മുംബൈയിൽ താനെ സ്മാർട്ട് സിറ്റി നിവാസികൾ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല. മാലിന്യം കുമിഞ്ഞു കൂടുന്നതിന് പരിഹാരം തേടി ബന്ധപ്പെട്ട ഓഫീസുകളിൽ കയറി ഇറങ്ങിയെങ്കിലും നിരാശയാണ് ഫലം
പ്രധാന റോഡുകളിലും താമസസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുന്നത് തുടരുകയാണ്. ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിരുന്നിട്ടും, മാലിന്യ ശേഖരണ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുന്നത് വലിയ നിരാശയ്ക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കുമാണ് കാരണമായിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നഗരത്തിലെ മാലിന്യ ശേഖരണം ക്രമരഹിതമായിരുന്നു, ഇതിന്റെ ഫലമായി ഘോഡ്ബന്ദർ റോഡ്, എംകെ കോളേജ് റോഡ്, മനീഷ നഗർ, വാഗലെ എസ്റ്റേറ്റ്, പ്രാദേശിക മാർക്കറ്റുകൾ എന്നിവിടങ്ങളിലെ ഹൗസിംഗ് സൊസൈറ്റികൾ പോലുള്ള വിവിധ പ്രദേശങ്ങളിലെല്ലാം മാലിന്യ കൂമ്പാരങ്ങളാണ് കാണാനാകുന്നത്. ദുർഗന്ധം, വൃത്തിഹീനമായ സാഹചര്യങ്ങൾ, രോഗ സാധ്യത എന്നിവയാണ് താമസക്കാരുടെ ആശങ്കയും ബുദ്ധിമുട്ടും. ഇതോടെ കടകളിലും ബിസിനസ് സ്ഥാപനങ്ങളിലും തിരക്ക് കുറയാൻ തുടങ്ങി. ശേഖരിക്കാത്ത മാലിന്യങ്ങൾ കീടബാധയ്ക്കും നടപ്പാതകൾ തടസ്സപ്പെടുന്നതിനും കാരണമായി. കാറുകൾ പാതയോരത്ത് പാർക്ക് ചെയ്യുന്നത് തടയാനുള്ള നഗരസഭയുടെ പുതിയ ആശയമാണിതെന്നാണ് സമൂഹ മാധ്യങ്ങളിലെ ട്രോളുകൾ.
താനെയിൽ പ്രതിദിനം 1,000 ടണ്ണിലധികം മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പ്രാഥമികമായി സിപി തലാവോ മാലിന്യ കൈമാറ്റ സ്റ്റേഷനിലേക്ക് പ്രാഥമിക സംസ്കരണത്തിനായി അയയ്ക്കുകയാണ് പതിവ്. ഭിവണ്ടിയിലെ അറ്റ്കോളി ലാൻഡ്‌ഫില്ലിൽ സംസ്കരിക്കുകയും ചെയ്യുന്നു. ദിയാഘറിലെയും ഗൈമുഖിലെയും നിലവിലുള്ള ലാൻഡ്‌ഫില്ലുകൾ ഇതിനകം അപര്യാപ്തമാണ്, കൂടാതെ ഭിവണ്ടിയിൽ 35 ഏക്കർ വിസ്തൃതിയുള്ള പുതിയ ലാൻഡ്‌ഫിൽ ടെൻഡർ പ്രശ്‌നങ്ങളും വൈകാൻ കാരണമായി. താനെയിലെ സാമൂഹിക പ്രവർത്തകരായ ശശികുമാർ നായർ തുടങ്ങി നിരവധി പേർ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും അധികൃതർ ശ്വാശ്വത പരിഹാരം തേടിയിട്ടില്ല.