ്ഞു.
ആടുജീവിതം എന്ന ചിത്രത്തെ ദേശീയ പുരസ്കാര ജൂറിക്ക് എങ്ങനെ അവഗണിക്കാനായി എന്നാണ് നടി ഉർവശി ചോദിച്ചത്. നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ ഹൃദയഭേദകമായ സഹനവും കാണിക്കാൻ സമയവും പ്രയത്‌നവും നൽകി ശാരീരികമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. അവഗണന നേരിട്ടത് ‘എമ്പുരാൻ’ കാരണമാണ് ഇതെന്ന് നമുക്കെല്ലാവർക്കും അറിയാം. അവാർഡുകളിൽ രാഷ്ട്രീയം കലർത്തരുതെന്നും ഉർവശി പറഞ്ഞു.

