മഹാരാഷ്ട്രയിൽ പൂനെയിലെ ഓക്‌സ്‌ഫോർഡ് ഗോൾഫ് കോഴ്‌സ് ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. മുംബൈയിലെ ജുഹുവിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം സംഭവിച്ചത് . അപകടത്തിന് ശേഷം ഹെലികോപ്റ്ററിന് തീപിടിച്ചതായി പോലീസ് പറഞ്ഞു. തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ രണ്ട് പൈലറ്റുമാരും ഒരു എയർക്രാഫ്റ്റ് എഞ്ചിനീയറും ഉൾപ്പടെ മൂന്ന് പേരാണ് പൂനെ ബവ്‌ധാനിൽ നടന്ന അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ മലയാളി പൈലറ്റ് ആണ്. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത് രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. ബവ്‌ധാനിലെ കുന്നിൻ പ്രദേശത്തിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തിയമർന്ന നിലയിലാണ്.
മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ് ഉള്ളത്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.